ഐഫോണിലെ പേടിസ്വപ്നം: പെഗാസസിനെ കണ്ടെത്താമെന്ന് ആന്റിവൈറസ് കമ്പനി
Mail This Article
ഇന്ത്യയടക്കം പല രാജ്യങ്ങളിലെയും പല പ്രമുഖരുടെയും ഐഫോണുകളില്‍ ചാരപ്രവര്‍ത്തനം നടത്തിയിരുന്ന ഇസ്രയേലി മാല്‍വെയർ പെഗാസസിന് പിടിവീഴുന്നതായി റിപ്പോർട്ട്. എൻഎസ്ഒ എന്ന കമ്പനി സൃഷ്ടിച്ച അതിനൂതന സ്‌പൈവെയറായ പെഗാസസിനെതിരെ ആപ്പിള്‍ യുഎസിൽ കോടതിയെ സമീപിച്ചിരുന്നു. പക്ഷേ അതൊന്നും പെഗാസസിന്റെ പ്രവര്‍ത്തനത്തെ തടഞ്ഞില്ല. എന്നാലിപ്പോള്‍, പ്രമുഖ ആന്റിവൈറസ് കമ്പനിയായ കാസ്‌പെര്‍സ്‌കി അവകാശപ്പെടുന്നത് ഐഒഎസില്‍ പെഗാസസിന്റെ സാന്നിധ്യം ഇനി കണ്ടെത്താനാകുമെന്നാണ്. അതിനായി ഒരു സാങ്കേതികവിദ്യ വികസിപ്പിച്ചെന്നും ഈ റഷ്യന്‍ കമ്പനി അവകാശപ്പെട്ടു.
ഐഒഎസിലെ ഷട്ഡൗണ്‍.ലോഗ് (Shutdown.log) ഫയല്‍ പരിശോധിച്ചാല്‍ പെഗാസസിന്റെ സാന്നിധ്യം കണ്ടെത്താമെന്നാണ് കാസ്പര്‍സ്‌കിയുടെ ഗവേഷകര്‍ പറയുന്നത്. ഓരോ ഡിവൈസ് റീബൂട്ടിലുമുള്ള വിവരങ്ങള്‍ ഈ ഫയലില്‍ ഉണ്ടായിരിക്കും. അതിനാല്‍, പെഗാസസ് ബാധിച്ച ഒരു ഐഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്താല്‍ ആ സമയത്ത് ചില അസ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ സാധിക്കും.
ഫോണ്‍ ഉടമയുടെ സ്വകാര്യതയിലേക്ക് കടന്നുകയറാതെ ഷട്ഡൗണ്‍.ലോഗ് പരിശോധിക്കാനാകുമെന്നും കമ്പനി പറയുന്നു. മൊബൈല്‍ വേരിഫിക്കേഷന്‍ ടൂള്‍ കിറ്റ് പോലെയുള്ള കൂടുതല്‍ വിശ്വസനീയമായ ടെക്‌നോളജിയുമായി സഹകരിച്ചു പ്രവര്‍ത്തിപ്പിച്ചാല്‍ മികച്ച റിസള്‍ട്ട് ലഭിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
∙ബ്ലഡ് ഓക്‌സിജന്‍ ഫീച്ചര്‍ ചില ആപ്പിള്‍ വാച്ചില്‍നിന്ന് നീക്കും
അമേരിക്കയില്‍ വില്‍ക്കുന്ന ഏറ്റവും പുതിയ ആപ്പിള്‍ വാച്ചുകളില്‍ നിന്ന് ബ്ലഡ് ഓക്‌സിജന്‍ ഫീച്ചര്‍ ആപ്പിള്‍ നീക്കംചെയ്യും. തങ്ങള്‍ക്ക് പേറ്റന്റ് ഉള്ള ടെക്‌നോളജി ആപ്പിള്‍ ഉപയോഗിക്കുന്നു എന്നു കാണിച്ച് മാസിമോ എന്ന കമ്പനി നല്‍കിയ കേസില്‍ ആപ്പിള്‍ പരാജയപ്പെട്ടതാണ് ഇതിനു കാരണം. ആപ്പിള്‍ വാച്ച് സീരിസ് 9, അള്‍ട്രാ 2 എന്നിവയില്‍നിന്നാണ് ഫീച്ചര്‍ നീക്കംചെയ്തിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ്. ആപ്പിളിന്റെ പേറ്റന്റ് ലംഘനം ശരിവച്ചത് ഇന്റര്‍നാഷനല്‍ ട്രേഡ് കമ്മിഷനാണ്.
∙ആപ്പിള്‍ വിഷന്‍ പ്രോ വിഡിയോ സ്ട്രീമിങ് സപ്പോര്‍ട്ട് ചെയ്യും
ഫെബ്രുവരി 2ന് ഇറക്കുമെന്ന് കരുതുന്ന ആപ്പിള്‍ വിഷന്‍ പ്രോ മിക്‌സഡ്-റിയാലിറ്റി ഹെഡ്‌സെറ്റ് ആമസോണ്‍ പ്രൈം വിഡിയോ, നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നിപ്ലസ് തുടങ്ങിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ സപ്പോര്‍ട്ട് ചെയ്യും. ആപ്പിള്‍ ടിവിപ്ലസ് അടക്കം മറ്റു ചില സേവനങ്ങളും ഇതില്‍ ലഭ്യമാക്കും. തുടക്കത്തില്‍ത്തന്നെ 150 3ഡി സിനിമകളും ഹെഡ്‌സെറ്റില്‍ ലഭ്യമാക്കും. അവതാര്‍: ദ് വേ ഓഫ് വാട്ടര്‍, സ്‌പൈഡ്രര്‍-മാന്‍: ഇൻ ടു ദ് സ്‌പൈഡര്‍ വേഴ്‌സ് തുടങ്ങിയവ അടക്കമായിരിക്കും ലഭിക്കുക.
∙വിഷന്‍ പ്രോ അണിഞ്ഞ ചിലർക്ക് കഴുത്തുവേദന
വിഷന്‍ പ്രോ പരീക്ഷണാർഥം അണിഞ്ഞ ചിലര്‍ക്ക് കഴുത്തുവേദന അനുഭവപ്പെട്ടു എന്ന് ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍. ഹെഡ്‌സെറ്റിന്റെ വലുപ്പവും ഭാരവും ചിലര്‍ക്ക് താങ്ങാനാവില്ലെന്ന കാര്യം ആപ്പിളിനും അറിയാമെന്നാണ് സൂചന.
∙മെറ്റയുടെ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗും പുറത്തേക്ക്
മെറ്റാ പ്ലാറ്റ്‌ഫോമിന്റെ മുന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍നിന്നു പുറത്തുപോകാൻ ആഗ്രഹിക്കുന്നു എന്ന് റിപ്പോര്‍ട്ട്. ഷെറില്‍ ഒരു ഫെയ്‌സ്ബുക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞത്. െമറ്റായുടെ ബിസിനസ് ഇപ്പോള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. അതിനാല്‍ ഇതാണ് തനിക്കു പുറത്തുപോകാനുള്ള ഉചിതമായ സമയം എന്നാണ് ഷെറില്‍ കുറിച്ചത്. അതേസമയം, ഷെറിലിനൊപ്പം പുതിയൊരു അധ്യായം തുടങ്ങാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞ് മെറ്റാ മേധാവി മാര്‍ക് സക്കര്‍ബര്‍ഗും രംഗത്തെത്തി.
∙ സ്റ്റാര്‍ഷിപ് പൊട്ടിത്തെറിച്ചത് എങ്ങനെയെന്ന് വിശദീകരിച്ച് മസ്‌ക്
സ്‌പെയ്‌സ്എക്‌സ് വിക്ഷേപിച്ച സ്റ്റാര്‍ഷിപ് നവംബറില്‍ പൊട്ടിത്തെറിച്ചത് എങ്ങനെയാണ് എന്ന് മേധാവി ഇലോണ്‍ മസ്‌ക് വിശദീകരിച്ചു. സ്‌പെയ്‌സ്ഷിപ് ഏപ്രിലില്‍ നടത്തിയ കന്നിപ്പറക്കലും പൊട്ടിത്തെറിക്കലില്‍ കലാശിച്ചിരുന്നു. നവംബറിലെ പ്രശ്‌നം ഒരു പ്രൊപലന്റ് ഡംപ് ഉണ്ടായതാണെന്ന് മസ്‌ക് പറഞ്ഞതായി സ്‌പെയ്‌സ്‌ന്യൂസ്. സ്റ്റാര്‍ഷിപ്പില്‍ പേലോഡ് ഇല്ലാതിരുന്നതും പൊട്ടിത്തെറിക്ക് കാരണമായി.
∙ഓപ്പണ്‍എഐ അട്ടിമറിയല്ല, സൂപ്പര്‍ഇന്റലിജന്റ് എഐ ആണ് പ്രശ്‌നമെന്ന് ഓള്‍ട്ട്മാന്‍
പ്രശസ്തമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയിരുന്നു. കമ്പനിയുടെ മേധാവി സാം ഓള്‍ട്ട്മാന്റെ പുറത്താക്കലും അതേ പദവിയിലേക്ക് അതിവേഗം തിരിച്ചെത്തിയതും ടെക്‌നോളജി ലോകത്തെ ഞെട്ടിച്ച സംഭവങ്ങളായിരുന്നു.
'തന്റെ പുറത്താക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നുമല്ല തനിക്കിപ്പോള്‍ പിരിമുറുക്കം നല്‍കുന്നത്, മറിച്ച് അതിബുദ്ധിയുള്ള എഐ' ആണെന്നാണ് ഓള്‍ട്ട്മാന്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ലോകം ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സിന്റെ ശേഷി കൈവരിക്കുന്ന കാലം അടുത്തുകൊണ്ടിരിക്കുന്നു എന്നു മന്സിലാക്കുന്നത് തന്റെ പിരിമുറുക്കം വർധിപ്പിക്കുകയാണെന്ന് ഡാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ അദ്ദേഹം പറഞ്ഞു.
എജിഐ ഉണ്ടാക്കാന്‍ പോകുന്ന സാമൂഹിക ആഘാതം, അത് വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളിലും മറ്റും ചെലുത്താന്‍ പോകുന്ന സ്വാധീനം തുടങ്ങിയവയൊക്കെയാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. സൂക്ഷ്മതലത്തിൽ ധാര്‍മികതയുള്ള എജിഐ വികസിപ്പിക്കല്‍ സാധ്യമാണോ എന്ന തലപുകയ്ക്കുകയാണ് ഓള്‍ട്ട്മാന്‍ അടക്കമുള്ളവര്‍.