നിക്ഷേപങ്ങളിലൂടെ കോടികൾ, ഗ്രൂപ്പുകളിൽ കോടീശ്വരന്മാർ; വലയിൽ വീണ ഐടി ഉദ്യോഗസ്ഥന് പോയത് 1.16 കോടി രൂപ
Mail This Article
ഡിജിറ്റൽ ലോകത്തെ തട്ടിപ്പുകള്‍ സമസ്ത മേഖലകളിലേക്കു വ്യാപിക്കുകയാണ്.സമൂഹത്തിൽ ഏതു തലത്തിലുള്ളവരെയും വലയിൽ വീഴ്ത്താൻ കഴിവുള്ള തന്ത്രങ്ങളുമായി എത്തുകയാണ് തട്ടിപ്പുകാർ. ഓഹരി വിപണിയിലെ നിക്ഷേപങ്ങളിൽ നിന്ന് വൻ ലാഭം ലഭിക്കുമെന്ന ഓൺലൈൻ പരസ്യത്തിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് പ്രശസ്ത കമ്പനിയിലെ സീനിയർ എക്സിക്യൂട്ടീവായ ഐടി പ്രൊഫഷണലിന് ഒറ്റയടിക്ക് നഷ്ടപ്പെട്ടത് 1.16 കോടി രൂപയാണ്.
വലിയ ലാഭം നേടിയവരുടെ ആ ഗ്രൂപ്പ്
ഓഹരി വിപണിയിലെ നിക്ഷേപങ്ങളിൽ നിന്ന് വൻ ലാഭം വാഗ്‌ദാനം ചെയ്‌തെത്തിയ ഓൺലൈൻ പരസ്യത്തോടെയാണ് തട്ടിപ്പിന്റെ തുടക്കം. കൗതുകത്തോടെയാണെങ്കിലും പരസ്യത്തിൽ ക്ലിക്ക് ചെയ്യുന്നവരെ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ചേർക്കും. വലിയ ലാഭം നേടിയെന്ന് അവകാശപ്പെടുന്ന ഏകദേശം 125 ആളുകളിൽ നിന്നുള്ള വ്യാജ വിജയഗാഥകൾ നിറഞ്ഞതാണ് ഈ ഗ്രൂപ്. ഗ്രൂപ്പിലെ കോടീശ്വരന്മാരെല്ലാം ലാഭക്കണക്കുകളെല്ലാം വിശ്വസനീയമായ രീതിയിലാണ് അവതരിപ്പിക്കപ്പെടുന്നത്.
ഒന്നും രണ്ടുമല്ല നൂറുകണക്കിനെത്തിയ ഇത്തരത്തിലുള്ള വ്യാജ സാക്ഷ്യപത്രങ്ങൾ വിശ്വസിച്ചതോടെ യുവാവും നിക്ഷേപിക്കാൻ തീരുമാനിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ, ഓഗസ്റ്റ് 16 നും ഓഗസ്റ്റ് 20 നും ഇടയിൽ, ഗ്രൂപ്പിലെ വിദഗ്ധർ എന്ന് വിളിക്കപ്പെടുന്നവരുടെ നിർദ്ദേശപ്രകാരം, നിരവധി അക്കൗണ്ടുകളിലേക്കായി 1.16 കോടി രൂപ ട്രാൻസ്ഫർ ചെയ്തു ലാഭം പ്രതീക്ഷിച്ചിരുന്നു.
ഏതാനും ദിവസങ്ങൾക്കുശേഷം പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് ആകെ കുടുങ്ങിയെന്ന് മനസിലായത്. തട്ടിപ്പുകാർ ഒഴികഴിവുകൾ നിരത്തുകയും അധിക പേയ്‌മെൻ്റുകൾ ആവശ്യപ്പെടുകയും ചെയ്‌തു, ഇതോടെ വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കി. തട്ടിപ്പ് വിവരം ഉടൻ പൊലീസിൽ അറിയിച്ചു.
ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം
സൈബർ കുറ്റകൃത്യങ്ങളുടെ വിപുലമായ അപകടസാധ്യതകളെക്കുറിച്ചുള്ള വ്യക്തമായ മുന്നറിയിപ്പാണ് ഈ കേസ്. ആളുകളെ കബളിപ്പിക്കാൻ വ്യാജ പരസ്യങ്ങളും വാട്ട്‌സാപ് ഗ്രൂപ്പുകളും വ്യാജ ആപ്പുകളും ഉപയോഗിക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്.
സംശയാസ്പദമായ പരസ്യങ്ങളിൽ ക്ലിക്കുചെയ്യുന്നത് ഒഴിവാക്കുക: പെട്ടെന്നുള്ള പണമോ ഉയർന്ന വരുമാനമോ വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ പരസ്യങ്ങളിൽ ജാഗ്രത പാലിക്കുക.
ഗവേഷണം നടത്തുക: നിക്ഷേപിക്കുന്നതിന് മുമ്പ്, പ്ലാറ്റ്ഫോം നന്നായി പരിശോധിക്കുക. ഇത് റെഗുലേറ്ററി ബോഡികളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
സ്വകാര്യ വിവരങ്ങൾ പങ്കിടരുത്: ഒരിക്കലും ബാങ്ക് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ വെബ്സൈറ്റുകളുമായോ വ്യക്തികളുമായോ പങ്കിടരുത്.
സമ്മർദ്ദ തന്ത്രങ്ങൾ സൂക്ഷിക്കുക: തട്ടിപ്പുകാർ പലപ്പോഴും സമ്മർദ്ദ തന്ത്രങ്ങൾ പ്രയോഗിക്കും. എന്തെങ്കിലും സാമ്പത്തിക പ്രതിബദ്ധതകൾ വരുത്തുന്നതിന് മുമ്പ് എല്ലായ്പ്പോഴും വിശ്വസനീയ ഉറവിടങ്ങളുമായി ബന്ധപ്പെടുക.