ADVERTISEMENT

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് രാജ്യാന്തര തലത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കിയിരുന്നു. ഇന്റർനെറ്റ് സേവനം അത്ര സുഗമമമായി ലഭിക്കാത്ത വിദൂരമേഖലകളിലൊക്കെ അതെത്തിക്കുക എന്ന ലക്ഷ്യവും സ്റ്റാർലിങ്കിനുണ്ടായിരുന്നു. ഈ ഇന്റർനെറ്റ് ആമസോണിലെ ഒരു ഒറ്റപ്പെട്ട ഗോത്രസമൂഹത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ഇപ്പോൾ വലിയ ചർച്ചാവിഷയമാകുന്നുണ്ട്.

‌വൃക്ഷനിബിഡമായ ആമസോൺ മഴക്കാടുകളിൽ ധാരാളം ഗോത്രസമൂഹങ്ങളുണ്ട്. ഇവയിൽ ചിലതൊക്കെ മുഖ്യധാരയിൽ എത്തിയവരും ചിലർ ഒറ്റപ്പെട്ട് ജീവിക്കുന്നവരുമാണ്. ഇക്കൂട്ടത്തിൽ ഒരു ഗോത്രമാണ് മാറുബോസ്. 2000 അംഗങ്ങളുള്ള ഒരു സമൂഹം. ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകാതിരുന്ന മാറുബോസ് ഇന്റർനെറ്റിനെ പരിചയപ്പെടാനും അതുപയോഗിക്കാനും വഴിയൊരുക്കിയത് സ്റ്റാർലിങ്കാണ്.

starlink-space-x

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ആമസോണിൽ സ്റ്റാർലിങ്ക് സേവനങ്ങൾ ലഭ്യമായിത്തുടങ്ങിയത്. ബ്രസീലും സ്റ്റാർലിങ്കുമായി കരാർ ഉ‌ടമ്പടി നിലവിൽവന്നതിനെത്തുടർന്നായിരുന്നു ഇത്. അനേകം ഗോത്രങ്ങൾ ഇന്റ‍ർനെറ്റ് ലഭിച്ച കൂട്ടത്തിൽ മാറുബോസിനും ഇതു ലഭ്യമായി.

വല്യഉപകാരം, പക്ഷേ

ഇതെത്തിയപ്പോൾ എല്ലാവർക്കും വലിയ സന്തോഷമായിരുന്നെന്ന് മാറുബോസ് ഗോത്രത്തിലെ മാതൃസ്ഥാനീയയും 73കാരിയുമായ സൈനാമ മാറുബോ പറയുന്നു.വിഡിയോ ചാറ്റിങ്ങിനും എന്തെങ്കിലും ആവശ്യമുണ്ടായാൽ അധികാരികളെ ബന്ധപ്പെടാനുമൊക്കെ ഇന്റർനെറ്റ് ഉപകാരപ്പെട്ടു. മുൻകാലങ്ങളിൽ, അധികാരികളിലെത്താനും ഗ്രാമങ്ങൾക്കിടയിൽ സന്ദേശങ്ങൾ കൈമാറാനും മാറുബോസ് അമേച്വർ റേഡിയോ ഉപയോഗിച്ചിരുന്നു.

ഈ മേഖലയിലെ വലിയൊരു പ്രശ്നമാണ് പാമ്പുകടി. പാമ്പുകൾ കടിക്കുന്ന സന്ദർഭത്തിൽ ആരോഗ്യ അധികൃതരെ വിളിച്ചറിയിക്കാനും ഉട‌നടി ചികിത്സ കിട്ടാനുമൊക്കെ ഇന്റർനെറ്റ് ഉപയോഗപ്പെട്ടെന്ന് ഗോത്രം ഒരേസ്വരത്തിൽ പറയുന്നു.

എന്നാൽ ഇതിനൊപ്പം തന്നെ ഗോത്രത്തിലെ മുതിർന്നവർക്ക് പിടിക്കാത്ത ചില കാര്യങ്ങൾ യുവാക്കൾ ചെയ്തു തുടങ്ങിയെന്നും പരാതിയുണ്ട്. അശ്ലീല വിഡിയോകൾ കാണുന്ന പ്രവണത യുവാക്കൾക്കിടയിൽ വർധിച്ചത്രേ. ഇതു യുവാക്കളെ അലസരാക്കിയെന്ന് ഗോത്രനേതാക്കൾ പറയുന്നു. ഗ്രൂപ്പുകളുണ്ടാക്കി അശ്ലീല വിഡിയോകൾ ഷെയർ ചെയ്യുകയും മറ്റും ചെയ്തു തുടങ്ങിയത് ഗോത്രത്തിലെ മുതിർന്നവരെ അലോസരപ്പെടുത്തുന്നുണ്ട്. ലൈംഗിക കാര്യങ്ങളിൽ വളരെ യാഥാസ്ഥിതികത്വം പുലർത്തുന്ന ഗോത്രമാണ് മാറുബോസ്. എന്തൊക്കെയാണെങ്കിലും ഇന്റർനെറ്റ് ഉപയോഗപ്രദമാണെന്നും നിർത്തലാക്കരുതെന്നും ഗോത്രനേതാക്കൾ പറയുന്നുമുണ്ട്.

സ്റ്റാർലിങ്കിന്റെ നെറ്റ്

ആറായിരത്തോളം ഉപഗ്രഹങ്ങളടങ്ങിയ വമ്പൻ ഇന്റർനെറ്റ് വിതരണ ശൃംഖല ബഹിരാകാശത്ത് സ്റ്റാ‍ർലിങ്ക് ഒരുക്കിയിട്ടുണ്ട്.  30 ലക്ഷത്തോളം ഉപയോക്താക്കൾ കമ്പനിക്കുണ്ട്.2019ലാണ് ആദ്യ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക് വിക്ഷേപിക്കപ്പെട്ടത്. സമീപഭാവിയിൽ 42,000 ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കാൻ സ്റ്റാർലിങ്ക് പദ്ധതിയിടുന്നുണ്ട്. ഒരു വമ്പൻ ഉപഗ്രഹ മെഗാ കോൺസ്റ്റലേഷനാണു ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com