ADVERTISEMENT

റഷ്യയിലെ മാനത്ത് അഗ്നിഗോളം പോലെ പൊട്ടിച്ചിതറിയ ഛിന്നഗ്രഹം  രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായി. റഷ്യൻ ചരിത്രത്തിൽ തന്നെ ഏറ്റവും ദുരൂഹതകൾ സ്ഥിതി ചെയ്യുന്ന മേഖലയാണ് സൈബീരിയ.  യുറാൽ പർവതനിരകൾ മുതൽ ശാന്തസമുദ്രം വരെ വ്യാപിച്ചുകിടക്കുന്ന ഈ മേഖല  റഷ്യയിൽ പ്രക്ഷോഭങ്ങളുണ്ടാക്കിയവരെ നാടുകടത്തി തടവിലാക്കുന്ന മേഖല എന്ന നിലയിൽ കുപ്രസിദ്ധി നേടിയിട്ടുണ്ട്.ഗുലാഗുകളും തടവറകളുമൊക്കെ നിലനിന്ന മഞ്ഞുമൂടിയ ഈ ഇടത്തിൽ അനേകവർഷം പഴക്കമുള്ള സ്ഥിര ഹിമ നിക്ഷേപമുണ്ട്. പെർമഫ്രോസ്റ്റ് എന്നറിയപ്പെടുന്നു ഇത്.

റഷ്യയിലെ ഏറ്റവും നിഗൂഢമായ സ്ഥലം.

Image Credit: NASA
Image Credit: NASA

അങ്ങനെയാണ് പാറ്റോമിസ്കി ക്രേറ്റർ എന്ന പടുകുഴി വിശേഷിപ്പിക്കപ്പെടുന്നത്. സൈബീരിയിലെ ഇർകുട്സ്കിലാണ് ഇത്.1949ൽ റഷ്യ സോവിയറ്റ് യൂണിയനായിരുന്ന സമയത്ത് വാദിം കോൽപകോവ് എന്ന ജിയോളജിസ്റ്റ് സൈബീരിയയിലേക്ക് ഒരു പര്യടനം നടത്തി. വിദൂരത്തുള്ള ഒരു സ്ഥലം തേടിയായിരുന്നു ആ യാത്ര. സഞ്ചരിച്ച് സഞ്ചരിച്ച് അദ്ദേഹം ഇർകുട്സ്ക് എന്ന മേഖലയുടെ ഉത്തരഭാഗത്തുള്ള സ്ഥലത്തെത്തി.കന്നുകാലികളെയും കുതിരകളെയും റെയിൻഡീറുകളെയും വളർത്തുന്ന യാക്കൂട്ട് സമൂഹമാണ് അവിടെ കൂടുതൽ.

യാക്കൂട്ടുകൾ കോൽപകോവിനോട് കാട്ടിനുള്ളിൽ ഒരു ഭീകര സ്ഥലമുണ്ടെന്നു പറഞ്ഞു. അഗ്നിപ്പരുന്തിന്റെ കൂടെന്നായിരുന്നു ആ പ്രദേശത്തെ യാക്കൂട്ടുകൾ വിളിച്ചിരുന്നത്. ഇവിടെയുള്ള കാടിനു ജീവനുണ്ടെന്നും ഇങ്ങോട്ടേക്ക് അതിക്രമിച്ചുകടക്കുന്നവരെ കാടു കൊലപ്പെടുത്തുമെന്നും അവർ കോൽപകോവിനോടു പറഞ്ഞു. മാനുകളും മറ്റു മൃഗങ്ങളും അഗ്നിപ്പരുന്തിന്റെ കൂടി നരികിലേക്കു പോകാൻ ഭയപ്പെടുമെന്നും അവർ പറഞ്ഞു.

കോൽപകോവ് മുന്നോട്ടു പോകാൻ തീരുമാനിച്ചു. ആ യാത്ര അഗ്നിപ്പരുന്തിന്റെ കൂടെന്നു വിളിക്കപ്പെടുന്ന പ്രദേശത്തെത്തി. അഗ്നിപർവതത്തിനോട് രൂപത്തിൽ സാമ്യം പുലർത്തുന്ന ഇരുപത്തിയഞ്ച് നിലക്കെട്ടിടത്തിന്റെ പൊക്കമുള്ള കോണാകൃതിയിലുള്ള ഒരു ഘടന. അതിന്റെ നടുക്കായി ഒരു പടുകുഴി. കോൽപകോവ് കണ്ടെത്തിയ ഈ വിചിത്രഘടനയാണു പാറ്റോമിസ്കി ക്രേറ്റർ.

ഉറങ്ങുന്ന അഗ്നിപർവതമാണോ അതോ മനുഷ്യനിർമിതമായ ഘടനയാണോ ഇതെന്നൊക്കെ കോൽപകോവ് ചിന്തിച്ചുപോയി.ഈ മേഖലയ്ക്കു ചുറ്റും താമസിക്കുന്ന യാക്കൂട്ടുകൾക്ക് ഇത്ര വലിയ അളവിലുള്ള ഒരു നിർമിതി നടത്താനുള്ള ശേഷിയൊന്നുമുണ്ടായിരുന്നില്ല.

asteroid - 1

200 വർഷത്തിലധികം ഈ ഘടനയ്ക്കും പടുകുഴിക്കും പഴക്കമുണ്ടെന്ന് കോൽപകോവ് പരിശോധിച്ച് ഉറപ്പുവരുത്തി. ഇതിൽ മരങ്ങളോ സസ്യങ്ങളോ മൃഗങ്ങളോ ഇല്ലായിരുന്നു. എന്നാൽ ഇതിനു ചുറ്റും നിബിഡ വനങ്ങൾ വളർന്നിരുന്നു.ഉൽക്ക വീണതു മൂലമുണ്ടായ പടുകുഴിയാണിതെന്ന് സംശയിക്കപ്പെട്ടെങ്കിലും അവശിഷ്ടങ്ങളൊന്നും കാണാത്തതിനാൽ ഇതു തള്ളപ്പെട്ടു.

ഇന്നും ഇതൊരു പിടികിട്ടാ രഹസ്യം

2005ൽ യൂജിനി വോറോബിയേവ് എന്ന മറ്റൊരു ജിയോളജിസ്റ്റ് ഈ പടുകുഴിയെപ്പറ്റി പഠിക്കാനെത്തി. എന്നാൽ ഹൃദയാഘാതത്താൽ അദ്ദേഹം മരിച്ചു. കൂടിനു ചുറ്റുമുള്ള വനം  അദ്ദേഹത്തെ കൊന്നെന്നാണു നാട്ടുകാർ വിശ്വസിക്കുന്നത്.സൈബീരിയയിൽ വിചിത്ര ഘടനയോടെ നിലകൊള്ളുന്ന ഈ ഗർത്തം എന്താണ്. ഇന്നും ഇതൊരു പിടികിട്ടാ രഹസ്യമാണ്. അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടുള്ളതാണ് ഇതെന്നൊക്കെ ചിലർ ദുരൂഹസിദ്ധാന്തങ്ങൾ ഇറക്കിയിട്ടുമുണ്ട്.

English Summary:

Explore the chilling mystery of Patomskiy Crater in Siberia, a place shrouded in local legends and scientific speculation. Was it formed by a meteorite, a volcano, or something else entirely?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com