സാങ്കേതിക പ്രശ്നം, പരീക്ഷണങ്ങൾ ആവശ്യം; സ്‌പെയ്‌ഡെക്‌സ് ഡോക്കിങ് തീയതി മാറ്റി ഐഎസ്ആർഒ
Mail This Article
ബഹിരാകാശ ശാസ്ത്ര രംഗത്ത് പുതു ചരിത്രം കുറിക്കാനൊരുങ്ങുന്ന സ്‌പെയ്‌ഡെക്‌സ് ദൗത്യത്തിന്റെ ഡോക്കിങിന്റെ തീയതി മാറ്റി ഐഎസ്ആർഒ. പരാജയപ്പെടാൻ സാധ്യതയുള്ള (അബോർട്ട്) ഒരു സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനാല്‍ കൂടുതൽ ഗ്രൗണ്ട് സിമുലേഷനുകൾ ആവശ്യമായി വന്നതിനാലാണ് മാറ്റിവച്ചതെന്ന് ഇസ്രോ എക്സിൽ പോസ്റ്റ് ചെയ്തു. 7ന്(ചൊവ്വ) നിശ്ചയിച്ചിരുന്ന ഡോക്കിങ് ഇപ്പോൾ 9നാണ് പദ്ധതിയിട്ടിരിക്കുന്നത്.
സ്‌പെയ്‌ഡെക്‌സ് ദൗത്യം
ഡിസംബര്‍ 30ന് രാത്രി പത്തു മണിക്ക് സ്‌പെയ്‌ഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായുള്ള 220 കിലോഗ്രാം ഭാരമുള്ള രണ്ട് ചെറു സാറ്റലൈറ്റുകളുമായാണ് പിഎസ്എല്‍വി 60 റോക്കറ്റ് പറന്നുയര്‍ന്നത്. ചേസര്‍(എസ്.ഡി.എക്‌സ്.01), ടാര്‍ഗറ്റ്(എസ്.ഡി.എക്‌സ്.02) ഉപഗ്രഹങ്ങളാണ് പ്രധാന പേലോഡുകള്‍.
സ്‌പേസ് ഡോക്കിങ്
മുന്‍ നിശ്ചയിച്ച പ്രകാരം 475 കിലോമീറ്റര്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് സാറ്റലൈറ്റുകളെ എത്തിച്ചത്. ചേസര്‍, ടാര്‍ഗറ്റ് എന്നിങ്ങനെ പേരിട്ട ഈ രണ്ടു കൃത്രിമ ഉപഗ്രഹങ്ങളും വരും ദിവസങ്ങളില്‍ പരസ്പരം കൂടുതല്‍ അകലങ്ങളിലേക്കു നീങ്ങും. ഏകദേശം 20 കിലോമീറ്റര്‍ വരെ അകലത്തിലേക്ക് ഇവ എത്തിയ ശേഷം കൃത്രിമ ഉപഗ്രഹങ്ങളെ ഘട്ടം ഘട്ടമായി പരസ്പരം അടുപ്പിക്കുകയും കൂട്ടിയോജിപ്പിക്കുകയും ചെയ്യും. ഈ പ്രക്രിയയെയാണ് സ്‌പേസ് ഡോക്കിങ് എന്നു വിളിക്കുന്നത്.
ചന്ദ്രയാന്‍ 4 ദൗത്യത്തിലും ഗഗന്‍യാനിനും ഭാരതീയ അന്തരീക്ഷ സ്‌റ്റേഷന്‍(BAS) നിര്‍മാണത്തിലുമെല്ലാം സ്‌പേസ് ഡോക്കിങിന്റെ വിജയം നിര്‍ണായകമാവും. ഘട്ടംഘട്ടമായി ഭാഗങ്ങള്‍ ഭൂമിയില്‍ നിന്നും വിക്ഷേപിച്ച് ബഹിരാകാശത്ത് നിര്‍മാണം പൂര്‍ത്തിയാക്കുന്ന ബഹിരാകാശ പേടകത്തിന്റെ നിര്‍മാണത്തില്‍ ഡോക്കിങ്, അണ്‍ഡോക്കിങ് സാങ്കേതികവിദ്യകള്‍ നിര്‍ണായകമാണ്.
രണ്ടു പേടകങ്ങളെ കൂട്ടിയോജിപ്പിച്ച് ഒരൊറ്റ പേടകം പോലെ പ്രവര്‍ത്തിപ്പിച്ച ശേഷം വീണ്ടും വേര്‍പെടുത്തുന്ന പ്രക്രിയയാണ് അണ്‍ഡോക്കിങ്. സ്‌പെയ്‌ഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായുള്ള ചേസര്‍, ടാര്‍ഗറ്റ് സാറ്റലൈറ്റുകള്‍ അണ്‍ഡോക്കിങിനു ശേഷം പിന്നെയും രണ്ടു വര്‍ഷത്തോളം ബഹിരാകാശത്ത് തുടരുകയും ചെയ്യും.
ബഹിരാകാശ ശാസ്ത്രരംഗത്ത് സങ്കീര്‍ണമായ സാങ്കേതികവിദ്യയാണ് ഡോക്കിങും അണ്‍ഡോക്കിങും. ഇന്ത്യ ആദ്യമായാണ് ഈ രണ്ടു സാങ്കേതികവിദ്യകളും ബഹിരാകാശത്ത് പരീക്ഷിക്കുന്നത്. നേരത്തെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഡോക്കിങ്, അണ്‍ഡോക്കിങ് വിജയകരമായി നടത്തിയിട്ടുള്ളത്. ബഹിരാകാശ നടത്തം, ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണി എന്നിവയിലെല്ലാം ഉപയോഗപ്പെടുന്ന കൃത്രിമ കയ്യും ഇത്തവണ പരീക്ഷിക്കുന്നുണ്ട്. ബഹിരാകാശ മാലിന്യങ്ങളെ പിടിച്ചെടുത്ത് നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഡെബ്രിസ് കാപ്ചുര്‍ റോബട്ടിക് മാനിപ്പുലേറ്ററും ദൗത്യത്തിന്റെ ഭാഗമാണ്.