ADVERTISEMENT

ഭൂമിക്കടിയിൽ ഹൈഡ്രജന്റെ ഒരു വലിയ നിധിയുണ്ട്. അതിലൊരു ഭാഗം കിട്ടിയാൽ പിന്നെ ഫോസിൽ ഇന്ധനത്തെ ആശ്രയിക്കേണ്ട കാര്യം 2 നൂറ്റാണ്ടിലേക്ക് ഉണ്ടാകില്ലെന്നാണ് ഗവേഷകർ പറയുന്നത്. പാറകളിലും ഭൂഗർഭ ശ്രോതസ്സുകളിലുമായി ഏകദേശം 6.2 ട്രില്യൻ ടൺ ഹൈഡ്രജൻ ഭൂമിയിലുണ്ടെന്നാണു കണക്ക്. ഭൂഗർഭനിക്ഷേപമായി ഉണ്ടെന്നു കരുതുന്ന എണ്ണയുടെ 26 മടങ്ങാണ് ഇത്.എന്നാൽ നിലവിൽ ഇതു  ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയിലാണ്.

ഒഫിയോലൈറ്റ് എന്ന ഭൗമഘടന

വളരെ ആഴത്തിലോ അല്ലെങ്കിൽ വിദൂര ഓഫ്‌ഷോർ മേഖലയിലോ ആയിട്ടാകും ഹൈഡ്രജൻ സ്ഥിതി ചെയ്യുക.
യൂറോപ്യൻ രാജ്യമായ അൽബേനിയയിലെ ക്രോമിയം ഖനിക്ക് താഴെയായി വിപുലമായ ഹൈഡ്രജൻ ശേഖരമുണ്ടെന്ന് ഈ വർഷമാദ്യം കണ്ടെത്തിയിരുന്നു. ഭൂമിയുടെ പുറംകാമ്പായ ക്രസ്റ്റിലും മധ്യകാമ്പായ മാന്റിലിലുമായാണ് ഈ ഹൈഡ്രജൻ നിക്ഷേപം സ്ഥിതി ചെയ്യുന്നതത്രേ. ഇവിടെ ഒഫിയോലൈറ്റ് എന്ന ഭൗമഘടന സ്ഥിതി ചെയ്യുന്നുണ്ട്.

ഭൂമിയിലെ ടെക്ടോണിക് പ്ലേറ്റുകൾ തമ്മിൽ നടക്കുന്ന ചലന പ്രവർത്തനങ്ങളാലാണ് ഇത്തരം ഘടനകൾ ഉടലെടുക്കുന്നത്. തുർക്കി മുതൽ സ്ലോവേനിയ വരെ വ്യാപിച്ചു കിടക്കുന്നതാണ് അൽബേനിയയിലുണ്ടെന്നു പറയപ്പെടുന്ന ഈ ഒഫിയോലൈറ്റ് ഘടന. ലോകത്ത് പലയിടത്തും ഇത് കാണപ്പെടുന്നു. ഇവയിൽ ഡ്രില്ലിങ് നടത്തുമ്പോൾ ഹൈഡ്രജൻ വാതകം പുറന്തള്ളുന്നതായി കണ്ടെത്തിയിട്ടുണ്ട്.അൽബേനിയയിലെ ടിരാനയിൽ നിന്ന് 40 കിലോമീറ്റർ വടക്കുകിഴക്കായാണ് ബുൽകിസ് എന്ന ക്രോമിയം ഖനി സ്ഥിതി ചെയ്യുന്നത്.

ഹാനികരമായ അവശിഷ്ടങ്ങളൊന്നും പുറത്തുവിടില്ല

ഈ ഖനിയുടെ മുകളിൽ നിന്ന് വിപുലമായ ഹൈഡ്രജൻ വാതകമേഘങ്ങൾ കണ്ടെത്തിയതാണ് ഖനിക്കുകീഴെ വലിയ ഹൈഡ്രജൻ നിക്ഷേപമുണ്ടെന്ന അനുമാനത്തിലേക്ക് ശാസ്ത്രജ്ഞരെ എത്തിച്ചത്.ലോകത്ത് ഏറെ ശ്രദ്ധ നേടുന്ന ഹരിത ഇന്ധനമാണ് ഹൈഡ്രജൻ. കാർബൺ അധിഷ്ഠിത പരമ്പരാഗത ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനും കൂടുതൽ പരിസ്ഥിതി സൗഹൃദമായ പ്രവർത്തനങ്ങൾ നടത്താനും ഹൈഡ്രജൻ ഇന്ധനം വഴിയൊരുക്കും. ഹാനികരമായ അവശിഷ്ടങ്ങളൊന്നും തന്നെ ഹൈഡ്രജൻ മൂലമുള്ള ജ്വലനം പുറത്തുവിടില്ലെന്നതും പ്രത്യേകതയാണ്.

വെള്ളമായിരിക്കും ഹൈഡ്രജനും ഓക്സിജനും ചേർന്നുള്ള ജ്വലനത്തിലൂടെ പുറത്തുവരുന്ന അവശിഷ്ടവസ്തു. ഇത് പ്രയോജനകരവുമാണ്. ഇന്ന് വ്യവസായങ്ങൾ മുതൽ വാഹനങ്ങളിൽ വരെ ഹൈഡ്രജൻ അധിഷ്ഠിത ഇന്ധനങ്ങൾ പ്രതീക്ഷ നൽകുന്നു. ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന കാറുകളും മറ്റും അടുത്തിടെ പല പ്രമുഖ കമ്പനികളും പുറത്തിറക്കിയത് ലോകശ്രദ്ധ നേടിയിരുന്നു. എന്നാൽ ഹൈഡ്രജൻ ഖനനം ചെയ്തെടുക്കുന്നത് ശ്രമകരവും സങ്കീർണവുമായ പ്രവൃത്തിയാണ്. അതിനാൽ തന്നെ ഈ ഇന്ധനത്തെ ശരിയായ മികവിൽ ഉപയോഗിക്കാനുള്ള മനുഷ്യരുടെ ശ്രമങ്ങൾ ബാലദശയിലാണെന്നു പറയാം. ശുദ്ധീകരിച്ച ഹൈഡ്രജൻ ശേഖരിച്ചുവയ്ക്കുന്നതും ദുഷ്‌കരമായ പ്രവൃത്തിയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com