ഗൂഗിളിന് ആ പേര് എങ്ങനെ കിട്ടിയെന്ന് അറിയുമോ? ഒരു അക്ഷരത്തെറ്റിന്റെ കഥ
Mail This Article
ഇന്ന് ലോകത്തിലെ ഏറ്റവും പ്രശസ്തമായ പദങ്ങളിലൊന്നാണ് ഗൂഗിൾ. ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ ഗൂഗിൾ വല്ലപ്പോഴുമെങ്കിലും ഉപയോഗിക്കാത്തവർ വളരെ കുറവായിരിക്കും. ലോകത്തെ ഏറ്റവും ഉപയോഗിക്കപ്പെടുന്ന സെർച് എൻജിൻ എന്ന നിലയിൽ നിന്ന് പല തലങ്ങളുള്ള പ്രവർത്തനത്തിലേക്ക് ഇന്നു ഗൂഗിൾ മാറിക്കഴിഞ്ഞു.
1995ൽ സ്റ്റാൻഫഡ് സർവകലാശാലയിലെ രണ്ടു വിദ്യാർഥികൾ കൂട്ടുകാരായി. ലാറി പേജും സെർജി ബ്രിന്നും.പിൽക്കാലത്ത് ഒരുപാടു സ്വപ്നങ്ങളെ കൈക്കുടയിലാക്കിയ ഒരു കിടിലൻ ടെക് കൂട്ടുകെട്ടായിരുന്നു അത്. ആദ്യകാലത്ത് ബാക്റബ് എന്നറിയപ്പെടുന്ന ഒരു സെർച് എൻജിൻ പദ്ധതി ഇവർ വികസിപ്പിച്ചു. എന്നാൽ തൊട്ടടുത്ത വർഷം ഇവർ ഒരു കാര്യം മനസ്സിലാക്കി. ഈ പേര് മാറ്റണം.
അങ്ങനെ അവർ പേരുകൾ ആലോചിച്ചു. തങ്ങളുടെ കൂട്ടുകാരനായ സീന്ഡ ആൻഡേഴ്സനോടും ഒരു സജഷൻ തരാൻ അവർ പറഞ്ഞു, ഗൂഗോൾപ്ലെക്സ് എന്ന ഒരു വാക്ക് ആൻഡേഴ്സൻ മുന്നോട്ടുവച്ച്. ഒന്ന് കഴിഞ്ഞാൽ 100 പൂജ്യങ്ങൾ കൂടി വരുന്ന വലിയൊരു നമ്പരാണ് ഇത്. ഗൂഗിൾ ഭാവിയിൽ വലിയ അളവിലുള്ള ഡേറ്റ കൈകാര്യം ചെയ്യേണ്ടിവരുമെന്നതാണ് ഇത്തരമൊരു വാക്കിന് ആൻഡേഴ്സനെ പ്രേരിപ്പിച്ചത്.
ലാറി പേജ് അതിനെ ചുരുക്കി ഗൂഗോൾ എന്നാക്കി (googol).
എന്നാൽ ഈ പേര് ഡൊമെയ്ൻ റജിസ്റ്റർ ചെയ്തപ്പോൾ ആൻഡേഴ്സന് ഒരു കയ്യബദ്ധം പറ്റി. ഗൂഗോൾ (googol), ഗൂഗിളായി മാറി. ലോകത്തെ ഇതിഹാസതുല്യമായ ഒരു പദത്തിന്റെ ഉദ്ഭവം ഇങ്ങനെയായിരുന്നുപിന്നീട് 1999ൽ ഗൂഗിളിന്റെ ആദ്യ ഓഫിസ് യുഎസ്സിലെ പാലോ അൽറ്റോയിൽ സ്ഥാപിച്ചു.ലാറിയും സെർജിയും സ്റ്റാൻഫഡിലെ പഠനം അവസാനിപ്പിക്കുകയും ചെയ്തു.
2000ൽ ഒന്നരക്കോടിയിലധികം പേർ ഗൂഗിളിന്റെ സെർച് സേവനങ്ങൾ ഉപയോഗിച്ചു. 2004ൽ സമൂഹമാധ്യമരംഗത്തെ പ്രഥമസംരംഭം ഓർകുട് ഗൂഗിൾ പുറത്തിറക്കി. ഇന്ത്യയിലും ബ്രസീലിലും വിജയിച്ചെങ്കിലും മറ്റുരാജ്യങ്ങളിൽ ഓർകുട് പരാജയമായി.
2005ൽ ആണ് ഗൂഗിൾ മാപ്സ്, ഗൂഗിൾ എർത്ത്, അനലിറ്റിക്സ് തുടങ്ങിയ പുതുപുത്തൻ സേവനങ്ങൾ പുറത്തിറങ്ങിയത്.സാധാരണ ജനങ്ങളുടെ ഗതാഗതത്തിൽ നിർണായകസൗകര്യങ്ങൾ കൊണ്ടുവന്ന നീക്കമായിരുന്നു ഇത് 2006ൽ യൂട്യൂബിനെ ഗൂഗിൾ ഏറ്റെടുത്തു. അന്നു വരെയുണ്ടായിരുന്ന വിഡിയോ സ്ട്രീമിങ് സൈറ്റുകളെ ബഹുദൂരം പിന്നിലാക്കി സ്വീകാര്യതയിൽ യൂട്യൂബ് മുന്നോട്ടുകുതിച്ചു.
2007ൽ തങ്ങളുടെ പുതിയ ഉൽപന്നമായ ജിമെയിൽ ഗൂഗിൾ ജനങ്ങളിലേക്ക് എത്തിച്ചു.അന്നുവരെയുണ്ടായിരുന്ന മെയിൽ സേവനദാതാക്കളെയെല്ലാം നിഷ്പ്രഭമാക്കിയ ജിമെയിൽ അപ്രമാദിത്വമായിരുന്നു പിൽക്കാലത്ത് ലോകം കണ്ടത്.ഇതേവർഷം തന്നെ ആൻഡ്രോയ്ഡ് ഗൂഗിൾ പുറത്തിറക്കുന്നു. സ്മാർട് ഫോൺ വിപണിയിൽ തരംഗങ്ങൾ സൃഷ്ടിച്ച നീക്കം പിൽക്കാലത്തെ സാങ്കേതിക വിപ്ലവത്തിന്റെ ആണിക്കല്ലായി.