ADVERTISEMENT

ഒരോ പുതിയ തലമുറ ഐഫോണ്‍ സീരിസും അവതരിപ്പിക്കുമ്പോള്‍ ആപ്പിള്‍ അതിന്റെ ക്യാമറാ പ്രകടനം മുന്‍ തലമുറയെ അപേക്ഷിച്ച് മികവ് പുലര്‍ത്തുമെന്ന് അവകാശപ്പെടാറുണ്ട്. പൊതുവെ ആപ്പിള്‍ ഫാന്‍സ്, തങ്ങളുടെ പ്രിയപ്പെട്ട കമ്പനി പറയുന്നത് അപ്പാടേ മുഖവിലയ്‌ക്കെടുക്കുകയാണ്  ചെയ്യുന്നത്. എന്നാലിപ്പോള്‍, ഒരു ടിക്‌ടോക്കര്‍ ഐഫോണ്‍ 13 പ്രോ, 14 പ്രോ, 15 പ്രോ, 16 പ്രോ എന്നിവയെ ഒരുമിച്ച് പ്രവര്‍ത്തിപ്പിച്ച് വിഡിയോ എടുത്ത് പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഈ ടെസ്റ്റിന്റെ ഫലം ആപ്പിള്‍ ആരാധകര്‍ക്കു പോലും ദഹിച്ചിട്ടില്ല.

ടെക്‌നോളജി ഇന്‍ഫ്‌ളുവന്‍സര്‍ കൂടെയായ ടിക്‌ടോക്കര്‍ (@yuta.tj23)  നടത്തിയ ടെസ്റ്റ് ഫലങ്ങള്‍ ശരിയാണെങ്കില്‍ 2021 നുശേഷം ഐഫോണ്‍ പ്രോ മോഡലുകളുടെ ക്യാമറാ പ്രകടനം കാര്യമായി മാറിയിട്ടില്ല. രണ്ടു വിഡിയോകളാണ് തന്റെ ഫോളോവര്‍മാര്‍ക്കായി ടിക്‌ടോക്കര്‍ ഷെയര്‍ ചെയ്തത്. ഇതില്‍ ഒന്ന് ഒരു പാര്‍ക്കില്‍ ഷൂട്ടു ചെയ്തതും, രണ്ടാമത്തേത് നഗരത്തില്‍ നിന്ന് പകര്‍ത്തിയതും. നാലു തലമുറ ഐഫോണുകളും നിരനിരയായി തൂക്കിയിട്ട് ഒരേ സമയം ഒരേ ദൃശ്യങ്ങൾ പകര്‍ത്തുകയാണ് ചെയ്തിരിക്കുന്നത്. 

iphone-change - 1

വിഡിയോകള്‍ തമ്മില്‍ ഒരു നേരിയ വ്യത്യാസം മാത്രമാണ് തങ്ങള്‍ കാണുന്നതെന്നാണ് ടിക്‌ടോക്കറുടെ ഫോളോവര്‍മാര്‍ പറയുന്നത്. ഐഫോണ്‍ 13 പ്രോയും ഏറ്റവും പുതിയ ഐഫോണ്‍ 16 പ്രോയും തമ്മിലുള്ള വില വ്യത്യാസം 600 ഡോളറാണെന്ന് വിഡിയോ കണ്ടവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഐഫോണ്‍ പ്രോ മോഡലുകളുടെ ക്യാമറയുടെ പ്രകടനം  മെച്ചപ്പെടുത്തി എന്നാണ് ആപ്പിളിന്റെ മാര്‍ക്കറ്റിങ്ങുകാര്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സന്ദേശം. പരാതികള്‍ ഉന്നയിക്കപ്പെടാതിരിക്കാന്‍ മൂന്നു ഫോണുകളും ഒരു ട്രൈപ്പോഡില്‍ തൂക്കിയിട്ടും ടിക്‌ടോക്കര്‍ വിഡിയോ പകര്‍ത്തിയിട്ടുണ്ട്. 

Apple's new iPhone 7 (L) and 7 Plus (R) are displayed at the company's flagship store in Tokyo on September 16, 2016. With new iPhones hitting the markets on September 16, Apple is seeking to regain momentum and set new trends for the smartphone industry and tech sector. (Photo by KAZUHIRO NOGI / AFP)
Apple's new iPhone 7 (L) and 7 Plus (R) are displayed at the company's flagship store in Tokyo on September 16, 2016. With new iPhones hitting the markets on September 16, Apple is seeking to regain momentum and set new trends for the smartphone industry and tech sector. (Photo by KAZUHIRO NOGI / AFP)

ലഭിച്ച വിഡിയോയില്‍ അല്‍പ്പസ്വല്‍പ്പ വ്യത്യാസങ്ങള്‍ കാണാമെന്ന് കാഴ്ചക്കാര്‍ വിധിയെഴുതുന്നു. എന്നാല്‍, ചിലര്‍ പറയുന്നത് പഴയ മോഡലുകളില്‍ പകര്‍ത്തിയ വിഡിയോ പുതിയ മോഡലുകളിലെടുത്തവയെക്കാള്‍ നല്ലാതാണെന്നാണ്. എന്തുകൊണ്ടാണ് ഐഫോണ്‍ 13 പ്രോ വലിയ പ്രകാശ സ്രോതസുകളെ മികവോടെ കൈകാര്യം ചെയ്യുന്നതെന്ന് ഒരാള്‍ ചോദിച്ചു. മറ്റൊരാളും അതു തന്നൊണ് ശ്രദ്ധിച്ചത്-പ്രതിഫലിച്ചു വരുന്ന വെള്ള പ്രകാശം പകര്‍ത്തുന്നതില്‍ വളരെ മികവു പുലര്‍ത്തിയിരിക്കുന്നത് 13 പ്രോ ആണെന്നായിരുന്നു പ്രതികരണം. 

അതേസമയം, ഭൂരിഭാഗം കാഴ്ചക്കാരും ചോദിക്കുന്നത് നാല് ഫോണുകളും പകര്‍ത്തിയ വിഡിയോകള്‍ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്നായിരുന്നു. ഒരു കാഴ്ചക്കാരന്റെ ആവശ്യം ആപ്പിള്‍ തന്നെ ഈ ടിക്‌ടോക്കറുടെ ടെസ്റ്റ് നടത്തി ഫലം പുറത്തുവിടണമെന്നായിരുന്നു. ടിക്‌ടോക്കറുടെ വിഡിയോ കണ്ടവരില്‍ ഭൂരിഭാഗം പേരും നാലു തലമുറ ഫോണുകളും തമ്മില്‍ കാര്യമായ പ്രകടനവ്യത്യാസം കണ്ടില്ല. അതേസമയം, ഒരാള്‍ പ്രതികരിച്ചത്, 13 പ്രോയുടെ പ്രകടനം വിസ്മയകരമാണ്. എന്നാല്‍, നേരിയ മുന്‍തൂക്കം 14 പ്രോയ്ക്ക് നല്‍കാം എന്നായിരുന്നു. 

എന്നാല്‍, 16 പ്രോയില്‍ നേരിയ മികവ് കണ്ടവരും ഉണ്ട്. ഒരാള്‍ കുറിച്ചത് 15 പ്രോയും 14 പ്രോയും ഏകദേശം സമാനമായ പ്രകടനം നടത്തി എന്നും, 16 പ്രോയില്‍ നിന്ന് ലഭിച്ചത് ലേശത്തിന് അധിക വ്യക്തത തോന്നിക്കുന്ന വിഡിയോ ആണെന്നുമായിരുന്നു. പ്രതികരണങ്ങള്‍ ചര്‍ച്ചയാകുന്നത് ആപ്പിളിന്റെ അവകാശവാദങ്ങള്‍കുടെ പരിശോധിക്കുമ്പോഴാണ്. ഓരോ വര്‍ഷവും പുതിയ തലമുറ ഫോണുകള്‍ ഇറക്കുമ്പോള്‍ കമ്പനി പറയുന്നത്, മുന്‍ തലമുറയെ അപേക്ഷിച്ച് മെച്ചപ്പെട്ട ക്യാമറാ പ്രകടനം പ്രതീക്ഷിക്കാമെന്നാണ്. ഇതില്‍ വാസ്തവമുണ്ടോ എന്നാണ് കാഴ്ചക്കാര്‍ചോദിക്കുന്നത്.

എന്തുകൊണ്ടായിരിക്കാം മികവ് കാണാന്‍ സാധിക്കാത്തത്?

The new iPhone 14 Pro is displayed during a launch event for new products at Apple Park in Cupertino, California, on September 7, 2022. Apple unveiled several new products including a new iPhone 14 and 14 Pro, three Apple watches, and new AirPod Pros during the event. (Photo by Brittany Hosea-Small / AFP)
iPhone 14 Pro(Photo by Brittany Hosea-Small / AFP)

ഇതിന് നിരവധി കാരണങ്ങള്‍ ഉണ്ടാകാം. ടിക്‌ടോക്കറുടേതു പോലെയുള്ള ടെസ്റ്റുകളില്‍ വിഡിയോ കാഴ്ചക്കാര്‍ക്കായി ഇന്റര്‍നെറ്റിലേക്ക് അപ്‌ലോഡ് ചെയ്യുമ്പോള്‍ അതിന് കംപ്രഷനും മറ്റും ഉണ്ടാകാം. അങ്ങനെ എന്തെങ്കിലും അധിക മികവ് ഉണ്ടെങ്കില്‍ അത് ചോര്‍ന്നുപോയിരിക്കാം. 

അതേസമയം, വലിയ ഒരു ടിവിയിലോ, മോണിട്ടറിലോ ഇതേ വിഡിയോകള്‍ പ്ലേ ചെയ്ത് താരതമ്യം ചെയ്താല്‍ വ്യത്യാസം ശ്രദ്ധിക്കപ്പെട്ടേക്കാം. അപ്പോഴും ഒരു ചോദ്യം ഉയരുന്നു-ഷെയറു ചെയ്യുമ്പോള്‍ വ്യത്യാസം കാണാനാകുന്നില്ലെങ്കില്‍ പിന്നെ എന്തു കാര്യം എന്ന്. 

iphone-pro-max - 1

ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയിലേക്ക് പോകുമ്പോള്‍ ക്യാമറാ ഹാര്‍ഡ്‌വെയറിലും സോഫ്റ്റ്‌വെയറിലും നേരിയ വ്യത്യാസം മാത്രമാണ് കമ്പനി കൊണ്ടുവരുന്നത്. ഉദാഹരണത്തിന് ഐഫോണ്‍ 13 പ്രോയെക്കാള്‍ അല്‍പ്പം വലിപ്പിക്കൂടുതലുള്ള സെന്‍സറാണ് 14 പ്രോയില്‍ ഉള്ളത്. എന്നാല്‍, ഇവ തമ്മിലുള്ള പ്രകടന വ്യത്യാസം വളരെ കുറവാണ് എന്ന് നിരീക്ഷിക്കപ്പെടുന്നു. 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആപ്പിള്‍ ഉപയോഗിക്കുന്ന കംപ്യൂട്ടേഷണല്‍ സാങ്കേതികവിദ്യയ്ക്ക് വന്‍തോതിലുള്ള വ്യത്യാസം വരുത്തിയിട്ടില്ല. നൈറ്റ് മോഡ്, ഡീപ് ഫ്യൂഷന്‍, സ്മാര്‍ട്ട് എച്ഡിആര്‍ തുടങ്ങിയവയൊക്കെ ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നതു കാണാം. പ്രൊസസിങ് അല്‍ഗോറിതത്തിലൊക്കെനേരിയ വ്യത്യാസങ്ങള്‍ കണ്ടേക്കാമെങ്കിലും, അടിസ്ഥാന സോഫ്റ്റ്‌വെയര്‍ അനുഭവം കാര്യമായ മാറ്റമില്ലാതെ തുടരുന്നു. 

NEW YORK, NEW YORK - SEPTEMBER 24: The new line of iPhone 13's are displayed at the Fifth Avenue Apple Store during the launch of the phones on September 24, 2021 in New York City. The new phones come equipped with a A15 Bionic chip, improved dual-camera system and longer battery life than the iPhone 12. The iPhone 13 Mini starts at $729, and the iPhone 13 starts at $829.   Spencer Platt/Getty Images/AFP (Photo by SPENCER PLATT / GETTY IMAGES NORTH AMERICA / Getty Images via AFP)
iPhone 13. Spencer Platt/Getty Images/AFP (Photo by SPENCER PLATT / GETTY IMAGES NORTH AMERICA / Getty Images via AFP)

ആപ്പിളിന്റെ പ്രൊസസിങ് അല്‍ഗോറിതങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ കാണാമെങ്കിലും, ക്യാമറകളുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹാഡ്‌വെയര്‍ കാര്യമായ മാറ്റമില്ലാതെ തുടരുന്നു എന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിനാല്‍തന്നെ, ചില സവിശേഷ പ്രകാശത്തില്‍ എടുത്ത ചത്രങ്ങളിലുംപകര്‍ത്തിയ വിഡിയോയിലും മാത്രമാണ് എന്തെങ്കിലും വ്യത്യാസം കാണാന്‍ സാധിക്കുക. 

അപ്പോള്‍ പുതിയ മോഡലുകള്‍ കൊണ്ട് ഗുണമില്ലേ?

iphone-16-4

ഐഫോണ്‍ 16 സീരിസില്‍ കൊണ്ടുവന്നിരിക്കുന്ന ക്യാമറാ ബട്ടണ്‍ ചിലര്‍ക്ക് ഉപകാരപ്രദമായിരിക്കാം. വെളിച്ചക്കുറവുള്ള സമയങ്ങളില്‍ പകര്‍ത്തുന്ന ഫോട്ടോകള്‍ക്കും വിഡിയോകള്‍ക്കും മുന്‍ തലമുറകളെക്കാള്‍ മികവ് കണ്ടേക്കാം. 

ഇതൊക്കെയല്ലാതെ, അടുത്തടുത്ത തലമുറകളിലെ മോഡലുകള്‍ ഉപയോഗിച്ച് പകര്‍ത്തുന്ന ഫോട്ടോകള്‍ക്ക് ഇരുളും വെളിച്ചവും തമ്മിലുള്ള വ്യത്യാസം കാണാന്‍ സാധിക്കുന്ന തരത്തിലുള്ള വ്യത്യാസം ഉണ്ടാകുമെന്ന് ധരിക്കേണ്ടെന്ന് വിദഗ്ദർ.

English Summary:

Is Apple exaggerating iPhone camera improvements? A viral TikTok video comparing iPhone 13 Pro to 16 Pro raises questions about noticeable differences. Read our analysis and decide if the upgrade is worth it.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com