ADVERTISEMENT

പ്രകൃതിക്ക് ദോഷകരമല്ലാത്ത ഹരിത ഇന്ധനങ്ങള്‍ക്കായുള്ള ഗവേഷണങ്ങള്‍ പല മേഖലകളില്‍ നടക്കുന്നുണ്ട്. സൗരോര്‍ജത്തേയും കാറ്റില്‍ നിന്നുള്ള വൈദ്യുതിയേയുമെല്ലാം നിഷ്പ്രഭമാക്കുന്ന പുതിയ ഊര്‍ജ്ജ സ്രോതസുമായാണ് ശാസ്ത്രജ്ഞരുടെ ഇപ്പോഴത്തെ വരവ്. തമോഗര്‍ത്തങ്ങളില്‍ നിന്നു തന്നെ ഊര്‍ജം ശേഖരിക്കാനായാല്‍ അങ്ങേയറ്റത്തെ കാര്യക്ഷമതയുള്ള ബാറ്ററി നിര്‍മിക്കാനാവുമെന്നാണ് ഭൗതികശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്.

തമോഗര്‍ത്തങ്ങളിലേക്കു പോയി ഊര്‍ജം ശേഖരിച്ചു തിരിച്ചുവരിക അസാധ്യമായതിനാല്‍ മറ്റൊരു മാര്‍ഗമാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. വളരെ ചെറിയ തമോഗര്‍ത്തങ്ങളെ നിര്‍മിച്ച് അവയില്‍ നിന്നും ഊര്‍ജം ശേഖരിക്കാനാവുമെന്നതാണ് നിര്‍ദേശം. ഐന്‍സ്റ്റീന്റെ വിഖ്യാതമായ പൊതു ആപേക്ഷികതാ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണ് നോര്‍വീജിയന്‍ യൂനിവേഴ്‌സിറ്റി ഓഫ് ലൈഫ് സയന്‍സസിലെ എസ്‌പെന്‍ ഹോഗും ആന്‍ഡെസ് വെനസ്വേല യൂണിവേഴ്‌സിറ്റിയിലെ ജിയാന്‍ഫ്രാങ്കോ സ്പാവിരേയും തങ്ങളുടെ സ്വപ്‌ന ബാറ്ററിയെ അവതരിപ്പിക്കുന്നത്.

ഊര്‍ജത്താല്‍ ചുറ്റപ്പെട്ട വളരെ ചെറിയ സ്ഥലത്ത് നിര്‍മിക്കുന്ന മൈക്രോസ്‌കോപിക് ബ്ലാക്ക് ഹോളുകളാണ് ബാറ്ററിയുടെ അടിസ്ഥാനം. കണങ്ങളില്‍ ശേഖരിച്ചു വെച്ചിട്ടുള്ള ഊര്‍ജം കണ്ടെടുക്കുന്ന ഒരു ആണവ റിയാക്ടറിനു സമാനമായിരിക്കും തമോഗര്‍ത്ത ബാറ്ററിയുടേയും പ്രവര്‍ത്തനം.

സാധ്യമായതില്‍ ഏറ്റവും ചെറിയ ഒരു പ്ലാങ്ക് മാസ് മാത്രമുള്ള തമോഗര്‍ത്തങ്ങളെയാണ് നിര്‍മിക്കേണ്ടത്. പോസിറ്റീവ് ചാര്‍ജുള്ള മൈക്രോ ബ്ലാക്ക് ഹോളുകളേയും നെഗറ്റീവ് ചാര്‍ജുള്ള മൈക്രോ ബ്ലാക്ക് ഹോളുകളേയും നിര്‍മിക്കും. അതിനു ശേഷം ഓരോന്നായി പരസ്പരം ചേരാന്‍ അനുവദിക്കും. ഇങ്ങനെ സംഭവിക്കുമ്പോള്‍ വളരെ പെട്ടെന്ന് ഊര്‍ജം പുറത്തു വരും. തമോഗര്‍ത്തത്തില്‍ നിന്നല്ല തമോര്‍ത്തത്തിന് പുറത്ത് എവിടെയാണോ ഗുരുത്വം കേന്ദ്രീകരിച്ചിരിക്കുന്നത് അവിടെ നിന്നായിരിക്കും ഊര്‍ജം പുറത്തേക്കു വരികയെന്നും ഗവേഷകര്‍ പറയുന്നു.

മൈക്രോ ബ്ലാക്ക്‌ഹോള്‍ ബാറ്ററി എന്ന ആശയം യാഥാര്‍ഥ്യമായാല്‍ ഇന്നത്തെ മികച്ച ബാറ്ററികള്‍ക്കു പോലും അതിന്റെ അടുത്തെത്താന്‍ സാധിക്കില്ല. നിലവില്‍ ഏറ്റവും മികച്ച കാര്യക്ഷമതയുള്ള ലിത്തിയം ബാറ്ററികളില്‍ കിലോഗ്രാമിന് 9,54,000 ജൂള്‍ ഊര്‍ജമാണ് അടങ്ങിയിരിക്കുന്നത്. ഒരു കിലോഗ്രാം എണ്ണയിലുള്ള ഊര്‍ജത്തിന്റെ 22 മടങ്ങ് വരും ഇത്. എന്നാല്‍ ഒരു കിലോഗ്രാം ഭാരമുള്ള ബ്ലാക്ക് ഹോള്‍ ബാറ്ററിക്ക് ഒരു കുടുംബത്തിന്റെ തലമുറകള്‍ നീളുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കും. 200 കിലോഗ്രാം ഭാരമുള്ള ഏറ്റവും കാര്യക്ഷമതയുള്ള ലിത്തിയം ബാറ്ററിയേക്കാള്‍ 470 ദശലക്ഷം മടങ്ങ് വരും ഇത്!

അമ്പരപ്പിക്കുന്ന ആശയമാണെങ്കിലും ഇത് അസാധ്യമല്ലെന്നതാണ് ശാസ്ത്രജ്ഞരെ ആവേശത്തിലാക്കുന്നത്. ഇതുവരെ സാന്നിധ്യം തിരിച്ചറിയാനായിട്ടില്ലെങ്കിലും മൈക്രോ ബ്ലാക്ക്‌ഹോളുകള്‍ സാധ്യമാണെന്നു തന്നെയാണ് ശാസ്ത്രത്തിന്റെ കണക്കുകൂട്ടല്‍. ബിഗ് ബാങിനു ശേഷം പ്രപഞ്ചം നിറഞ്ഞ പ്ലാസ്മയിലേക്ക് മൈക്രോ ബ്ലാക്ക്‌ഹോളുകളുടെ ഊര്‍ജം അലിഞ്ഞു ചേര്‍ന്നുവെന്നാണ് കരുതപ്പെടുന്നത്. സയന്‍സ് ഡയറക്ട് ജേണലിലാണ് പഠനം പൂര്‍ണ രൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com