അതിവേഗ നക്ഷത്രങ്ങൾക്ക് പിന്നില്‍ അന്യഗ്രഹജീവികൾ!, ഊര്‍ജ സ്രോതസുകള്‍ തേടുന്നതടക്കം പല കാരണങ്ങളും
Mail This Article
സാധാരണ നക്ഷത്രങ്ങളെ അപേക്ഷിച്ച് അതിവേഗത്തില്‍ ചലിക്കുന്ന നക്ഷത്രങ്ങളുണ്ട് നമ്മുടെ പ്രപഞ്ചത്തില്‍. ഈ അതിവേഗ നക്ഷത്രങ്ങള്‍ക്കു പിന്നില്‍ അന്യഗ്രഹജീവികളാവാമെന്നാണ് ഗവേഷകര്‍ മുന്നോട്ടുവെക്കുന്ന വാദം. കൂടുതല്‍ വലിയ ഊര്‍ജ സ്രോതസുകള്‍ തേടുന്നതടക്കം പല കാരണങ്ങളും ഇത്തരം പ്രപഞ്ച യാത്രകള്‍ക്കു പിന്നിലുണ്ടായേക്കാമെന്നും ദീര്‍ഘകാലമായി പ്രപഞ്ചത്തിലുള്ള അന്യഗ്രഹ ജീവികള്‍ ഇതിനു വേണ്ട സംവിധാനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടാവാമെന്നുമാണ് ഗവേഷകര്‍ വാദിക്കുന്നത്.
നക്ഷത്രങ്ങള്‍ തമ്മിലുള്ള അകലം കണക്കിലെടുക്കുമ്പോഴാണ് വിദൂര പ്രപഞ്ചത്തിലേക്കുള്ള യാത്രകള്‍ ഒരു പരിധി വരെ അസാധ്യമായി മാറുന്നത്. നിലവിലെ സാങ്കേതിക വിദ്യകള്‍ക്കനുസരിച്ച് തൊട്ടടുത്ത നക്ഷത്രത്തിന്റെ പരിസരത്തെത്തണമെങ്കില് 70,000 വര്‍ഷമെങ്കിലും യാത്ര ചെയ്യണം. അതുകൊണ്ടാണ് ഇത്തരം യാത്രകള്‍ മനുഷ്യര്‍ക്ക് നിലവില്‍ അസാധ്യമാണെന്നു പറയേണ്ടി വരുന്നത്. ഇതിനേക്കാളുപരിയായി സ്വന്തം ഗ്രഹവും നക്ഷത്രവും വിട്ടു പോവുമ്പോഴുള്ള വെല്ലുവിളികള്‍ വേറെയുമുണ്ട്.
മാതൃ ഗ്രഹവും നക്ഷത്രവും വിട്ടു പോവാതെ നക്ഷത്രത്തെ തന്നെ റോക്കറ്റാക്കി മുന്നോട്ടു പോവുകയെന്ന ആശയമാണ് ഗവേഷകര്‍ പങ്കുവെക്കുന്നത്. എന്തെങ്കിലും മാര്‍ഗങ്ങളിലൂടെ കൂടുതല്‍ ഇന്ധനം കത്തിച്ചുകൊണ്ട് നക്ഷത്രത്തിന്റെ വേഗത വര്‍ധിപ്പിക്കാനുള്ള സാധ്യതയാണ് മുന്നോട്ടുവെക്കുന്നത്. നക്ഷത്രങ്ങള്‍ക്കൊപ്പം മറ്റു ഗ്രഹങ്ങളും വേഗതയോടെ ലക്ഷ്യത്തിലേക്ക് കുതിക്കുകയും ചെയ്യും.
ബെല്‍ജിയം ബ്രസല്‍സിലെ വ്രേയ സര്‍വകലാശാലയിലെ ക്ലമന്റ് വിദാല്‍ അവതരിപ്പിച്ച പഠനത്തിലാണ് അതിവേഗ നക്ഷത്രങ്ങള്‍ക്കു പിന്നില്‍ അന്യഗ്രഹ ജീവികളാകാമെന്നു പറയുന്നത്. പ്രപഞ്ചത്തിലെ ഭൂരിഭാഗം നക്ഷത്രങ്ങളും ഒറ്റക്കല്ല. മറിച്ച് ബൈനറി സംവിധാനത്തില്‍ ഇരട്ടകളായിട്ടാണുള്ളത്. നമ്മുടെ സൂര്യന്റേതു പോലുള്ള ഒറ്റ നക്ഷത്രങ്ങളെ അപേക്ഷിച്ച് ഇരട്ട നക്ഷത്രങ്ങള്‍ കേന്ദ്രമായുള്ള സംവിധാനങ്ങള്‍ക്ക് നിരവധി വ്യത്യാസങ്ങളും അധിക മേന്മകളുമുണ്ട്.
ഏതെങ്കിലും രീതിയില്‍ നക്ഷത്രത്തില്‍ നിന്നും ഊര്‍ജം കൂടിയ അളവില്‍ പുറന്തള്ളാനുള്ള മാര്‍ഗം അന്യഗ്രഹ ജീവികള്‍ കണ്ടുപിടിച്ചിട്ടുണ്ടാവാമെന്നാണ് വിദാലിന്റെ പഠനം കണക്കുകൂട്ടുന്നത്. കാന്തിക മണ്ഡലത്തെ സ്വാധീനിച്ചിട്ടോ നക്ഷത്രങ്ങളിലെ ജ്വലനം വര്‍ധിപ്പിച്ചോ ഒക്കെയാവാം ഇത്. മാര്‍ഗങ്ങള്‍ എന്തു തന്നെയായാലും സാധാരണയിലും കൂടുതല്‍ ഊര്‍ജം പുറന്തള്ളുന്നതോടെ നക്ഷത്രങ്ങളുടെ സഞ്ചാര വേഗത വര്‍ധിക്കുകയും ചെയ്യും.
വിദാലിന്റെ പഠനത്തില്‍ സൂചിപ്പിക്കുന്നതുപോലെയുള്ള അതിവേഗത്തില്‍ സഞ്ചരിക്കുന്ന നക്ഷത്രങ്ങള്‍ നമ്മള് കണ്ടെത്തിയിട്ടുണ്ട്. ബ്ലാക്ക് വിഡോ പള്‍സര്‍, റെഡ്ബാക്ക് പള്‍സര്‍ എന്നിവയെല്ലാം അതിവേഗ നക്ഷത്രങ്ങള്ക്കുദാഹരണമാണ്. എന്നാല്‍ ഇവയുടെ അതിവേഗതക്കു പിന്നില്‍ അന്യഗ്രഹ ജീവികളാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകള്‍ നമുക്ക് ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും അങ്ങനെയൊരു സാധ്യതയാണ് ക്ലമന്റ് വിദാലിന്റെ പഠനം മുന്നോട്ടുവെക്കുന്നത്.