ഓർഡർ ചെയ്തു നിമിഷങ്ങൾക്കുള്ളിൽ, സാധനം വീട്ടുപടിക്കൽ! 'ആമസോൺ ഡെലിവറി' ഇങ്ങനെ
Mail This Article
ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തിട്ടുള്ള നീണ്ട കാത്തിരിപ്പിന്റെ കാലം ഇപ്പോള്‍ മാറിയിട്ടുണ്ട്. ഓര്‍ഡര്‍ ചെയ്ത് ഒരു ചായ ഉണ്ടാക്കി കുടിക്കാനിരിക്കും മുമ്പേ സാധനം വീട്ടുപടിക്കലെത്തിയാലോ? അതും സാധ്യമാക്കാനുള്ള ഒരുക്കത്തിലാണ് ആമസോണ്‍. 2023ലെ ഏറ്റവും വേഗതയിലുള്ള ആമസോണ്‍ ഡെലിവറിയുടെ വിവരങ്ങള്‍ അവര്‍ പുറത്തുവിട്ടു. 15 മിനുറ്റിനുള്ളില്‍ ഓര്‍ഡര്‍ ചെയ്ത കുക്കീസ് എത്തിച്ചുകൊടുത്താണ് 2023ല്‍ ആമസോണ്‍ ഞെട്ടിച്ചത്.
അമേരിക്കയിലെ ടെക്സാസിലാണ് ആമസോണ്‍ ഈ അതിവേഗ ഡെലിവറി നടത്തിയത്. ടെക്സാസിലെ കോളേജ് സ്റ്റേഷന് ആമസോണ്‍ കേന്ദ്രമാണ് 15 മിനുറ്റും 29 സെക്കന്‍ഡും കൊണ്ട് ഓര്‍ഡറിലെ പാക്കേജ് ലക്ഷ്യത്തിലെത്തിച്ചത്. വാനില ബണ്ണി കുക്കീസും ആനീസ് കൊക്കോയുമാണ് ഓര്ഡറിലുണ്ടായിരുന്നതെന്ന് ആമസോണ്‍ സിഇഒ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.
ഡ്രോണ്‍ വഴിയായിരുന്നു സാധനം ഓര്‍ഡര്‍ ചെയ്തയാളിലേക്കെത്തിച്ചത്. ടെക്സാസിലെ കോളേജ് സ്റ്റേഷനിലും കാലിഫോര്‍ണിയയിലെ ലോക്ഫോര്ഡിലും 2022 മുതല്‍ ഡ്രോണില്‍ ആമസോണ്‍ ഡെലിവറി നടത്തുന്നുണ്ട്. എങ്കിലും കാലാവസ്ഥ പ്രതികൂലമാവുന്ന സമയങ്ങളില്‍ ഡ്രോണ്‍ വഴി സാധനങ്ങള്‍ കൊണ്ടുപോവില്ല. 2024ല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പ്രൈം എയര്‍ ഡ്രോണ്‍ ഡെലിവറികള്‍ ആരംഭിക്കാനും ആമസോണിന് പദ്ധതിയുണ്ട്. അമേരിക്കക്കു പുറത്ത് ഇറ്റലി, ബ്രിട്ടന് എന്നിവിടങ്ങളിലും ഡ്രോണ്‍ വഴിയുള്ള ഡെലിവറി ആമസോണ്‍ ആരംഭിക്കും.
കൂടുതല്‍ പ്രാദേശികമായി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തിയാണ് ആമസോണ്‍ അതിവേഗത്തില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നത് സാധ്യമാക്കുന്നത്. ഓര്‍ഡര്‍ ലഭിക്കുന്ന സാധനങ്ങള്‍ ഉപഭോക്താവിന്റെ പരമാവധി അടുത്തുണ്ടെങ്കില്‍ വിതരണം എളുപ്പത്തിലും വേഗത്തിലുമാവും. യൂറോപ്പില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവരിലേക്ക് ശരാശരി 25 കിലോമീറ്ററാണ് പാക്കേജാക്കിയ ശേഷം സഞ്ചരിക്കേണ്ടി വന്നതെന്നും ആമസോണ്‍ പറയുന്നു.
നിര്‍മിത ബുദ്ധി(എഐ)യുടെ സഹായത്തില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തനം വിപുലപ്പെടുത്താനും ആമസോണിന് പദ്ധതിയുണ്ട്. സ്ഥലങ്ങളുടേയും ഉപഭോക്താക്കളുടേയും സവിശേഷതകളും താത്പര്യങ്ങളും തിരിച്ചറിഞ്ഞ് സാധനങ്ങള്‍ നേരത്തെ തന്നെ പരമാവധി അടുത്ത കേന്ദ്രത്തിലേക്കെത്തിക്കുകയാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്. ഒരു പുതിയ ഉത്പന്നം വിപണിയിലെത്തിയാല്‍ പോലും ഏതു ഭാഗത്തു നിന്നാണ് കൂടുതല്‍ ആവശ്യക്കാരുണ്ടാവുകയെന്ന് തിരിച്ചറിഞ്ഞ് നേരത്തെ തന്നെ അവിടേക്കെത്തിക്കാന്‍ നിര്‍മിത ബുദ്ധി സഹായിക്കും.
പരമാവധി വേഗതയില്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ശ്രമിക്കുമെന്ന് ആമസോണ്‍ സിഇഒ ആന്‍ഡി ജസി എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആമസോണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയില്‍ പ്രൈം മെമ്പേഴ്സിന് സാധനങ്ങള്‍ എത്തിച്ചു നല്കാന് 2023ല്‍ സാധിച്ചു. ഓര്‍ഡര്‍ ചെയ്ത ദിവസമോ തൊട്ടടുത്ത ദിവസമോ 700 കോടി ഓര്‍ഡറുകള്‍ എത്തിക്കാന്‍ കഴിഞ്ഞ വര്‍ഷം ആമസോണിനായി. 2024 കൂടുതല്‍ വേഗത്തില്‍ സാധനങ്ങളെത്തിക്കാനാണ് ആമസോണ്‍ ശ്രമമെന്നും സിഇഒ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.