പാഞ്ഞുപോകുന്ന വാൽനക്ഷത്രം: കമനീയ ചിത്രം റഷ്യയുടെ ഏറ്റവും കരുത്തുറ്റ വിമാനത്തിൽനിന്ന്
Mail This Article
ആകാശത്തു സഞ്ചരിക്കുന്ന ഫൈറ്റർ ജെറ്റ് വിമാനത്തിൽ നിന്നൊരു ചിത്രം. ചിത്രത്തിൽ പതിഞ്ഞിരിക്കുന്നത് പാഞ്ഞുപോകുന്ന സുചിൻസാൻ–അറ്റ്ലസ് എന്ന വാൽനക്ഷത്രം .ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ വ്യോമസേനകളിലൊന്നാണു റഷ്യയ്ക്കുള്ളത്. ഇതിൽ തന്നെ ഏറ്റവും മാരകശേഷിയുള്ളതും വികസിതവുമായ വിമാനമാണ് സുഖോയ് 35. സുഖോയ് 35ൽ നിന്നുള്ള ഈ ചിത്രം ഒരു റഷ്യൻ ടെലിഗ്രാം അക്കൗണ്ടാണ് പുറത്തുവിട്ടത്. ചിത്രം ഇവിടെ കാണാം.
സൗരയൂഥത്തിലെ വിദൂരമേഖലയിലുള്ള ഊർട്ട് ക്ലൗഡിലാണ് ഈ വാൽനക്ഷത്രത്തിന്റെ ഉദ്ഭവസ്ഥാനം. 70000 വർഷത്തിൽ ഒരിക്കലാണ് ഇതു ഭൂമിക്കരികിലെത്തുന്നതെന്ന് കരുതപ്പെടുന്നു.റഷ്യയുടെ ഏറ്റവും വികസിതമായ എയർക്രാഫ്റ്റാണ് സുഖോയ് 35. സിംഗിൾ സീറ്റ്, മൾട്ടിറോൾ ഗണത്തിൽ പെടുന്ന ഈ എയർക്രാഫ്റ്റിന്റെ സാങ്കേതികമായ പുരോഗതി മൂലം ഇതിനെ ഫോർത്ത് ജനറേഷൻ പ്ലസ് പ്ലസ് എയർക്രാഫ്റ്റ് എന്നു വിശേഷിപ്പിക്കാറുണ്ട്.
ശബ്ദത്തിന്റെ 2.25 മടങ്ങ് വേഗം ഈ എയർക്രാഫ്റ്റിന് 36000 അടി പൊക്കത്തിൽ കൈവരിക്കാം. 8000 കിലോ ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഇതിന്റെ റേഞ്ച് 1600 കിലോമീറ്ററാണ്. സുഖോയ് 35 വിമാനത്തിനു സ്റ്റെൽത്ത് ഇല്ല. ഈ ന്യൂനത മുതലെടുത്ത് യുക്രെയ്ൻ വ്യോമസേന സാധാരണ യുദ്ധവിമാനങ്ങളുപയോഗിച്ച് ഒരിക്കൽ സുഖോയ് 35നെ വെടിവച്ചിട്ടത് ലോകശ്രദ്ധ നേടിയിരുന്നു.