ADVERTISEMENT

കഷ്ടി അര കിലോഗ്രാം ഭാരമുള്ള ഒരു വസ്തു ചന്ദ്രനിലെത്തിച്ച് തിരികെ ഭൂമിയിലേക്കു കൊണ്ടുവരാന്‍ ഏകദേശം ഒരു ലക്ഷം ഡോളര്‍(ഏകദേശം 8.44 കോടി രൂപ) ആകുമെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ പരമാവധി കുറവു സാധനങ്ങള്‍ കൊണ്ടുപോവുന്നതും കൊണ്ടുപോവുന്ന ഓരോ ഗ്രാമും പരമാവധി ഉപയോഗിക്കുന്നതും മാലിന്യം കുറയ്ക്കുന്നതുമെല്ലാം അന്യഗ്രഹയാത്രകളുടെ പ്രധാന മന്ത്രങ്ങളായി മാറാറുണ്ട്. ചാന്ദ്ര ദൗത്യങ്ങളില്‍ പരമാവധി പുനരുപയോഗം സാധ്യമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. മികച്ച കണ്ടെത്തലുകള്‍ക്ക് പ്രോത്സാഹനം നല്‍കാനായി നാസ നീക്കിവെച്ചിരിക്കുന്നത് ചെയ്യുന്നത് 25 കോടി രൂപയാണ്(30 ലക്ഷം ഡോളര്‍)!

ആര്‍ട്ടിമിസ് അടക്കമുള്ള ചാന്ദ്ര ദൗത്യങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ സജീവമാക്കുന്നതിന്റെ ഭാഗമായാണ് നാസ പുതിയ വെല്ലുവിളിയുമായി എത്തിയിരിക്കുന്നത്. LunaRecycle Challenge എന്നു പേരിട്ടിരിക്കുന്ന ഈ ചലഞ്ച് ഘട്ടങ്ങളായാണ് നടത്തുക. ബഹിരാകാശ ദൗത്യങ്ങളില്‍ ഭൂമിയില്‍ നിന്നും കൊണ്ടുപോവുന്ന വസ്തുക്കള്‍ പാഴാവുന്നത് എങ്ങനെ പരമാവധി കുറയ്ക്കാം? എങ്ങനെയൊക്കെ പുനരുപയോഗിക്കാം? എങ്ങനെ സാധനങ്ങള്‍ കുറയ്ക്കാം? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുകയാണ് നാസയുടെ ലക്ഷ്യം. ഈ ലക്ഷ്യങ്ങള്‍ നേടാനായി നിങ്ങളുടെ കൈവശം എന്തൊക്കെ പദ്ധതികളുണ്ടെന്നാണ് ലോകത്തോട് നാസ ചോദിക്കുന്നത്. 

ലൂണാറിസൈക്കിള്‍ ചലഞ്ച്

രണ്ട് ട്രാക്കുകളിലായി രാജ്യാന്തര തലത്തില്‍ നടത്തുന്ന മത്സരമാണ് ലൂണാറി സൈക്കിള്‍ ചലഞ്ച്. ബഹിരാകാശ യാത്രകളില്‍ വിഭവങ്ങളെ പരമാവധി ഉപയോഗിക്കാനുള്ള മാര്‍ഗങ്ങള്‍ പൊതുജനങ്ങളില്‍ നിന്നടക്കം ശേഖരിക്കുകയാണ് ലക്ഷ്യം. ഒരു വര്‍ഷത്തോളം നീളുന്ന അന്യഗ്രഹ ദൗത്യങ്ങളിലുണ്ടാവുന്ന മാലിന്യങ്ങള്‍ പരമാവധി പുനരുപയോഗിക്കാനുള്ള മാര്‍ഗങ്ങളും ഈ ചലഞ്ച് വഴി തേടുന്നുണ്ട്. ടീമുകളായാണ് ഈ ചലഞ്ചില്‍ പങ്കെടുക്കാനാവുക. ഏതെങ്കിലും ഒരു ട്രാക്കിലോ രണ്ടിലും കൂടിയോ പങ്കെടുക്കാനും അവസരമുണ്ട്. അമേരിക്കന്‍ പൗരന്മാരല്ലാത്തവര്‍ക്കും ഈ ടീമുകളുടെ ഭാഗമാകാം. 

പ്രോട്ടോടൈപ്പ് ബില്‍ഡ് ട്രാക്ക്

മാലിന്യങ്ങള്‍ പുനരുപയോഗിക്കുകയും കുറക്കുകയും ചെയ്യുന്നതിന് വേണ്ട സംവിധാനങ്ങളുടെ രൂപകല്‍പനയാണ് ഈ ഘട്ടത്തില്‍ നടക്കുക. വിശദമായ ഡിസൈനുകളും പ്രോട്ടോടൈപ്പുകളും നിര്‍മിക്കേണ്ടി വരും. ഭൂമിയില്‍ നിന്നും കൊണ്ടുപോവുന്ന ഒരു വസ്തുക്കളും ചന്ദ്രനില്‍ ഉപേക്ഷിക്കരുതെന്നും മാലിന്യങ്ങളാണെങ്കിലും അവ തിരികെ ഭൂമിയിലെത്തിക്കണമെന്നും നിബന്ധനയുണ്ട്. ചന്ദ്രന്റെ ഉപരിതലത്തിലെ ഖരമാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനും പുനരുപയോഗിക്കുന്നതിനുമാണ് മുന്‍തൂക്കം നല്‍കുക. ടീമുകള്‍ക്ക് ഒന്നോ അതിലധികമോ ആശയങ്ങള്‍ അവതരിപ്പിക്കാനാവും. 

ഡിജിറ്റല്‍ ട്വിന്‍ ട്രാക്ക്

ചന്ദ്രനിലെത്തുന്ന സഞ്ചാരികളുടെ മാലിന്യങ്ങളെ സംസ്‌ക്കരിക്കുകയും പുനരുപയോഗിക്കാവുന്ന രൂപത്തിലാക്കുകയും ചെയ്യുന്ന സംവിധാനം രൂപകല്‍പന ചെയ്യുന്നതിനൊപ്പം നിര്‍മിക്കുകയുമാണ് ഈ വിഭാഗത്തിലെ വെല്ലുവിളി. ഒന്നോ അതിലധികമോ മാലിന്യങ്ങളെ സംസ്‌ക്കരിക്കാനും പുനരുപയോഗിക്കാനുമുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കേണ്ടി വരും. ജൈവ മാലിന്യങ്ങളേക്കാള്‍ തുണിത്തരങ്ങള്‍, വിവിധ സാധനങ്ങളുടെ പാക്കിങ് എന്നിങ്ങനെയുള്ളവ എങ്ങനെ പരമാവധി ഉപയോഗപ്രദമായി കൈകാര്യം ചെയ്യാമെന്നതാവും വെല്ലുവിളി. നേരിട്ട് അന്തിമ സംവിധാനം രൂപകല്‍പ്പന ചെയ്യുകയും നിര്‍മിക്കുകയുമാണ് ചെയ്യുക. അതുകൊണ്ട് പ്രോട്ടോടൈപ്പ് ഉണ്ടാക്കിയ ശേഷം യഥാര്‍ഥ സംവിധാനം നിര്‍മിച്ച് പരീക്ഷിച്ചറിയാന്‍ വേണ്ടി വരുന്ന സമയനഷ്ടം വരുന്നില്ല. 

നാസ പ്രതീക്ഷിക്കുന്നത്

ചന്ദ്രനിലെ കാലാവസ്ഥയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന മാലിന്യ പുനരുപയോഗ സംവിധാനങ്ങളാണ് ലൂണറിസൈക്കിള്‍ ചാലഞ്ച് വഴി നാസ തേടുന്നത്. പരാവധി മാലിന്യം കുറക്കുന്നതു വഴി ദീര്‍ഘകാല ചാന്ദ്ര ദൗത്യങ്ങള്‍ കൂടുതല്‍ മികച്ച രീതിയില്‍ നടത്താന്‍ നാസക്ക് സാധിക്കും. ലോജിസ്റ്റിക്‌സ് ട്രാക്കിങ്, ചന്ദ്രനിലെത്തുന്നവര്‍ എങ്ങനെ മാലിന്യങ്ങളെ കൈകാര്യം എന്നു നിര്‍ദേശിക്കുന്നത്, മാലിന്യങ്ങളില്‍ നിന്നും പുതിയ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നത് എന്നിങ്ങനെ വിവിധ മേഖലകളില്‍ പുതിയ കണ്ടെത്തലുകള്‍ നാസ പ്രതീക്ഷിക്കുന്നുണ്ട്. 

ആദ്യഘട്ടത്തില്‍ 16 ടീമുകള്‍ക്ക് വരെ അനുമതി ലഭിക്കാമെന്നാണ് നാസ അറിയിക്കുന്നത്. ഈ ടീമുകള്‍ക്കെല്ലാം അവരുടെ ഭാവനയിലെ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ വേണ്ട സാമ്പത്തിക സഹായമാണ് നല്‍കുക. ഡിജിറ്റല്‍ ട്വിന്‍ ട്രാക്കിലേക്ക് യോഗ്യത നേടുന്ന എട്ടു ടീമുകള്‍ക്ക് അരലക്ഷം ഡോളര്‍ വീതം സമ്മാനതുക ലഭിച്ചേക്കും. പ്രോടൈപ്പ് ബില്‍ഡ് ട്രാക്കിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന എട്ടു ടീമുകള്‍ക്ക് 75,000 ഡോളര്‍ വീതമാണ് സാമ്പത്തിക സഹായം ലഭിക്കുക. ഡിജിറ്റല്‍ ട്രാക്കിലേക്ക് ആറു ലക്ഷം ഡോളറും പ്രോട്ടോടൈപ്പ് ബില്‍ഡ് ട്രാക്കിലേക്ക് 1.4 ദശലക്ഷം ഡോളറും നാസ വകയിരുത്തിയിട്ടുണ്ട്. 

ആദ്യഘട്ടത്തിലെ മത്സരത്തിനായി ഒരു ദശലക്ഷം ഡോളറാണ് നാസ അനുവദിച്ചിരിക്കുന്നത്. ഏതു സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്, ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള കണക്കുകൂട്ടലുകള്‍, പ്രോട്ടോടൈപ്പ് നിര്‍മാണം എന്നിവയെല്ലാം ഡിജിറ്റല്‍ ട്വിന്‍ ട്രാക്കില്‍ നടക്കും. രണ്ടാം ഘട്ടത്തിലെ വിജയികളെ കാത്തിരിക്കുന്നത് രണ്ടു ദശലക്ഷം ഡോളറാണ്. 

എപ്പോള്‍ വരെ അപേക്ഷിക്കാം?

ആദ്യഘട്ടത്തിന്റെ റജിസ്‌ട്രേഷന്‍ 2023 സെപ്തംബര്‍ 30 മുതല്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. റജിസ്‌ട്രേഷനുള്ള അവസാന ദിവസം 2025 മാര്‍ച്ച് 31 ആണ്. തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകള്‍ 2025 മെയ് മാസത്തില്‍ നാസ പ്രഖ്യാപിക്കും. തെരഞ്ഞെടുക്കപ്പെട്ടവരുടെ രജിസ്‌ട്രേഷന്‍ സ്ഥിരീകരിക്കുന്നത് ഇമെയില്‍ വഴിയാണ്. ലൂണാറിസൈക്കിള്‍ ചലഞ്ചിന്റെ വെബ് സൈറ്റില്‍ ടീമുകളുടെ യോഗ്യത ഉറപ്പിക്കാന്‍ എന്തൊക്കെ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് വിശദമായി പറഞ്ഞിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ ലൂണാറിസൈക്കിള്‍ ചലഞ്ചിന്റെ വെബ്‌സൈറ്റിലെ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് ഫോം 2025 മാര്‍ച്ച് 31ന് മുമ്പ് പൂരിപ്പിച്ചു നല്‍കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com