കോശങ്ങളെ കോശങ്ങളാക്കുന്ന ജീൻ റഗുലേഷൻ: നൊബേൽ നേടിയ മൈക്രോ ആർഎൻഎ കണ്ടെത്തൽ
Mail This Article
ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേൽ മൈക്രോ ആർഎൻഎയുടെ കണ്ടെത്തലിനാണ്. യുഎസ് ശാസ്ത്രജ്ഞായ വിക്ടർ ആംബ്രോസ്, ഗാരി റവ്കുൻ എന്നിവർക്കാണു പുരസ്കാരം.മൈക്രോ ആർഎൻഎയുടെ കണ്ടെത്തലും അതു വഹിക്കുന്ന പങ്കിനെക്കുറിച്ചുമുള്ള പഠനവുമാണ് പുരസ്കാരത്തിന് ഇവരെ അർഹരാക്കിയത്. ജീനുകളുടെ പ്രവർത്തനങ്ങൾ എങ്ങനെയാണ് നിയന്ത്രിക്കപ്പെടുന്നതെന്നതുൾപ്പെടെ വിവരങ്ങൾ ഇവരുടെ പഠനത്തിലൂടെ ലഭിച്ചു.
എംആർഎൻഎ വാക്സീനുകളിലൂടെ മെസഞ്ചർ ആർഎൻഎയെക്കുറിച്ച് നാം സാധാരണയായി കേട്ടിരിക്കാമെങ്കിലും മൈക്രോ ആർഎൻഎ സംബന്ധിച്ച അവബോധം ആളുകൾക്കിടയിൽ കുറവാണ്.മനുഷ്യശരീരത്തിലെ എല്ലാ കോശങ്ങൾക്കും ജനിതകഘടനയെന്ന പൊതുവായ നിർദേശമാണുള്ളത്. ചിലത് ബ്രെയിൻ സെല്ലുകളായി മാറും. ഇനി ചിലത് മസിലുകളായും.
എങ്ങനെയാണ് കോശങ്ങൾക്ക് എന്താകണമെന്നുള്ള വിവരം ലഭിക്കുന്നത്?
ജീൻ റഗുലേഷൻ എന്ന പ്രക്രിയയാണ് ഇതിനു പിന്നിൽ. ഈ ജീൻ പ്രക്രിയയിൽ നിർണായക ഇടപെടൽ മൈക്രോ ആർഎൻഎ നടത്തുന്നുണ്ട്.ജീനുകളുടെ പ്രവർത്തനങ്ങൾ എങ്ങനെയാണ് നിയന്ത്രിക്കപ്പെടുന്നതെന്നതുൾപ്പെടെ വിവരങ്ങൾ വിക്ടർ ആംബ്രോസിന്റെയും ഗാരി റവ്കുനിന്റെയും പഠനത്തിലൂടെ ലഭിച്ചു.കോശങ്ങൾ എങ്ങനെ പ്രത്യേകതരം കോശങ്ങളായി മാറുന്നെന്നുള്ള പഠനം ഇവർ നടത്തി.
മാസച്യുസിറ്റ്സ് സർവകലാശാല, ഹാർവഡ് മെഡിക്കൽ സ്കൂൾ എന്നിവിടങ്ങളിലെ പ്രഫസർമാരാണ് യഥാക്രമം ആംബ്രോസും റവ്കുനും. സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടാണ് പുരസ്കാരം നൽകുന്നത്. 11 ലക്ഷം യുഎസ് ഡോളറാണ് പുരസ്കാരത്തുക. ഇന്ന് ഭൗതികശാസ്ത്രം, നാളെ രസതന്ത്രം, 10ന് സാഹിത്യം, 11ന് സമാധാനം, 14ന് സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിലെ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും