ADVERTISEMENT

2019 നവംബറിലാണ് തെക്കന്‍ പെറുവിലെ കിലോമീറ്ററുകള്‍ വ്യാപിച്ചു കിടക്കുന്ന മരുപ്രദേശത്ത് ഗവേഷണം നടത്തിയ പുരാവസ്തു ഗവേഷകര്‍ ആ അസാധാരണ കാഴ്ചയുടെ ലോകത്തേക്കെത്തിയത്. ഭൂമിയിലുണ്ടാക്കിയ ജിയോഗ്ലിഫ് എന്നറിയപ്പെടുന്ന പ്രത്യേക അടയാളങ്ങളായിരുന്നു അത്. നാസ്‌ക ലൈന്‍സ് എന്നു പേരിട്ട അവ മൂന്നൂറിന് മുകളിലുണ്ടായിരുന്നു.മനുഷ്യര്‍, മൃഗങ്ങള്‍ എന്നിവയുടെ രൂപങ്ങള്‍ മാത്രമല്ല വിചിത്രങ്ങളായ പല ചിത്രങ്ങളും വലുപ്പത്തില്‍ ഒരു പ്രദേശത്താകെ വരച്ചിട്ട നിലയിലായിരുന്നു. ചിലതിന് 2500 വര്‍ഷം വരെ പഴക്കമുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു.

ഇപ്പോഴിതാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് മുൻപ് കണ്ടെത്തിയത് കൂടാതെ തത്തകൾ, പൂച്ചകൾ, കുരങ്ങുകൾ, കൊലയാളി തിമിംഗലങ്ങൾ, ശിരഛേദം ചെയ്ത തലകൾ എന്നിവയെ ചിത്രീകരിക്കുന്ന നൂറുകണക്കിന് പുതിയ ജിയോഗ്ലിഫുകൾ കണ്ടെത്തി. താഴ്ന്നു പറക്കുന്ന ഡ്രോണുകളുമായി ചേർന്നു എഐയും ഉപയോഗിച്ചതോടെ ജിയോഗ്ലിഫുകൾ കണ്ടെത്തിയ വേഗതയിലും നിരക്കിലും വിപ്ലവം സൃഷ്ടിച്ചതായി നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ (PNAS) പ്രൊസീഡിങ്സിൽ ഈ ആഴ്ച പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധം പറയുന്നു. ഇതുവരെ 430 നാസ്‌ക ജിയോഗ്ലിഫുകൾ കണ്ടെത്തുന്നതിന് ഏകദേശം ഒരു നൂറ്റാണ്ട് വേണ്ടിവന്നപ്പോൾ എഐ സംവിധാനത്തിന്റെ സഹായത്തോെട 6 മാസം കൊണ്ട് 303 പുതിയ എണ്ണം കണ്ടെത്തി. 

The-Nazca-Lines1
Image Credit: Shutterstock

ആകാശത്ത് ആര്‍ക്കുള്ള സൂചനയായാണ് ഈ ചിത്രങ്ങള്‍ വരച്ചത്?

ഗവേഷകരെ ഇന്നും കുഴക്കുന്ന വിഷയമാണിത്. ആകാശത്തു നിന്നു നോക്കിയാല്‍ മാത്രം കൃത്യമായ രൂപം മനസ്സിലാക്കാനാകുന്ന വിധത്തിലായിരുന്നു ഓരോ രൂപത്തിന്റെയും ചിത്രീകരണം. ഈ കണ്ടെത്തല്‍ നടത്തിയ ജപ്പാനില്‍നിന്നു പുരാവസ്തു ഗവേഷകര്‍ പല രൂപങ്ങളും തിരിച്ചറിഞ്ഞത് സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്താലായിരുന്നു. പെറുവിലെ നാസ്‌ക വിഭാഗക്കാരാണ് ഇതു വരച്ചതെന്നു തെളിഞ്ഞെങ്കിലും എന്തിനു വേണ്ടിയാണെന്നതിന് ഇന്നും ഉത്തരം കിട്ടിയിട്ടില്ല.

2014ല്‍ കണ്ടെത്തിയ പല ചിത്രങ്ങളും ബിസി 100ല്‍ തയാറാക്കിയതാണെന്നാണു ഗവേഷകര്‍ പറയുന്നത്. ബിസി 100 മുതല്‍ എഡി 800 വരെയായിരുന്നു നാസ്‌ക വിഭാഗക്കാര്‍ ജീവിച്ചിരുന്നത്. അവര്‍ ഈ ചിത്രങ്ങള്‍ വരച്ചതിലും ഒരു പ്രത്യേകതയുണ്ട്. പ്രദേശത്താകെ കറുത്തനിറത്തിലുള്ള പാറകളായിരുന്നു ഉണ്ടായിരുന്നത്. ഇവ മാറ്റിയതോടെ പാറയ്ക്കു താഴെയുള്ള വെള്ളമണല്‍ കാണാനാകും.

unexplained-mysteries-of-nazca-lines-in-peru
Image Credit: Shutterstock

രണ്ടു തലയുള്ള മനുഷ്യനും തീതുപ്പുന്ന വ്യാളിയുമെല്ലാം ഇത്തരത്തില്‍ ചിത്രങ്ങളായിരുന്നു. ഒരു വിഭാഗം ഗവേഷകര്‍ പറയുന്നത് ഇത് വാനനിരീക്ഷണത്തിന്റെ ഭാഗമായി നിര്‍മിച്ചതാകാമെന്നാണ്. എന്നാല്‍ മറുവിഭാഗത്തിന്റെ വാദം ഇത് ആചാരപരമായ ആവശ്യങ്ങള്‍ക്കു വേണ്ടിയാണെന്നും. ആകാശത്തുനിന്നു താഴേക്കു നോക്കുമ്പോള്‍ ദൈവങ്ങള്‍ ഈ ചിത്രങ്ങള്‍ കണ്ട് പ്രീതിപ്പെടുമെന്നായിരുന്നു വിശ്വാസമെന്നും അവര്‍ വാദിക്കുന്നു.

നിഗൂഢത നിറഞ്ഞ  പെറുവിലെ അജ്ഞാത അടയാളങ്ങള്‍

പല വലുപ്പത്തിലായിരുന്നു ഓരോ രൂപവും. ഏറ്റവും പഴക്കംചെന്ന രൂപങ്ങളെ ടൈപ് ബി എന്നാണു ഗവേഷകര്‍ വിളിച്ചത്. അവയുടെ പരമാവധി വലുപ്പം 165 അടിയായിരുന്നു. അല്‍പം കൂടി പഴക്കം കുറഞ്ഞ ടൈപ് എ ചിത്രങ്ങളായിരുന്നു ഭീമന്മാര്‍. കൂട്ടത്തില്‍ ഏറ്റവും വലുപ്പമുള്ള ചിത്രം 330 അടിയിലേറെയുണ്ടായിരുന്നു. ടൈപ് എയില്‍ കൂടുതലും മൃഗങ്ങളുടെ ചിത്രങ്ങളായിരുന്നു. ഇവ കണ്ടെത്തിയതിനു സമീപം പൊട്ടിത്തകര്‍ന്ന ഒട്ടേറെ മണ്‍പാത്രങ്ങളുമുണ്ടായിരുന്നു. ആചാരത്തിന്റെ ഭാഗമായി പൊട്ടിച്ചതാകാം അവയെന്നാണു കരുതുന്നത്. ടൈപ് ബി ചിത്രങ്ങളില്‍ ഏറെയും വഴികാട്ടികളെപ്പോലുള്ള അടയാളങ്ങളായിരുന്നു. 

ടൈപ് എ ചിത്രങ്ങള്‍ വരച്ചുള്ള ആചാരം നടക്കുന്ന ഭാഗത്തേക്ക് പോകാനുള്ള വഴിയായിരിക്കാം ടൈപ് ബിയെന്നാണു കരുതുന്നത്. ഈ അടയാളങ്ങളില്‍ ചിലത് വളരെ ചെറുതായിരുന്നു- 16 അടി നീളമൊക്കെയാണു ചിലതിന്. റോബട്ടിന്റെ രൂപത്തില്‍ രണ്ടു കാലില്‍ നില്‍ക്കുന്ന രൂപം വരെ നാസ്‌ക ലൈനുകളുടെ കൂട്ടത്തിലുണ്ടായിരുന്നു. അതോടെ മറ്റൊരു വാദം കൂടി ഉയര്‍ന്നു-ഈ അടയാളങ്ങള്‍ ഭൂമിയിലേക്കെത്തിയ അന്യഗ്രഹജീവികള്‍ക്കു വഴികാട്ടാനാണെന്ന്. എന്താണെങ്കിലും ഇന്നും പുരാവസ്തു ഗവേഷകരുടെ മുന്നില്‍ നിഗൂഢത നിറച്ച് നിലകൊള്ളുകയാണ് പെറുവിലെ ഈ അജ്ഞാത അടയാളങ്ങള്‍

English Summary:

Archaeologists use AI to discover 303 unknown geoglyphs near Nazca Lines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com