20 വർഷത്തിനുള്ളിൽ ഇപ്പോഴുള്ള വിലയുടെ 40 മടങ്ങാകുന്ന ലോഹം; അമൂല്യമായ ധാതു നിക്ഷേപമുള്ള രാജ്യം, കണ്ണുവച്ചു ചൈന
Mail This Article
അമു ധാര്യ, കാബൂൾ, ഹെൽമന്ദ്, ഹരിരുദ് നദികൾ നനയ്ക്കുന്ന നാടാണെങ്കിലും ഊഷരഭൂമിയാണ് അഫ്ഗാൻ. മലനിരകളും വരണ്ട സമതലങ്ങളുമുള്ള രാജ്യം. എന്നാൽ ഈ പരുക്കൻ പ്രകൃതിയിൽ ഭൂമി കാത്തുവച്ചിരിക്കുന്നത് അമൂല്യമായ ധാതു നിക്ഷേപമാണ്. ചെമ്പും ഇരുമ്പയിരും ലാപിസ് ലസൂലിയും അപൂർവലോഹങ്ങളുമടങ്ങിയ വമ്പൻ നിക്ഷേപം. ഒരു ട്രില്യൻ യുഎസ് ഡോളറിന്റെ മൂല്യമുണ്ട് ഈ നിക്ഷേപത്തിനെന്ന് കരുതപ്പെടുന്നു. ലോകത്തിലെ ഏറ്റവും ധനികനായ ജെഫ് ബെസോസിന്റെ സമ്പത്തിന്‌റെ അഞ്ചിരട്ടി മൂല്യം.
ഇത്രയേറെ മൂല്യമുള്ള നിക്ഷേപമാണെങ്കിലും ഇതിന്റെ ഖനനത്തിന് ഇതുവരെ രാജ്യങ്ങളോ കമ്പനികളോ അഫ്ഗാനുമായി കരാറിലേർപ്പെട്ടിട്ടില്ല. എന്നാൽ ചൈനയ്ക്ക് ഇതിന് താൽപര്യമുണ്ടെന്ന് അറിയിച്ചതായി രാജ്യത്തെ മൈൻസ്, പെട്രോളിയം മന്ത്രാലയം വക്താവ് കഴിഞ്ഞദിവസം സൂചന നൽകിയിരുന്നു.ലോകത്തെ ഏറ്റവും വലിയ ലിഥിയം ഉത്പാദകരാണ് ചൈന.2010ൽ യുഎസ് അധികൃതർ ഒരു കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ അഫ്ഗാനിസ്ഥാനെ വിശേഷിപ്പിച്ചത് ഭാവിയുടെ ഗൾഫ് എന്നാണ്.
രജതവർണമുള്ള ലിഥിയം ലോഹത്തിന്‌റെ ആവശ്യം ഓരോ ദിവസവും ലോകത്ത് കൂടിക്കൊണ്ടിരിക്കുകയാണ്. ലോകമെമ്പാടും ഇന്ന് അരങ്ങേറുന്ന ബാറ്ററി വിപ്ലവത്തിൽ ലിഥിയത്തിന്‌റെ സ്ഥാനം വളരെ വലുതാണ്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ മുതൽ ഇലക്ട്രിക് വാഹനങ്ങൾ വരെ ഉപയോഗിക്കുന്ന ബാറ്ററികൾക്ക് ഭാവിയിൽ വൻ തോതിൽ ലിഥിയം വേണ്ടി വരും. ഇപ്പോഴുള്ള വിലയുടെ 40 മടങ്ങാകും 20 വർഷത്തിനുള്ളിൽ ലിഥിയത്തിന്‌റെ വിലയെന്നു കണക്കാക്കപ്പെടുന്നു. ഇതു കൂടാതെ അപൂർവ ലോഹമായ നിയോബിയവും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഭാവി സാങ്കേതികവിദ്യകൾക്ക് ആവശ്യമായ ധാതുനിക്ഷേപങ്ങൾ കുന്നുകൂടി കിടക്കുന്നതിനാൽ ഖനനമേഖലയിൽ അഫ്ഗാൻ ഒരു തിളങ്ങും താരമാണ്.
2010ലാണ് യുഎസ് അഫ്ഗാനിസ്ഥാനിൽ വൻതോതിൽ ലിഥിയം നിക്ഷേപം കണ്ടെത്തിയത്. അമു ധാര്യ നദിയുടെയും ഹെൽമന്ദ് നദിയുടെയും താഴ്‌വരകളിൽ, എത്തിപ്പെടാൻ പാടുള്ള മേഖലകളിലായിരുന്നു ഇത്. പിന്നീട് പത്തു വർഷം പിന്നിട്ടെങ്കിലും തുടരുന്ന സംഘർഷങ്ങളും കെടുകാര്യസ്ഥതയും മൂലം ഖനനത്തിൽ യാതൊരു പുരോഗതിയുമുണ്ടായില്ല. നേരത്തെ അമേരിക്കൻ ഖനന കമ്പനികൾക്ക് വ്യക്തമായ മുൻതൂക്കം ഇക്കാര്യത്തിലുണ്ടായിരുന്നു. അമേരിക്കൻ സാന്നിധ്യം അഫ്ഗാനിലുണ്ടായിരുന്നതിനാൽ അവർക്ക് ഖനനപ്രക്രിയകൾക്ക് തുടക്കം കുറിക്കാനും എളുപ്പമായിരുന്നു.
ഈ ലിഥിയം നിക്ഷേപം എന്തു ചെയ്യും?
ഖനനത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ അഫ്ഗാനിൽ കുറവാണ്. ഖനന മേഖലകളിലേക്ക് നല്ല റോഡുകളും റെയിൽവേ ലൈനുകളുമൊക്കെ കുറവ്.2007ൽ ചൈന അഫ്ഗാനിൽ തുടങ്ങിയ ചെമ്പുഖനി അടിസ്ഥാനസൗകര്യങ്ങളുടെ പരിമിതികളാൽ വൻ പരാജയമായിത്തീർന്നിരുന്നു. അഫ്ഗാനിസ്ഥാനെക്കുറിച്ച് ഉയരുന്ന ഈ അഭ്യൂഹം പരിസ്ഥിതി വിദഗ്ധരെയും ആശങ്കപ്പെടുത്തുന്നുണ്ട്. കുറഞ്ഞ സമയത്തിൽ വൻതോതിൽ ഖനനം വന്നാൽ, ജലദൗർലഭ്യം, വായുമലിനീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവയ്്കു വഴിവയ്ക്കുമെന്നും പാരിസ്ഥിതികമായി ദുർബലമായ അഫ്ഗാനിസ്ഥാനെ അതു പ്രതിസന്ധിയിലാക്കുമെന്നുമാണ് അവരുടെ വാദം.