പുലിവാൽ പിടിച്ച് ചാറ്റ്ജിപിടി! പിണക്കത്തിലായി സ്കാർലറ്റ് ജൊഹാൻസൻ, ‘ഹെർ’ വിവാദം
![chat-gpt-scarlet - 1 Image Credit: Canva/Gage Skidmore, CC BY-SA 3.0](https://img-mm.manoramaonline.com/content/dam/mm/mo/technology/technology-news/images/2024/5/24/chat-gpt-scarlet.jpg?w=1120&h=583)
Mail This Article
ചാറ്റ്ജിപിടി നിർമാതാക്കളായ ഓപ്പൺഎഐ തന്റെ ശബ്ദം കോപ്പിയടിച്ചെന്ന് ഹോളിവുഡിലെ പ്രമുഖ നടി സ്കാർലറ്റ് ജൊഹാൻസൻ വെളിപ്പെടുത്തൽ നടത്തിയതിനെത്തുടർന്ന് വിവാദം. അത് മനഃപൂർവമായിരുന്നില്ലെന്ന് തെളിയിക്കുന്ന രേഖകൾ യുഎസിലെ പ്രമുഖ മാധ്യമമായ വാഷിങ്ടൻ പോസ്റ്റുമായി ഓപ്പൺ എഐ ഷെയർ ചെയ്തതായാണ് ഇപ്പോൾ കിട്ടുന്ന വിവരം. എന്നാൽ ഇതു കൊണ്ടും വിവാദം കെട്ടടങ്ങുന്നില്ല. നവീന ഇന്റർനെറ്റ് യുഗത്തിൽ മനുഷ്യാവകാശങ്ങളുടെ മേലുള്ള കൈകടത്തലായിപ്പോലും ഈ സംഭവത്തെ വ്യാഖ്യാനിക്കുന്നുണ്ട്
ഓപ്പൺഎഐ നിർമിക്കുന്ന പുതിയ വോയ്സ് അസിസ്റ്റന്റായ സ്കൈക്ക് ശബ്ദം നൽകാൻ വേണ്ടി സിഇഒ സാം ആൾട്ട്മാൻ സ്കാർലറ്റിനെ സമീപിച്ചിരുന്നു. എന്നാൽ ഇതു നടന്നില്ല. ഓപ്പൺ എഐ പരസ്യം നൽകി പുതിയൊരു വോയ്സ് ആർട്ടിസ്റ്റിനെ കണ്ടെത്തി ശബ്ദം കൊടുത്തു. ഈ ശബ്ദത്തിന് സ്കാർലറ്റിന്റെ ശബ്ദവുമായി അടുത്ത സാമ്യമുള്ളതാണ് പ്രശ്നമായത്. സ്കാർലറ്റ് പരസ്യമായി അനിഷ്ടം പ്രകടിപ്പിച്ചതോടെയാണ് വൻ വിവാദത്തിനു തിരി തെളിഞ്ഞത്.
![chat-gpt - 1 'എന്താണ്?' :
ഇത്തരം അന്വേഷണങ്ങളിൽ ചാറ്റ് ജിപിടി, യുസിസി, ജി20, ഹമാസ്, ത്രെഡ്സ്, സെൻഗോൽ എന്നിവ ആധിപത്യം പുലർത്തി.](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
തൽക്കാലത്തേക്ക് ഈ ശബ്ദം ഉപയോഗിക്കുന്നത് ഓപ്പൺഎഐ മരവിപ്പിച്ചു.തങ്ങൾ കൊടുത്ത പരസ്യത്തിലൊന്നും സ്കാർലറ്റിന്റെ ശബ്ദവുമായി സാമ്യമുള്ളവർക്ക് പരിഗണന നൽകുമെന്ന് അറിയിപ്പുണ്ടായിരുന്നില്ലെന്നും സാമ്യം തികച്ചും ആകസ്മികമാണെന്നുമാണ് ഓപ്പൺ എഐ പറയുന്നത്. എന്നാൽ ഈ ശബ്ദത്തിന് ‘ഹെർ’ എന്നു പേര് നൽകിയത് സ്കാർലറ്റ് അവതരിപ്പിച്ച ഒരു എഐ ചാറ്റ് അസിസ്റ്റന്റ് കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും വാദമുണ്ട്.
ജോക്കർ ചിത്രത്തിലൂടെ പ്രശസ്തനായ ജൊവാക്വിൻ ഫീനിക്സ് നായകനും സ്കാർലറ്റ് നായികയുമായി അഭിനയിച്ച ചിത്രമായിരുന്നു ഹെർ. സ്കാർലറ്റിന്റെ ശബ്ദമായിരുന്നു ആ സിനിമയിലെ നായികയെന്നു പറയാം. മനുഷ്യരും എഐ സംവിധാനങ്ങളും തമ്മിൽ ഉടലെടുക്കുന്ന വൈകാരികബന്ധവും പ്രണയവുമൊക്കെ വിഷയമാക്കിയ ഹെർ പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട് ലോകശ്രദ്ധ നേടുകയും നിരൂപകപ്രശംസ നേടുകയും ചെയ്തു.
![CLUBHOUSE-STOCKS/MUSK ഇലോൺ മസ്ക്. Photo Credit : Hannibal Hanschke / Reuters](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
സങ്കീർണമായ ഒരു നിയമപ്രതിസന്ധിയും ഇതോടെ ഉടലെടുത്തേക്കാം. ഹോളിവുഡിലെ അഭിനേതാക്കളുടെ സംഘടന സ്കാർലറ്റിനു പിന്തുണയുമായി രംഗത്തെത്തി. നിയമനടപടികളിലേക്ക് സ്കാർലറ്റ് ഇതുവരെ കടന്നിട്ടില്ല. ഇലോൺ മസ്ക് ഉൾപ്പെടെ ടെക് ലോകത്തെ പ്രമുഖരും ഓപ്പൺ എഐയെ വിമർശിച്ചു.