ഒരു മിനിറ്റിനുള്ളിൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യാം, ഇലക്ട്രിക് കാർ 10 മിനിറ്റിനുള്ളിൽ; ടെക്നോളജി ഇങ്ങനെ
Mail This Article
ബെഡിനരികിൽ രാത്രി മുഴുവൻ ഫോൺ ചാർജ് കുത്തി ഇട്ടിരുന്ന കാലം കഴിഞ്ഞു(അപകടകരമാണെന്നോർക്കുക). ആധുനിക സ്മാർട്ഫോണുകൾ കുറഞ്ഞത് അരമണിക്കൂറിനുള്ളിൽ ചാർജ് ചെയ്യാനാകും. ഇലക്ട്രിക് കാറുകളും മണിക്കൂറുകളെടുക്കും പൂർണമായു ചാർജ് ആകാൻ. എന്നാൽ ഏതാനും മിനിറ്റിൽ ഇതെല്ലാം സാധിച്ചാലോ?. ജീവിതം കുറേക്കൂടി വേഗമേറിയേനെ. ഒരുകൂട്ടം ഗവേഷകർ ഈ സ്വപ്നം യാഥാർഥ്യമാക്കാൻ പ്രയത്നിക്കുന്നു.
യുഎസ് ആസ്ഥാനമായുള്ള കൊളറാഡോ ബോൾഡർ സർവകലാശാലയിലെ കെമിക്കൽ ആൻഡ് ബയോളജിക്കൽ എൻജിനീയറിങ് അസിസ്റ്റന്റ് പ്രൊഫസറായ അങ്കുർ ഗുപ്തയും ഗവേഷകരും ചേർന്നാണ് പുതിയ സാങ്കേതികവിദ്യയെപ്പറ്റി വിശദീകരിച്ചത്.പ്രൊസീഡിങ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇത് പറയുന്നത്.
അയോണുകൾ എന്ന് വിളിക്കപ്പെടുന്ന ചെറിയ ചാർജ്ജ് കണങ്ങൾ തീരെചെറിയ സുഷിരങ്ങളുടെ സങ്കീർണ്ണ ശൃംഖലയിൽ എങ്ങനെ നീങ്ങുന്നുവെന്ന് ഗവേഷകർ വിശദീകരിച്ചു. ഈ കണ്ടെത്തൽ സൂപ്പർ കപ്പാസിറ്ററുകൾ പോലെയുള്ള കൂടുതൽ കാര്യക്ഷമമായ ഊർജ്ജ സംഭരണ ഉപകരണങ്ങളുടെ വികസനത്തിന് ഈ മുന്നേറ്റം വഴിയൊരുക്കുമെന്ന് അങ്കുർ ഗുപ്ത പറഞ്ഞു.
സൂപ്പർ കപ്പാസിറ്ററുകൾ അവയുടെ സുഷിരങ്ങളിലെ അയോൺ ശേഖരണത്തെ അടിസ്ഥാനമാക്കിയുള്ള ഊർജ്ജ സംഭരണ ഉപകരണങ്ങളാണെന്ന് ഗുപ്ത പറഞ്ഞു. ബാറ്ററികളുമായി താരതമ്യപ്പെടുത്തുമ്പോൾ അവയ്ക്ക് അതിവേഗ ചാർജിങ് സമയവും ദീർഘായുസ്സും ഉണ്ട്.
ഫാസ്റ്റ് ചാർജിങ് സംവിധാനം എന്നത് പരമ്പരാഗത ചാർജറുകളേക്കാൾ വളരെ വേഗത്തിൽ ഫോൺ ബാറ്ററികളെ നിറയ്ക്കാൻ അനുവദിക്കുന്ന സാങ്കേതികവിദ്യയാണ്.
ഇത് എങ്ങനെ പ്രവർത്തിക്കുന്നു:
സാധാരണ ചാർജറുകൾ സ്ഥിരമായ വോൾട്ടേജ് നൽകുന്നു. ഫാസ്റ്റ് ചാർജറുകൾ രണ്ട് ഘട്ടങ്ങളിലായി വ്യത്യസ്ത സമീപനം ഉപയോഗിക്കുന്നു:
അതിവേഗ ചാർജിങ്: ബാറ്ററി ലെവൽ വേഗത്തിൽ വർദ്ധിപ്പിക്കുന്നതിന് ചാർജർ ഉയർന്ന വോൾട്ടേജ് നൽകുന്നു,വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സാധാരണയായി 50% വരെ എത്തുന്നു (പലപ്പോഴും ഹൈ-എൻഡ് സാങ്കേതികവിദ്യയിൽ ഏകദേശം 5 മിനിറ്റ്).
ട്രിക്കിൾ ചാർജിങ്: ബാറ്ററി ഒരു നിശ്ചിത തലത്തിൽ എത്തിയാൽ,അമിതമായി ചൂടാകുന്നത് തടയാനും ബാറ്ററിക്ക് കേടുപാടുകൾ വരുത്താതെ പൂർണ്ണ ചാർജ് ഉറപ്പാക്കാനും വോൾട്ടേജ് സുരക്ഷിതമായ തലത്തിലേക്ക് താഴ്ത്തുന്നു.