കുതിപ്പിന് തയാറെടുത്ത് ആക്സിയ ടെക്‌നോളജീസ്: നേതൃസ്ഥാനത്ത് സ്റ്റെഫാൻ ജുറാസ്ഷെക്
Mail This Article
ഓട്ടോമോട്ടീവ് സോഫ്ട്‍വെയർ സാങ്കേതിക രംഗത്തെ ആഗോളതലത്തിലെ മുൻനിര കമ്പനിയായ ആക്സിയ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, തങ്ങളുടെ യൂറോപ്പിലെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നു. യൂറോപ്പിലെ കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാൻ സ്ട്രാറ്റജിക്ക് അഡ്വസറായി സ്റ്റെഫാൻ ജുറാസ്ഷെക്കിനെ നിയമിച്ചു. ബിഎംഡബ്ല്യൂ ഗ്രൂപ്പിൽ മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവർത്തനപരിചയവുമായാണ് ജുറാസ്ഷെക് ആക്സിയ ടെക്‌നോളജിസിൽ എത്തുന്നത്.
ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രിക് പവർട്രെയിൻ, സൈബർ സെക്യൂരിറ്റി, വെഹിക്കിൾ ഡൈനമിക്സ് എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ വൈധഗ്ദ്യം ആക്സിയയുടെ പ്രവർത്തനലക്ഷ്യവുമായി ഏറെ ബന്ധമുള്ളതാണ്. ബിഎംഡബ്ല്യൂവിൽ ഇലക്ട്രോണിക് ഗവേഷണവിഭാഗത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനമുൾപ്പെടെ നിരവധി സുപ്രധാന പദവികൾ ജുറാസ്ഷെക് വഹിച്ചിട്ടുണ്ട്. ഇലക്ട്രിക്/ഇലക്ട്രോണിക്, ഇലക്ട്രിക് പവർട്രെയിൻ, ഇൻവെർട്ടർ, പവർ മാനേജ്‌മെന്റ് എന്നിവയുടെ ജനറൽ മാനേജറുമായിരുന്നു. ബിഎംഡബ്ല്യൂവിന്റെ ആധുനിക സാങ്കേതികസംവിധാനങ്ങൾ തയാറാക്കുന്നതിൽ മികച്ച സ്ഥാനം ജുറാസ്ഷെക് വഹിച്ചിട്ടുണ്ട്.
ആഗോളതതലത്തിൽ തന്നെ ഓട്ടോമോട്ടീവ് സോഫ്ട്‍വെയർ സാങ്കേതിക രംഗത്ത് നൂതനമായ ആശയങ്ങൾ നടപ്പിലാക്കുന്ന ഒരു കമ്പനിയെന്ന നിലയിൽ യൂറോപ്പിലും സാന്നിധ്യമുറപ്പിക്കുന്നതിനുള്ള ഒരു നിർണായക നിയമനമാണ് സ്റ്റെഫാൻ ജുറാസ്ഷെകിന്റേതെന്ന് ആക്സിയ ടെക്‌നോളജീസിന്റെ സ്ഥാപക സിഇഒ ജിജിമോൻ ചന്ദ്രൻ പറഞ്ഞു. ആക്സിയയുടെ ഉപദേഷ്ടാവെന്ന നിലയിൽ കമ്പനിയുടെ ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിനും പുതിയ ആശയങ്ങൾ ആവിഷ്കരിക്കുന്നതിലും ജുറാസ്ഷെകിന്റെ സാന്നിധ്യം നിർണായകമായിരിക്കും.
സോഫ്റ്റ്‌വെയറുകളും ഹാർഡ്വെയറുകളും രൂപീകരിക്കുന്നതിലും അവയെ മറ്റ് സംവിധാനങ്ങളുമായി ഉൾചേർക്കുന്നതിലും മുതൽക്കൂട്ടായിരിക്കും. നൂതനമായ പ്രോജക്ടുകളായിരിക്കും ജുറാസ്ഷെക് ഏറ്റെടുക്കുക. ഓട്ടോമോട്ടീവ് സോഫ്ട്‍വെയർ സാങ്കേതിക രംഗത്തെ മുൻനിരകമ്പനിയായ ആക്സിയ ടെക്‌നോളജീസിന്റെ ഭാഗമാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സ്റ്റെഫാൻ ജുറാസ്ഷെക്കും പ്രതികരിച്ചു.