കിർഗിസ്ഥാനിൽ മാംസാഹാരിയായ വമ്പൻ ദിനോസറിന്റെ ഫോസിൽ കണ്ടെത്തി
Mail This Article
ഏഷ്യൻ രാജ്യമായ കിർഗിസ്ഥാനിൽ ആദ്യമായി വലിയ മാംസാഹാരിയായ ദിനോസർ ഫോസിൽ കണ്ടെത്തി. ജുറാസിക് പാർക് സിനിമകളിലൂടെ പ്രശസ്തമായ ടൈറനോസറസ് റെക്‌സ് ദിനോസറുകളുമായി ബന്ധമുള്ള വമ്പൻ ദിനോസറുകളുടെ ഫോസിലുകളാണ് ഗവേഷകർ കണ്ടെത്തിയത്.ഇതിൽ കണ്ടെത്തിയവയിൽ ഏറ്റവും വലിയ ദിനോസറിന്‌റെ നീളം 26 അടിയാണ്. 1250 കിലോഗ്രാമാണ് ഇതിന്‌റെ ഭാരം.
അൽപ്കാരകുഷ് കിർഗിക്കസ് എന്നാണ് ഈ ദിനോസറിന് പേര് നൽകിയിരിക്കുന്നത്.കിർഗിസ് ഐതിഹ്യത്തിലുള്ള വമ്പൻ പക്ഷിയായ അൽപ്കാരകുഷിൽ നിന്നാണ് ഈ പേര് നൽകിയിരിക്കുന്നത്.
കാർനോസോർസ് എന്നു പേരുള്ള മാംസാഹാരിയായ ദിനോസർ ഇനത്തിൽ പെട്ടതാണ് ഈ ജീവി. ഇതിലേക്ക് ടൈറനോസറസ് റെക്‌സ് ദിനോസറുകളും പിൽക്കാലത്ത് ഉൾപ്പെട്ടു. ഈ ദിനോസർ കുടുംബമാണ് പിൽക്കാലത്ത് പക്ഷികളുടെ പിറവിക്ക് കാരണമായത്.
മെട്രിയകാൻതോസോറിഡേ എന്ന ജന്തുകുടുംബത്തിലാണ് ഈ ദിനോസറുകളെ ശാസ്ത്രജ്ഞർ ഉൾപ്പെടുത്തിയിരിക്കുന്നത്. ജുറാസിക് കാലഘട്ടത്തിൽ ഏഷ്യയിലും യൂറോപ്പിലുമായാണ് ഈ ദിനോസറുകൾ ജീവിച്ചിരുന്നത്.ജുറാസിക് തെറോപോഡ് ഇനത്തിൽ മധ്യേഷ്യയിൽ കണ്ടെത്തപ്പെട്ട ആദ്യ ദിനോസറാണ് ഇത്, പടിഞ്ഞാറൻ കിർഗിസ്ഥാനിലെ ടാഷ്‌കുമിർ മേഖലയിലെ മലമ്പ്രദേശത്തുനിന്നാണ് ഈ ദിനോസറിന്റെ ഫോസിൽ കണ്ടെത്തിയത്.