ചൈനയിലെ അണ്ടർഗ്രൗണ്ട് പരീക്ഷണശാല; നിരവധി പരീക്ഷണങ്ങൾ,ഡാർക് മാറ്ററെന്ന ദുരൂഹതയെക്കുറിച്ചു പഠനം
Mail This Article
ഗവേഷണങ്ങൾ ധാരാളം നടത്തുന്ന രാജ്യമാണ് ചൈന. ചൈനയുടെ സിച്വാൻ പ്രവിശ്യ അതിന്‌റെ ഭക്ഷണ വൈവിധ്യത്താലും പാൻഡകളുടെ സാന്നിധ്യത്താലും ലോകപ്രശസ്തമാണ്. എന്നാൽ മറ്റൊന്നു കൂടി ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഇതു ഭൂമിയിൽ കാണാനൊക്കാത്ത ഒരു പരീക്ഷണശാലയാണ്. ഭൗമനിരപ്പിൽ നിന്ന് 2.4 കിലോമീറ്റർ താഴ്ചയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.
ചൈന ഷിൻപിങ് അണ്ടർഗ്രൗണ്ട് ലബോറട്ടറി എന്നാണ് ഈ പരീക്ഷണശാലയുടെ പേര്. ലോകത്ത് ഏറ്റവും ആഴത്തിൽ സ്ഥിതി ചെയ്യുന്ന പരീക്ഷണശാലയെന്ന് ഇതറിയപ്പെടുന്നു. നേരത്തെ ഈ റെക്കോർഡ് കാനഡയിലെ ഒന്റാരിയോയിൽ സ്ഥിതി ചെയ്യുന്ന സ്‌നോലാബിനായിരുന്നു.
തമോദ്രവ്യം അഥവാ ഡാർക് മാറ്റർ
ലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭ പരീക്ഷണശാല എന്ന ബഹുമതിയും സിച്വാനിലെ ഈ ലാബിനാണ്. 3.3 ലക്ഷം ക്യുബിക് മീറ്ററാണ് ഇതിന്‌റെ വ്യാപ്തി. തമോദ്രവ്യത്തെപ്പറ്റിയുള്ള പഠനമാണ് ഈ ലാബിന്‌റെ ലക്ഷ്യം. ഇതിനായി നിരവധി പരീക്ഷണങ്ങൾ ലാബിൽ നടക്കുന്നുണ്ട്.പ്രപഞ്ചത്തിലെ ഏറ്റവും ദുരൂഹമായ വസ്തുക്കളിലൊന്നാണ് തമോദ്രവ്യം അഥവാ ഡാർക് മാറ്റർ. ഇത് ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങൾ വികിരണം നടത്തുകയോ ആഗിരണം ചെയ്യുകയോ അല്ലെങ്കിൽ പ്രതിഫലിപ്പിക്കുകയോ ചെയ്യാറില്ല. എന്നാൽ വസ്തുക്കൾക്ക് ചുറ്റും ഗുരുത്വപരമായ സ്വാധീനം ചെലുത്തുന്നതിനാൽ ഇതുണ്ടെന്ന് അറിയാം. ഈ വിചിത്രദ്രവ്യത്തെപ്പറ്റിയും തമോർജത്തെയും പറ്റി പഠിക്കുക ഭൗതികശാസ്ത്രജ്ഞരുടെ വലിയ വെല്ലുവിളികളിൽ ഒന്നാണ്.
ഭൂഗർഭ പരീക്ഷണശാലകളുടെ രഹസ്യം
പ്രപഞ്ചത്തിന്‌റെ ഒന്നു മുതൽ പത്തുവരെ ശതമാനം മാത്രമാണ് നമുക്ക് ഇന്ദ്രിയഗോചരമായ സാധാരണ ദ്രവ്യം. ബാക്കി തമോദ്രവ്യവും തമോർജവുമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
തമോദ്രവ്യത്തെപ്പറ്റി പഠനം നടത്താൻ ഏറ്റവും നല്ല വഴി ഭൂഗർഭ പരീക്ഷണശാലകളാണ്. ഇങ്ങനെ ചെയ്തില്ലെങ്കിൽ പ്രപഞ്ചത്തിലെ വികിരണങ്ങൾ ഇവ കണ്ടെത്താനുള്ള സെൻസറുകളിൽ പതിക്കുകയും തെറ്റായ ഫലങ്ങൾ നൽകുകയും ചെയ്യും.എന്നാൽ ഭൂഗർഭ പരീക്ഷണശാലകളിൽ ഈ പ്രശ്‌നം കുറവാണ്.
ഇവിടെ ഉണ്ടാകാനിടയുള്ള റേഡോൺ എന്ന വാതകം പരീക്ഷണത്തിൽ തെറ്റുകൾ വരുത്തും. ഇതു സംഭവിക്കാതിരിക്കാൻ ചൈനീസ് ലബോറട്ടറിയിൽ പ്രത്യേക വസ്തുക്കൾ ഉപയോഗിച്ച് കോട്ടിങ് നടത്തിയിട്ടുണ്ട്. തമോദ്രവ്യത്തെപ്പറ്റി പഠിക്കാൻ യുഎസിനും ഒരു ഭൂഗർഭ പരീക്ഷണശാലയുണ്ട്. സാൻഫോർഡ് അണ്ടർഗ്രൗണ്ട് റിസർച് ഫെസിലിറ്റി എന്നാണ് ഇതിന്‌റെ പേര്. ഇതുവരെ തമോദ്രവ്യത്തെ നേരിട്ടു കണ്ടെത്താനോ അതിന്‌റെ സവിശേഷതകൾ വിലയിരുത്താനോ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടില്ല. ഇതു സംഭവിച്ചാൽ പ്രപഞ്ചരഹസ്യങ്ങളിലേക്കുള്ള ഒരു വലിയ ജാലകമാകും തുറക്കുക.