ഇന്ത്യൻ മഹാസമുദ്രത്തിലെ രഹസ്യ സേനാത്താവളം! പ്രവേശിക്കാൻ പ്രത്യേക അനുമതി ആവശ്യമുള്ള ഡീഗോ ഗാർഷ്യ
Mail This Article
ദീർഘകാലമായി രാജ്യാന്തരതലത്തിൽ തർക്കം തുടരുന്ന ദ്വീപുകളാണ് ഷാഗോസ് ദ്വീപുകൾ. ഇന്ത്യൻ മഹാസമുദ്രത്തിൽ ഏകദേശം 60 ദ്വീപുകൾ ചേർന്നൊരു ദ്വീപസമൂഹം. ഈ ദ്വീപുകളുടെ നിയന്ത്രണം മൗറീഷ്യസിന് തിരിച്ചുനൽകാൻ ബ്രിട്ടൻ തീരുമാനിച്ചു. ബ്രിട്ടിഷ് ഓവർസീസ് ടെറിട്ടറി എന്നറിയപ്പെട്ടിരുന്ന ഈ മേഖല ഇനി മൗറീഷ്യസിന്റെ കൈവശമാകും.
ഷാഗോസ് ദ്വീപിന് ഒരു സവിശേഷതയുണ്ട്. ഇന്ത്യൻ മഹാസമുദ്രമേഖലയിലെ യുഎസ് ശാക്തിക പ്രാതിനിധ്യത്തിന്റെ പ്രധാന കേന്ദ്രമായ ഡീഗോ ഗാർഷ്യ ഈ ദ്വീപസമൂഹത്തിൽ ഉൾപ്പെട്ടതാണ്. ഷാഗോസിലെ ഏറ്റവും വലിയ ദ്വീപുമാണ്. എന്നാൽ ഡീഗോ ഗാർഷ്യ ബ്രിട്ടന്റെയും യുഎസിന്റെയും നിയന്ത്രണത്തിൽ തന്നെ തുടരും.
1814 മുതൽ ബ്രിട്ടനാണ് ഷാഗോസ് ദ്വീപുകളും മൗറീഷ്യസും നിയന്ത്രിച്ചിരുന്നത്. 1965ൽ ബ്രിട്ടന്‍ മൗറീഷ്യസിനെയും ഷാഗോസ് ദ്വീപുകളെയും രണ്ടുമേഖലകളാക്കി തിരിച്ചു. 1968ൽ മൗറീഷ്യസ് സ്വതന്ത്രമായെങ്കിലും ഷാഗോസ് ദ്വീപുകൾ ബ്രിട്ടിഷ് ഇന്ത്യൻ ഓഷ്യൻ ടെറിട്ടറി എന്ന മട്ടിൽ തുടർന്നു.
എഴുപതുകളുടെ തുടക്കത്തിൽ ഇവിടത്തെ രണ്ടായിരത്തോളം നാട്ടുകാരെ ഡീഗോ ഗാർഷ്യ എയർബേസ് നിർമിക്കുന്നതിന്റെ ഭാഗമായി മൗറീഷ്യസിലേക്കും സീഷെൽസിലേക്കും മാറ്റി. 1966ൽ ബ്രിട്ടൻ ഡീഗോ ഗാർഷ്യ യുഎസിന് പാട്ടത്തിനു കൊടുത്തു. അന്നു കുടിയൊഴിപ്പിക്കപ്പെട്ടവർക്കും പിന്മുറക്കാർക്കും ഡീഗോ ഗാർഷ്യ ഒഴിച്ചുള്ള മറ്റു ഷാഗോസ് ദ്വീപുകളിലേക്ക് മടങ്ങാൻ പുതിയ ഉടമ്പടി സഹായകമാകും.
കുടിയൊഴിപ്പിക്കൽ തെറ്റായിരുന്നെന്നും കോടതി
2019ൽ രാജ്യാന്തര നീതിന്യായ കോടതി ബ്രിട്ടനോട് ഷാഗോസ് ദ്വീപ് മൗറീഷ്യസിനു തിരിച്ചുകൊടുക്കണമെന്നു നിർദേശിച്ചിരുന്നു. എഴുപതുകളിലെ കുടിയൊഴിപ്പിക്കൽ തെറ്റായിരുന്നെന്നും കോടതി നിരീക്ഷിച്ചു. പുതിയ നീക്കത്തിന് യുഎസിന്റെയും ഇന്ത്യയുടെയും പിന്തുണയുണ്ടെന്ന് ബ്രിട്ടിഷ്, മൗറീഷ്യസ് പ്രതിനിധികൾ അറിയിച്ചു.
മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പലപ്പോഴും ഉയർന്നു കേൾക്കാറുള്ള പേരാണ് ഡീഗോ ഗാർഷ്യ. തങ്ങളുടെ വിദേശ സൈനികത്താവളങ്ങളിൽ വലിയ പ്രാധാന്യമാണ് യുഎസ് ഡീഗോ ഗാർഷ്യയ്ക്ക് നൽകിയിരിക്കുന്നത്. വലിയ വ്യാപാരനീക്കങ്ങൾ നടക്കുന്ന മേഖലയാണ് ഇന്ത്യൻ ഓഷ്യൻ മേഖല എന്നതാണ് ഇതിനു കാരണം. സമുദ്രങ്ങളിൽ വ്യാപിക്കുന്ന ചൈനയുടെ ശക്തിക്ക് ഒരു വലിയ തടയായും ഡീഗോ ഗാർഷ്യയിലെ താവളത്തെ യുഎസ് നോക്കിക്കാണുന്നു.
അതീവ രഹസ്യാത്മത പുലർത്തുന്ന ഈ സൈനികത്താവളത്തിലേക്ക് കടക്കാൻ പ്രത്യേക മിലിറ്ററി പെർമിറ്റുകൾ ആവശ്യമാണ്. കോക്കനട്ട് ക്രാബ് എന്നറിയപ്പെടുന്ന ഞണ്ടുവർഗത്തിലെ ഏറ്റവും വലിയ ജീവിയും ഈ ദ്വീപിലുണ്ട്.