ചൊവ്വയിലെ വിചിത്ര ചിലന്തിവലകൾ! ജീവന്റെ കുരുക്കുകൾ? പൊരുളറിയാൻ ക്യൂരിയോസിറ്റി
Mail This Article
ചൊവ്വയിലെ ഗാലി ക്രേറ്ററിൽ ക്യൂരിയോസിറ്റി റോവർ ലാൻഡ് ചെയ്തിട്ടു 12 വർഷങ്ങളായി. 2012 ഓഗസ്റ്റ് അഞ്ചിനായിരുന്നു റോവർ ലാൻഡ് ചെയ്തത്. സൂക്ഷ്മജീവാണുക്കൾ ചൊവ്വയിലുണ്ടായിരുന്നോ എന്നുള്ളതായിരുന്നു റോവർ പ്രധാനമായും തിരഞ്ഞത്. ചൊവ്വയിലെ പ്രശസ്ത ദൗത്യമായ ക്യൂരിയോസിറ്റി സംബന്ധിച്ച് ഇപ്പോൾ പുതിയൊരു വെളിപ്പെടുത്തൽ വന്നിരിക്കുകയാണ്.
ചൊവ്വയിലെ ഷാർപ് പർവതത്തിനു സമീപത്തേക്കു കടന്നിരിക്കുകയാണ് ക്യൂരിയോസിറ്റി. ഇവിടെയുള്ള ബോക്‌സ് വർക് എന്ന ഘടനയാണ് ക്യൂരിയോസിറ്റി പരിശോധിക്കാൻ തുടങ്ങുന്നത്. വലിയ ചിലന്തിവലകളെ അനുസ്മരിപ്പിക്കുന്നതാണ് ബോക്‌സ്വർക്. ചൊവ്വയുടെ ഉപരിതലത്തിലുള്ള വെള്ളം വറ്റിയതിനെത്തുടർന്നാണ് ഇവ ഉടലെടുത്തതെന്ന് കരുതപ്പെടുന്നു.
കഴിഞ്ഞ വർഷം ക്യൂരിയോസിറ്റി ഗാലി ക്രേറ്ററിലെ ജെഡിസ് വാലിസ് ചാനലിൽ പര്യവേക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.ചൊവ്വയിൽ ഏകദേശം 10 മുതൽ 20 കിലോമീറ്റർ വരെ ദൂരത്തായി വ്യാപിച്ചു കിടക്കുന്ന ഘടനകളാണ് ഇവ. ഇവ ശരിക്കും എങ്ങനെയുണ്ടായി, ഇവയുടെ പിന്നിൽ എന്തെല്ലാം ജൈവപ്രക്രിയകളുണ്ട് തുടങ്ങിയ ചോദ്യങ്ങളൊക്കെ ഉയരുന്നുണ്ട്.
ഇത്തരം ഘടനകൾ ഭൂമിയിലും കാണപ്പെട്ടിട്ടുണ്ട്. ഗുഹകളിലും മറ്റുമാണ് ഇവ പൊതുവെ കാണപ്പെടുന്നത്. ഇത്തരം ഘടനകളിൽ സൂക്ഷ്മജീവികളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ ചൊവ്വയിലെ ഈ ഘടനകളും ശാസ്ത്രജ്ഞർക്ക് ആശ്ചര്യമുണർത്തുന്നു.ഒരു പ്രാചീനകാലത്ത് ഇവിടെ ജീവനുണ്ടായിരുന്നിരിക്കാം എന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്.