ADVERTISEMENT

സൗരയൂഥത്തിലെ പാറക്കഷ്ണമായ അറോക്കോത്തിന്റെ ഉപരിതലത്തിൽ വിവിധ ഷുഗറുകൾ അടങ്ങിയിട്ടുണ്ടെന്ന് പഠനം. പൊരിച്ച തന്തൂരിച്ചിക്കൻ പോലെ ചുവന്ന നിറമുള്ള അറോക്കോത്തിന് ചുവന്ന നിറം വരാൻ ഇതാകുമത്രേ കാരണം. ഹവായ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. അറോക്കോത്തിലെ സാഹചര്യങ്ങൾ ലബോറട്ടറിയിൽ പുനർനിർമിച്ചാണ് ഈ പഠനം നടത്തിയത്. ഗ്ലൂക്കോസ് ഉൾപ്പെടെ പഞ്ചസാരകൾ ഇത്തരത്തിൽ രൂപപ്പെട്ടിട്ടുണ്ടെന്ന് പഠനം പറയുന്നു.സൂര്യനിൽ നിന്നുള്ള വികിരണങ്ങൾ ഏൽക്കുന്നതുമൂലം അറോക്കോത്തിന്റെ ഉപരിതലത്തിലുള്ള ചില കാർബൺ അധിഷ്ഠിത രാസവസ്തുക്കൾ വിഘടിച്ചത് മൂലമാണ് ഇത്.

ഇതിൽ ചില പഞ്ചസാരകൾ മനുഷ്യരുടെ ആർഎൻഎയിലും മറ്റും കാണപ്പെടുന്നതായതിനാൽ അറോക്കോത്തിലെ ജീവൻ സംബന്ധിച്ചും അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ നാസ ഇതു തള്ളി. വളരെയേറെ തണുപ്പുള്ള മേഖലയായതിനാൽ അറോക്കോത്തിൽ ജീവനുണ്ടാകാൻ ഒരു സാധ്യതയുമില്ലെന്നാണ് ഗവേഷകരുടെ അഭിപ്രായം. അനേകമനേകം വസ്തുക്കൾ അടങ്ങിയതാണ് സൗരയൂഥം. ഛിന്നഗ്രഹങ്ങളും കുള്ളൻഗ്രഹങ്ങളും പാറകളും ഉൽക്കകളും മറ്റുമൊക്കെ അടങ്ങിയതാണ് സൗരയൂഥം. ഇക്കൂട്ടത്തിൽ വളരെ വിചിത്രമായ രൂപമാണ് അറോക്കോത്തിനുള്ളത്. ഒരു ചിക്കൻകാൽ ഒഴുകി നടക്കുന്ന പോലെയിരിക്കും ഇതിനെ കണ്ടാൽ.

സൗരയൂഥത്തിൽ നെപ്ട്യൂൺ കഴിഞ്ഞിട്ടുള്ള മേഖലയിൽ ഭ്രമണം ചെയ്യുന്ന പാറക്കഷ്ണമാണ് അറോക്കോത്ത്. ഹബ്ബിൾ ബഹിരാകാശ ടെലിസ്കോപ് ഉപയോഗിച്ചാണ് ഇതു കണ്ടെത്തിയത്. 2014 എംയു69 എന്ന് ആദ്യം പേര് നൽകി. അൾട്ടിമ തൂലെ എന്ന് പിന്നീട് നാമകരണം ചെയ്തു. ഒടുവിൽ അറോക്കോത്ത് എന്നാക്കി മാറ്റി ഇതിനെ വിളിക്കുന്ന പേര്. പൗഹാട്ടൻ ഭാഷയിൽ അറോക്കോത്ത് എന്നാൽ ആകാശമെന്നാണ് അർഥം. നെപ്റ്റ്യൂണിനപ്പുറം കൈപർ ബെൽറ്റ് എന്നറിയപ്പെടുന്ന മേഖലയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഭൂമിയിൽ നിന്ന് 660 കോടി കിലോമീറ്റർ അകലെ.

അറോക്കോത്തിനൊരു പ്രത്യേകതയുണ്ട്. ഇത്രയും ദൂരത്തു സ്ഥിതി ചെയ്തിട്ടും ഈ പാറയിൽ ഒരു ബഹിരാകാശപേടകം പര്യവേക്ഷണം നടത്തി. നാസ വിക്ഷേപിച്ച ന്യൂ ഹൊറൈസൻസ് എന്ന പേടകമാണ് അറോക്കോത്തിനെ തെന്നിപ്പറന്ന് പര്യവേക്ഷണം നടത്തിയത്. ബാൾട്ടിമോറിലെ സ്പേസ് ടെലിസ്കോപ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടാണ് ദൗത്യത്തെ നിയന്ത്രിച്ചത്. മനുഷ്യനിർമിതമായ ഒരു പേടകം പര്യവേക്ഷണം നടത്തിയ ഏറ്റവും ദൂരത്തുള്ള വസ്തു എന്ന റെക്കോർഡ് ഇതോടെ അറോക്കോത്തിനായി.

400 കോടി വർഷങ്ങൾ പഴക്കമുള്ളതാണ് അറോക്കോത്തെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. സൗരയൂഥത്തിന്റെ ആരംഭകാലം മുതൽ അറോക്കോത്ത് സ്ഥിതി ചെയ്യുന്നുണ്ടെന്ന് മറ്റു ചില ശാസ്ത്രജ്ഞരും പറയുന്നു. കാലങ്ങളിത്ര കഴിഞ്ഞിട്ടും അറോക്കോത്തിന്റെ ഘടനയ്ക്കു കാര്യമായി മാറ്റങ്ങളും വന്നിട്ടില്ലെന്നാണ് അവരുടെ അഭിപ്രായം. അതിനാൽ തന്നെ ഇതിൽ നടത്തുന്ന പഠനങ്ങൾ സൗരയൂഥത്തിന്റെ ആദ്യകാലങ്ങളെ പറ്റി വിവരങ്ങൾ നൽകുമെന്ന് അവർ വിശ്വസിക്കുന്നു.രണ്ട് ഭാഗങ്ങൾ കൂട്ടിച്ചേർന്നാണ് അറോക്കോത്ത് രൂപപ്പെട്ടത്. ഇതിൽ പൊടിപടലങ്ങളും തീരെ കുറവാണ്.

English Summary:

Asteroid today: This space rock is sweet! Meet astonishing Asteroid Arrokoth, discovered by NASA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com