ഭൂമിയെ ലക്ഷ്യമാക്കി വമ്പൻ സൗരവാതം, 7 വർഷത്തിനിടെ ഏറ്റവും ശക്തം!; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ!
Mail This Article
വമ്പൻ സൗരവാത പ്രവാഹം ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നെന്നു ശാസ്ത്രജ്ഞർ. കമ്യൂണിക്കേഷന്‍ ഉപകരണങ്ങളെ ഉൾപ്പടെയും ഉപഗ്രഹ സംവിധാനങ്ങളെയും ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. അടുത്ത കുറച്ച് ദിവസങ്ങൾ നിർണായകമായേക്കാവുന്നതിനാൽ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ ഇന്ത്യൻ ഉപഗ്രഹ ഓപ്പറേറ്റർമാർക്ക്ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) വിദഗ്ധർ മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകൾ.
ഒക്ടോബർ 1ന് X7.1 ക്ലാസില്‍പെട്ട സൗരജ്വാലയും ഒക്ടോബർ 3ന് അതിലും ശക്തമായ X9.0 ക്ലാസില്‍പെട്ട സൗരജ്വാലയും സംഭവിച്ചതായി നാസ രേഖപ്പെടുത്തിയിട്ടുണ്ട്. സൗരജ്വാലകളില്‍ ഏറ്റവും ശക്തിയേറിയതിനെയാണ് X ക്ലാസ് എന്ന് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. സൂര്യനിൽ നിന്നു സംഭവിക്കുന്ന ശക്തമായ പ്ലാസ്മാ പ്രവാഹങ്ങളായ ഇത്തരം കൊറോണ മാസ് ഇജക്ഷനുകൾ ഭൂമിയുടെ കാന്തികമണ്ഡലവുമായി പ്രവർത്തിക്കുമ്പോൾ ശക്തമായ സൗരവാതം ഉടലെടുക്കുന്നു. ഇവ ഉപഗ്രഹങ്ങളെയോ വൈദ്യുത വിതരണ ഗ്രിഡുകളെയോ ബാധിക്കാനുള്ള ചെറിയ സാധ്യതയുമുണ്ട്.
ശതകോടിക്കണക്കിനു പദാർഥകണികകൾ ഉൾപ്പെട്ടതാണു സൗരവാതം. സൗരവാതം ഭൂമിക്കരികിലെത്തുമ്പോൾ, അതു ഭൂമിയുടെ കാന്തികമണ്ഡലവുമായി പ്രവർത്തനം നടത്തുകയും ഭൗമകാന്തിക കൊടുങ്കാറ്റിന് വഴിയൊരുക്കുകയും ചെയ്യും. ഇതുമൂലം ബഹിരാകാശ പേടകങ്ങൾ, ഉപഗ്രഹങ്ങൾ തുടങ്ങിയവയ്ക്ക് പ്രതിസന്ധി നേരിടാം.ഭൂമിയിലെ ആശയവിനിമയരംഗത്തെ ഇതു ചിലപ്പോഴൊക്കെ ബാധിക്കുകയും ചെയ്യാം. ധ്രുവധീപ്തികൾ എന്നറിയപ്പെടുന്ന ഓറോറ പ്രകാശങ്ങൾ ധ്രുവപ്രദേശത്ത് ഉടലെടുക്കുന്നതിനും സൗരവാതം കാരണമാകും. സാധാരണ ഗതിയിൽ സൗരവാതങ്ങൾ ജനജീവിതത്തെ കടുത്ത നിലയിൽ ബാധിക്കാറില്ല.
സൗരവാതം ഉടലെടുക്കുന്നത് ഇങ്ങനെ
സൂര്യന്റെ ഏറ്റവും പുറത്തെ ഭാഗമായ കൊറോണയിൽ താപനില 11 ലക്ഷം ഡിഗ്രി വരെ ഉയരാറുണ്ട്. ആ സമയത്ത്, സൂര്യന്റെ ഗുരുത്വബലത്തിന് അതിവേഗത്തിൽ (സെക്കൻഡിൽ 800 കിലോമീറ്റർ വരെ) ചലിക്കുന്ന പ്ലാസ്മ കണികകളെ നിയന്ത്രിച്ചു നിർത്താനാകില്ല. ഇവ സൂര്യന്റെ ആകർഷണവലയം ഭേദിച്ചു സൗരയൂഥത്തിലേക്ക് തെറിക്കും. പ്ലാസ്മയെക്കാൾ വാതകങ്ങളുടെ സ്വഭാവമാകും ഇവയ്ക്കപ്പോളുണ്ടാകുക. ഇതാണ് സൗരവാതം.
1582 ലെ സൗരവാതം
∙ ലോകചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള സൗരവാതങ്ങളിൽ ഏറ്റവും തീക്ഷ്ണമായത് നടന്നത് 1582 ൽ ആണ്. പ്രതിഭാസം 3 ദിനരാത്രങ്ങൾ നീണ്ടു നിന്നു. ജർമനിയുൾപ്പെടെ യൂറോപ്യൻ രാജ്യങ്ങൾ, കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ ഇതു കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.
∙ 1859 ൽ കാരിങ്ടൻ ഇവന്റ് എന്നറിയപ്പെടുന്ന സൗരവാതം മൂലം യുഎസിലെ ടെലിഗ്രാഫ് സംവിധാനങ്ങള്‍ തകരാറിലായി.
∙ 1909 ൽ അതിതീവ്രമായ സൗരവാതം ഉത്ഭവിച്ചു. ജപ്പാനിലായിരുന്നു ഇത് ഏറെ ദൃശ്യമായത്. ആകാശം നീലനിറത്തിലായി പിന്നീട് കടുംചുവപ്പും. മേഖലയിലെ ടെലിഗ്രാഫ് സംവിധാനങ്ങളെല്ലാം താറുമാറാക്കപ്പെട്ടു.
∙ 1921 ൽ സംഭവിച്ച മറ്റൊരു സൗരവാതത്തിൽ യുഎസിൽ ദിവസങ്ങളോളം വൈദ്യുതി നിലച്ചു.
∙ 1989 ൽ സൗരവാത പതനത്തിന്റെ ഫലമായി കാനഡയിലെ ക്യുബെക്കിൽ 9 മണിക്കൂറോളം വൈദ്യുതി മുടങ്ങി.