ADVERTISEMENT

ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് സാധ്യമാക്കിയ ആദ്യ ഇന്ത്യൻ ദൗത്യമായ ചന്ദ്രയാൻ 3 ഇറങ്ങിയത് വമ്പൻ ഗർത്തത്തിലാണെന്ന്  പഠനം. 4.4 കിലോമീറ്റർ ആഴവും 160 കിലോമീറ്റർ വിസ്തീർണവുമുള്ള ഗർത്തമാണ് ഇത്. ചന്ദ്രനിലെ പ്രശസ്തമായ സൗത്ത് പോൾ അറ്റ്കിൻ ബേസിനെക്കാൾ വിസ്തീർണമുള്ളതാകാം ഇതെന്നും ഐഎസ്ആർഒ അറിയിച്ചു.

ചന്ദ്രയാൻ 3 ദൗത്യത്തിലെ റോവറായ പ്രഗ്യാന്റെ ക്യാമറയിൽ നിന്നുള്ള ചിത്രങ്ങളും ചന്ദ്രയാൻ 2 ഓർബിറ്ററിന്റെ ചിത്രങ്ങളും പരിശോധിച്ചാണ് ശാസ്ത്രജ്ഞർ ഈ വിലയിരുത്തലിൽ എത്തിയത്. ബെംഗലൂരു ഫിസിക്കൽ റിസർച് ലബോറട്ടറിയിലെ(പിആർഎൽ) ശാസ്ത്രജ്ഞരും ഈ പഠനത്തിൽ പങ്കെടുത്തു.

 സൗത്ത് പോൾ അറ്റ്കിൻ ബേസിനിൽ നിന്ന് 350 കിലോമീറ്റർ അകലെയായിരുന്നു ലാൻഡ് ചെയ്ത സ്ഥലം.സൗരയൂഥത്തിലെ തന്നെ ഏറ്റവും വലിയ ‘ഇംപാക്ട് ബേസിൻ’ ഗണത്തിൽ വരുന്ന മേഖലയാണ്  സൗത്ത് പോൾ അറ്റ്കിൻ ബേസിന്‍. ലാൻഡിങ് സൈറ്റിലെ സവിശേഷമായ ഘടനകളെക്കുറിച്ചും ക്യാമറ ചിത്രങ്ങൾ വിവരങ്ങൾ നൽകിയിട്ടുണ്ട്.ഈ ഘടനകൾ പരിശോധിച്ചപ്പോഴാണ് അർധവൃത്താകൃതിയിലുള്ള ഒരു ഘടന ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപെട്ടത്. ഇതൊരു ഗർത്തമേഖലയെ സൂചിപ്പിക്കുന്നു. ചന്ദ്രനിലെ ഏറ്റവും പഴക്കമുള്ള ഗർത്തമേഖലകളിലൊന്നാണ് ഈ മേഖല.

chandrayaan-3-tech - 1

തിരിച്ചടിയിൽ തളരാതെ വർധിത വീര്യത്തോടെ 

ഇസ്റോയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിൾ മാർക്ക്–3 (എൽവിഎം3) റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു ചന്ദ്രയാൻ വിക്ഷേപണം. ഇതിനു മുൻപ് 2019 ൽ നടന്ന ചന്ദ്രയാൻ 2 വിക്ഷേപണത്തിൽ ഉപഗ്രഹവും, വിക്രം എന്ന ലാൻഡറും അതിനുള്ളിൽ പ്രഗ്യാൻ എന്ന റോവറുമുണ്ടായിരുന്നു. വിക്രം ലാൻഡർ ലാൻഡിങ്ങിനു തൊട്ടു മുൻപായി പൊട്ടിച്ചിതറിയത് മൂലം ദൗത്യം ഭാഗികമായി വിജയമായി. ചന്ദ്രനിൽ ലാൻഡറും റോവറും ഇറക്കുകയെന്ന ഇന്ത്യയുടെ സ്വപ്നം ബാക്കിയായി.

എന്നാൽ തിരിച്ചടിയിൽ തളരാതെ വർധിത വീര്യത്തോടെ ഇസ്റോ  രംഗത്തിറങ്ങിയതോടെ ചന്ദ്രയാൻ 3 വിജയം കൈവരിച്ചു,ചന്ദ്രന്റെ ഉപരിതലത്തിലേക്ക് തൊട്ടിറങ്ങിച്ചെല്ലുന്നവയാണ് മൂൺലാൻഡറുകൾ. അപ്പോളോ 11ൽ മനുഷ്യരെ ചന്ദ്രനിലെത്തിച്ച ലൂണാർ മൊഡ്യൂൾ, വിക്രം പോലെ പരീക്ഷണങ്ങൾക്കായിട്ടുള്ളവ തുടങ്ങി വിവിധ തരത്തിലുള്ള ലാൻഡറുകളുണ്ട്.

chandrayaan-isro-gif

വിവിധ രാജ്യങ്ങളുടെ 33 ലാൻഡർ ദൗത്യങ്ങൾ

ചന്ദ്രയാൻ 2 ദൗത്യത്തിനു മുൻപ് 33 ലാൻഡർ ദൗത്യങ്ങൾ വിവിധ ഏജൻസികൾ ചന്ദ്രനിലേക്ക് അയച്ചിട്ടുണ്ട്. അവയിൽ 16 എണ്ണം ലക്ഷ്യം കണ്ടില്ലെന്നതു സങ്കീർണതയുടെ തെളിവാണ്.

കണക്കുകൂട്ടലുകളുടെയും ഗവേഷണത്തിന്റെയും പശ്ചാത്തലത്തിലാണ് ലാൻഡിങ് രൂപകൽപന ചെയ്യുന്നത്. സാങ്കേതികപരമായ എല്ലാ പഴുതുകളുമടച്ചാലും ഭാഗ്യം വളരെ വലിയൊരു ഘടകമാണ് മൂൺ ലാൻഡിങ്ങിൽ. ലാൻഡറുകളിൽ ത്രസ്റ്റർ റോക്കറ്റ് ഘടിപ്പിച്ച് ചന്ദ്രന്റെ ഗുരുത്വബലത്തിനു വിപരീതമായ ഊർജം നൽകി ബ്രേക്ക് ചെയ്താണു ചന്ദ്രനിൽ ലാൻഡറുകൾ ഇറക്കുന്നത്. ഏതു ഘട്ടത്തിലും പിഴവുകൾ വരാം.ഭൂമിയിലെ രണ്ടാഴ്ച ദൈർഘ്യമുള്ളതാണ് ചന്ദ്രനിലെ ഒരു പകൽ. ഇത് താപനിലയിൽ വ്യത്യാസം വരുത്തുന്നതിനാൽ ലാൻഡറുകളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ നശിക്കാനുള്ള സാധ്യതയും സാങ്കേതികവിദഗ്ദർക്കു പരിഗണിക്കേണ്ടിവരും.

English Summary:

Chandrayaan-3 landed on possibly oldest craters of Moon, say researchers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com