ADVERTISEMENT

ഒരു മുന്‍ അമേരിക്കന്‍ പട്ടാളക്കാരന്റെ മുഖവും ഒരു കണ്ണും മുഴുവനായും മാറ്റിവയ്ക്കാനായി നടത്തിയ ശസ്ത്രക്രിയ വിജയിച്ചതായി ബിബിസി. ഈ സര്‍ജറി വിജയകരമായി നടത്താന്‍ സാധിച്ച ലോകത്തെ ആദ്യത്തെ വ്യക്തിയായി തീര്‍ന്നിരിക്കുകയാണ് മിലിറ്ററി വെറ്ററന്‍ ആയ ആരൻ ജെയിംസ് (46).   140ലേറെ സര്‍ജന്മാര്‍ ചേര്‍ന്ന് 2023ല്‍, നടത്തിയ 21 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് വിജയകരമായി എന്നു ഇപ്പോള്‍ വിദഗ്ധര്‍ വിധിയെഴുതിയിരിക്കുന്നത്.

ആരന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശാസ്ത്രലോകം ട്രാന്‍സ്പ്ലാന്റ് ടെക്‌നോളജിയില്‍ കൈവരിച്ച വമ്പന്‍ പുരോഗതിയാണ് ഇത് കാണിക്കുന്നതെന്ന് ന്യൂറോസയന്‍സ്.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

ചിത്രം: എസ്‍പിഎ.
ചിത്രം: എസ്‍പിഎ.

അതിനൂതന മൈക്രോവാസ്‌ക്യൂലര്‍ സമ്പ്രദായം പ്രയോജനപ്പെടുത്തിയാണ്  മുഖത്തേക്കും, മാറ്റിവച്ച കണ്ണിലേക്കും രക്തപ്രവാഹം തിരിച്ചെത്തിച്ചത്. കാഴ്ച തിരിച്ചുകിട്ടുക എന്ന ഉദ്ദേശം സര്‍ജറിക്ക് ഉണ്ടായിരുന്നില്ലെങ്കിലും, ഇപ്പോഴത്തെ നേട്ടം സങ്കീര്‍ണ്ണമായ അവയവ മാറ്റിവയ്ക്കലുകള്‍ക്ക്വഴി തുറന്നേക്കാമെന്നും ഗവേഷകര്‍ പറയുന്നു. ഭാവിയില്‍ കാഴ്ച നഷ്ടപ്പെട്ടവര്‍ക്കു പോലും ഇത് പ്രയോജനപ്പെടുത്താന്‍ സാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. 

മൈക്രോവാസ്‌ക്യുലര്‍ ബൈപാസ് സമ്പ്രദായം പ്രയോജനപ്പെടുത്തിയാണ് ലോകത്തെ ആദ്യത്തെ മുഖവും, മുഴുവന്‍ കണ്ണും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് എന്ന് എന്‍വൈയു ലാങ്‌ഗോള്‍ ഹെല്‍ത് സര്‍ജിക്കല്‍ ടീം പറഞ്ഞു. ഇതേപ്പറ്റിയുള്ള വിശദാംശങ്ങള്‍ സാന്‍ ഫ്രാന്‍സികോയില്‍ ഉടനെ നടക്കാനിരിക്കുന്ന, അമേരിക്കന്‍ കോളജ് ഓഫ് സര്‍ജന്‍സ് ക്ലിനിക്കല്‍ കോണ്‍ഗ്രസ് 2024ല്‍ വെളിപ്പെടുത്തും. ഇത് കാണിക്കുന്നത് ഗവേഷകര്‍ വാസ്‌ക്യുലറൈസ്ഡ് കോംപസിറ്റ് അലോട്രാന്‍സ്പ്ലാന്റേഷന്‍ (വിസിഎ) (vascularized composite allotransplantation) മേഖലയില്‍ കൈവരിച്ചിരിക്കുന്ന പുരോഗതിയാണ്. 

കിഡ്‌നി, ഹൃദയം തുടങ്ങിയ സാധാരണ അവയവങ്ങള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളില്‍ സംയുക്തകോശത്തിന്റെ (tissue) കാര്യം മാത്രം നോക്കിയാല്‍ മതി. എന്നാല്‍, വിസിഎയില്‍ വിവിധ തരം ടിഷ്യൂസ് ട്രാന്‍സ്പ്ലാന്റ് ചെയ്യുന്ന സങ്കീര്‍ണ്ണമായ പ്രക്രീയയാണ് നടക്കുന്നത്-ത്വക്ക്, മസില്‍, രക്തധമിനികള്‍, ഞരമ്പുകള്‍ എന്നുവേണ്ട ചിലപ്പോള്‍ എല്ലുകള്‍പോലും മാറ്റിവയ്‌ക്കേണ്ടി വരും. ഇവയെല്ലാം ഒന്നായിതന്നെ തന്നെ മാറ്റിസ്ഥാപിക്കുക എന്നതാണ് വിസിഎയില്‍ നടക്കുന്നത്. 

എന്‍വൈയു ലാങ്‌ഗോള്‍ ഹെല്‍ത് ഫെയ്‌സ് ട്രാന്‍സ്പ്ലാന്റേഷന്‍ പ്രോഗ്രാം ഡയറക്ടര്‍ എഡ്യൂര്‍ഡോ ഡി റൊഡ്രീഗസിന്റെ നേതൃത്വത്തില്‍, വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള 140ലേറെ മെഡിക്കല്‍ വിദഗ്ധര്‍ ചേര്‍ന്നാണ് ഈ  ശസ്ത്രക്രിയ നിര്‍വ്വഹിച്ചത്. ഹൈ-വോള്‍ട്ടേജ് ലൈൻമാനായി ആയി ജോലി ചെയ്യുമ്പോൾ ഉണ്ടായ അപകടമാണ് ആര്‍ക്കിന്‍സൊയില്‍ നിന്നുള്ള ആരന്റെ മുഖത്തും കണ്ണിലും ആഘാതമേല്‍പ്പിച്ചത്. 

Representative Image. Image Credits: thomaguery/istockphoto.com
Representative Image. Image Credits: thomaguery/istockphoto.com

തങ്ങളുടെ ആദ്യത്തെ ഉദ്ദേശം ആരന്റെ മാറ്റിവയ്ക്കുന്ന കണ്ണ് ഉപകരിക്കും എന്ന് ഉറപ്പാക്കാനായിരുന്നു എന്ന് ഗവേഷകര്‍. സര്‍ജറിക്കായി ഉപയോഗിച്ച അതിനൂതന സമ്പ്രദായങ്ങള്‍ നിര്‍ണ്ണായകമായിരുന്നു എന്നാണ് ആരന്റെ ഇതുവരെയുള്ള പ്രതികരണത്തില്‍ നിന്ന് മനസിലായതെന്ന് മെഡിക്കല്‍ ടീംവിലയിരുത്തുന്നു. രക്തയോട്ടം പരമാവധി സാധ്യമാക്കുക എന്നതായിരുന്നു ടീമിന്റെ പ്രധാന ലക്ഷ്യം. ഇത് ശരിയാകുന്നില്ലെങ്കില്‍ ദീര്‍ഘകാലത്തേക്ക് സര്‍ജറിയുടെ ഗുണം നിലനില്‍ക്കില്ലെന്നാണ് അവര്‍ പറയുന്നത്. 

മാറ്റിവയ്ക്കപ്പെട്ട കണ്ണിലേക്ക് രക്തം എത്തും എന്ന് ഉറപ്പാക്കാനായി മൈക്രോവാസ്‌ക്യുലര്‍ ബൈപാസ് സമ്പ്രദായം വികസിപ്പിക്കുകയായിരുന്നു വിദഗ്ധര്‍. സമീപത്തുളള രക്തധമനികള്‍ പ്രയോജനപ്പെടുത്തി ആയിരുന്നു ബൈപാസ് നടത്തിയത്. കൃത്യമായി പറഞ്ഞാല്‍, സൂപ്പര്‍ഫിഷ്യല്‍ ടെംപൊറല്‍ ആര്‍ട്ടെറിയും വെയിനുമാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ഇവ റൊട്ടേറ്റ് ചെയ്ത്, മാറ്റിവച്ച കണ്ണിന്റെ ഒഫ്താല്‍മിക് ആര്‍ട്ടെറിയും വെയിനുമായി കണക്ടു ചെയ്യുകയായിരുന്നു. 

വിദഗ്ധര്‍ ഉപയോഗിച്ച നൂതന സമീപനം വഴി റെറ്റിനല്‍ ഇസ്‌കെമിയ (ischemia-രക്തയോട്ടം കുറയല്‍) നന്നായി കുറയ്ക്കാന്‍ സാധിച്ചു. അതേസമയം, മുഖത്തേക്കും കണ്ണിലേക്കുമുള്ള രക്തയോട്ടം പുനസ്ഥാപിക്കാനും സാധിച്ചു. കണ്ണു മാറ്റിവയ്ക്കലിലെ ഏറ്റവും വലിയ വെല്ലുവിളികളാണ് ഇവ. കണ്ണിലെയുംസമീപത്തെയും ടിഷ്യുകളിലെ സങ്കീര്‍ണ്ണമായ ഘടനകള്‍ നിലനിര്‍ത്താനും വിദഗ്ധര്‍ക്ക് സാധിച്ചു. 

ശരിയായ സര്‍ജിക്കല്‍ സമ്പ്രദായം അനുവര്‍ത്തിച്ചാല്‍ മുഴുവന്‍ കണ്ണും മാറ്റിവയ്ക്കാന്‍ സാധിക്കുമെന്നും, ഈ മാറ്റം ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്താന്‍ സാധിക്കുമെന്നും ആരന്റെമേല്‍ നടത്തിയ ശസ്ത്രക്രിയ തെറിയിച്ചിരിക്കുകയാണെന്ന്, എന്‍വൈയു ഗ്രോസ്മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെബ്രൂസ് ഇ ഗെല്‍ബ് പറഞ്ഞു. കാഴ്ച പുന:സ്ഥാപിക്കുക എന്നത് ശസ്ത്രക്രിയയുടെ ലക്ഷ്യമല്ല എന്ന കാര്യം ആരനെ ധരിപ്പിച്ചിരുന്നു എന്നും ഗവേഷകര്‍ പറയുന്നു. 

Image Credit: Sakorn saenudon/ Shutterstockphotos.com.
Image Credit: Sakorn saenudon/ Shutterstockphotos.com.

ആരന്റെ മാറ്റിവച്ച കണ്ണിന്റെ പ്രഷറും രക്തയൊട്ടവും ഇപ്പോള്‍ സാധരണഗതിയില്‍ നടക്കുന്നു. ഇ മൃഗങ്ങളില്‍ മാറ്റിവയ്ക്കപ്പെട്ട കണ്ണുകളുടെ വലിപ്പം കുറയുന്നതായും കണ്ടിരുന്നു. അതും ആരന്റെ കാര്യത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ല. എന്നാല്‍, ആരന് ഇതുവരെ കാഴ്ച തിരിച്ചുകിട്ടിയിട്ടില്ല. എങ്കിലും അങ്ങനെ സംഭവിച്ചേക്കും എന്ന ശുഭപ്രതീക്ഷയിലാണ് ഗവേഷകര്‍. എന്തായാലുആരന്‍ കൈവരിച്ച പുരോഗതിയില്‍ ശരിക്കും അത്ഭുതപ്പെട്ടിരിക്കുകയാണെന്നും ഗവേഷകര്‍ പറയുന്നു.

തീര്‍ത്തും അവിശ്വസനീയമായ കാര്യങ്ങളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇത് പുതിയ ക്ലിനിക്കല്‍ പ്രൊട്ടൊകോളുകളുടെ സൃഷ്ടിക്ക് വഴിവച്ചേക്കാമെന്നാണ്, ആരന്റെ ഓഫ്താല്‍മോളജിസ്റ്റ് ആയ ഡോ. വൈദേഹി ഡെഡാനിയ അഭിപ്രായപ്പെട്ടത്. മുപ്പതുകളിലുള്ള ഒരാളില്‍ നിന്നാണ് മുഖവും കണ്ണും മാറ്റിവച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കിടയില്‍ ഡോണറുടെ എല്ലുകളില്‍ നിന്നും ശേഖരിച്ച അഡള്‍ട്ട് സ്‌റ്റെം സെല്‍സ്, ആരന്റെ ഒപ്ടിക് നേര്‍വിലേക്ക് കുത്തിവച്ചിരുന്നു. വേഗം സുഖപ്പെടാനായിരുന്നു ഇത്. 

ആരന് ഇപ്പോള്‍ ഖരഭക്ഷണം കഴിക്കാന്‍ സാധിക്കുന്നു. ഗന്ധവും തിരിച്ചുകിട്ടി. ഇതു രണ്ടും വലിയ നാഴികക്കല്ലുകളാണെന്ന് ഗവേഷകര്‍ പറയുന്നു. താനിപ്പോള്‍ സാധാരണഗതിയിലുള്ള കാര്യങ്ങള്‍ ചെയ്തു തുടങ്ങിയെന്ന് ആരന്‍ ബിബിസിയോട് പറഞ്ഞു. അമേരിക്കയില്‍ ഫെയ്‌സ് ട്രാന്‍സ്പ്ലാന്റ് ചെയ്ത 19-ാമത്തെ വ്യക്തിയാണ് ആരന്‍. ഒരു കണ്ണ് മൊത്തത്തില്‍ മാറ്റിവയ്ക്കപ്പെട്ട ലോകത്തെ ആദ്യ വ്യക്തിയുമാണ് അദ്ദേഹം. ആരന് എങ്ങനെ കാഴ്ച തിരിച്ചു നല്‍കാന്‍ സാധിക്കും എന്ന പഠനത്തിലേര്‍പ്പെടാന്‍ ഒരുങ്ങുകയാണ് ഗവേഷകര്‍.

English Summary:

Witness a groundbreaking medical achievement as the world's first complete eye transplant surgery is declared a success! Learn how this pioneering procedure paves the way for complex organ transplants and offers new hope for vision restoration.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com