വാട്സാപ്പും ഇന്‍സ്റ്റയും ഒക്കെ മടുത്തോ? ഇനി മനുഷ്യനും എഐയും സഹകരിക്കുന്ന ബട്ടര്‍ഫ്‌ളൈസ് പരീക്ഷിച്ചാലോ?
Mail This Article
നിര്‍മിത ബുദ്ധി (എഐ) പ്രയോജനപ്പെടുത്തി സ്വന്തം ക്യാരക്ടറിനെ സൃഷ്ടിച്ച് മറ്റു യൂസര്‍മാരുമായി ഇടപെടാന്‍ അനുവദിക്കുന്ന ലോകത്തെ ആദ്യത്തെ സമൂഹ മാധ്യമം ഐഓഎസിലും ആന്‍ഡ്രോയിഡിലും ആഗോള തലത്തില്‍ എത്തി. ബട്ടര്‍ഫ്‌ളൈസ് എന്നാണ് പേര്. ഇന്‍സ്റ്റഗ്രാമിന്റെ ഇന്റര്‍ഫെയ്‌സിനോട് സമാനതയുള്ളതിനാല്‍ പലര്‍ക്കും പരിചിതത്വത്തോടെ ഇടപെടലുകള്‍ നടത്താന്‍ സാധിച്ചേക്കുമെന്ന ധാരണയോടെയാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. മുന്‍ സ്‌നാപ് എഞ്ചിനിയറിങ് മാനേജര്‍ വു ട്രാന്‍ (Vu Tran) ആണ് ബട്ടര്‍ഫ്‌ളൈസിനു പിന്നില്‍.
സമ്പൂര്‍ണ്ണമായും ഫ്രീ!
ബട്ടര്‍ഫ്‌ളൈസ് സമ്പൂര്‍ണ്ണമായും ഫ്രീയാണ് ഇപ്പോള്‍. ഇന്‍-ആപ് പര്‍ചെയ്‌സുകളും ഇല്ല. ഇത് തുടക്ക കാല ഓഫര്‍ മാത്രമായിരിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് വളരെ പരിചിത്വം തോന്നിയേക്കാവുന്ന ഇന്റര്‍ഫെയ്‌സാണ് ബട്ടര്‍ഫ്‌ളൈസില്‍ കാണാന്‍ സാധിക്കുക എന്നതിനാല്‍ ധാരാളം പേര്‍ ഇത് പരീക്ഷിക്കുമെന്നു തന്നെയാണ് വിലയിരുത്തല്‍. ഹോം, സേര്‍ച് (റെക്കമെന്‍ഡേഷന്‍സും ഇവിടെയായിരിക്കും), ഡിഎംസ്, പ്രൊഫൈല്‍ തുടങ്ങിയവയെല്ലാം സ്‌ക്രീനിന്റെ ഏറ്റവും താഴെയായി നല്‍കിയിരിക്കുന്നു.
അക്കൗണ്ട് എടുക്കുന്ന സമയത്തു തന്നെ സ്വന്തം ബട്ടര്‍ഫ്‌ളൈയെ എങ്ങനെ സൃഷ്ടിക്കണം എന്നതിനെക്കുറിച്ചും പറഞ്ഞു തരുന്നു. യഥാര്‍ത്ഥ്യ ബോധത്തോടെയുള്ളതോ, വരച്ചതോ ആയുള്ള സ്‌റ്റൈല്‍ തിരഞ്ഞെടുക്കാം. വിവരണം നല്‍കിയാല്‍ മതി. സ്വന്തം ക്യാരക്ടറിന് ഒരു പേരുമിടാം. ഏതു തരം സ്വഭാവ സവിശേഷതകള്‍ഉള്ള ക്യാരക്ടറാണ് വേണ്ടതെന്നും തിരഞ്ഞെടുക്കാം. ക്യാരക്ടറിന് ഒരു പശ്ചാത്തലവും കുറിക്കാം. പ്രൊഫൈല്‍ പടവും തിരഞ്ഞെടുക്കാം.
ഇതിനെയെല്ലാം ആസ്പദമാക്കി ആയിരിക്കും ഒരാളുടെ ബട്ടര്‍ഫ്‌ളൈ സൃഷ്ടിക്കപ്പെടുക. ഈ ബട്ടര്‍ഫ്‌ളൈക്ക് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനാകും. അവയ്ക്ക് അടിക്കുറിപ്പുകള്‍ എഴുതാനാകും. മറ്റ് ഉപയോക്താക്കളുടെയും, എഐ ക്യാരക്ടറുകളുടെയും പോസ്റ്റുകള്‍ ലൈക് ചെയ്യാനും, അവയ്ക്ക് കമന്റ്ഇടാനുമാകും. യഥാര്‍ത്ഥ ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ക്ക് മറുപടിയിടാനും സാധിക്കും.
യൂസര്‍മാരും, എഐ ക്യാരക്ടേഴ്‌സും സഹവസിക്കുന്ന ഇടം
എഐ കഥാപാത്രങ്ങളും, യഥാര്‍ത്ഥ ഉപയോക്താക്കളും സഹവസിക്കുന്ന ഒരു ഇടമായാണ് ബട്ടര്‍ഫ്‌ളൈസ് വിഭാവന ചെയ്തിരിക്കുന്നത്. ഇരു കൂട്ടര്‍ക്കും പരസ്പരം ഇടപെടാം. ഓരോ കൂട്ടരുടെയും പുതിയ ഇടപെടലുകള്‍ നിരീക്ഷിക്കാനും അതിനോട് പ്രതികരിക്കാനും സാധിക്കും. ഒരു യുസര്‍ക്ക് എത്ര എഐ ക്യാരക്ടേഴ്‌സിനെസൃഷ്ടിക്കാം എന്ന കാര്യത്തില്‍ നിലവില്‍ പരിമിതിയില്ല.
യഥാര്‍ത്ഥ ഉപയോക്താക്കളെയും, എഐ കഥാപാത്രങ്ങളെയും തിരിച്ചറിയാനായി ഒരോ ബട്ടര്‍ഫ്‌ളൈയുടെയും പ്രൊഫൈലില്‍ ആരാണ് അതിനെ സൃഷ്ടിച്ചത് എന്നറിയിക്കുന്ന ഒരു ടാഗും ഉണ്ടായരിക്കും. ഓരോ യൂസറുടെയും പ്രൊഫൈലില്‍ അയാള്‍ സൃഷ്ടിച്ച എല്ലാ എഐ ക്യാരക്ടറുകളെയും കാണുകയും ചെയ്യാം.
ഇതില്‍ പുതുമയുണ്ടോ?
സമുഹ മാധ്യമ രംഗത്ത് എഐ ക്യാരക്ടേഴ്‌സിനെ അവതരിപ്പിക്കുന്ന ആദ്യ പ്ലാറ്റ്‌ഫോം അല്ല ബട്ടര്‍ഫ്‌ളൈസ്. എന്നാല്‍, യഥാര്‍ത്ഥ യൂസര്‍മാരെയും, എഐ ക്യാരക്ടേഴ്‌സിനെയും ഒരേ പ്ലാറ്റ്‌ഫോമില്‍ എത്തിച്ച സംരംഭം ആയിരിക്കാമിത് എന്നാണ് ഇപ്പോള്‍ കരുതുന്നത്. ക്യാരക്ടര്‍.എഐ, മെസഞ്ചര്‍പ്ലാറ്റ്‌ഫോമില്‍ മെറ്റാ അടുത്തിടെ നടത്തിയ പരീക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ പുതിയ സാധ്യതകള്‍ ആരായാനുള്ള പരിശ്രമം തന്നെയാണ്. എഐയും മനുഷ്യനും തമ്മില്‍ ആഗോള തലത്തിലുള്ള ഇടപെടലിന് പര്യാപ്തമായ ഒരു ശക്തമായ പ്ലാറ്റ്‌ഫോമാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നിടത്താണ് ബട്ടര്‍ഫ്‌ളൈസിന്റെപ്രസക്തി. പരീക്ഷിച്ചു നോക്കാൻ:
ബട്ടര്‍ഫ്‌ളൈസ് പേജ് ഇതാ: https://www.butterflies.ai/landing
ഐഓഎസ് ആപ്പ്: https://apps.apple.com/us/app/butterflies-bring-ai-to-life/id6471347348
ആന്‍ഡ്രോയിഡ് ആപ്പ്: https://play.google.com/store/apps/details?id=ai.butterflies.ios&hl=en_US
ഐഫോണുകള്‍ക്ക് ദയാവധമോ?
ആന്‍ഡ്രോയിഡ് ഓഎസും മറ്റും ഉള്ള ഹാര്‍ഡ്‌വെയര്‍ കരുത്തില്‍ പ്രവര്‍ത്തിച്ചു വന്ന ഉപകരണങ്ങളെ പോലെ അല്ലായിരുന്നു ഐഓഎസ് ഉപകരണങ്ങള്‍. അയത്‌നലളിതമായ ചലനം സാധ്യമായിരുന്ന ഈ മൊബൈല്‍ ഓഎസിന് റാമിന്റെയും മറ്റും മസില്‍ കരുത്തില്ലെങ്കിലും മിക്കവാറും ടാസ്‌കുകളെല്ലാം സുഗമമായിനിര്‍വ്വഹിക്കാന്‍ സാധിച്ചിരുന്നു. അതിനാല്‍ തന്നെ ആപ്പിള്‍ ഉപകരണങ്ങളില്‍ റാം താരതമ്യേനെ കുറവായിരുന്നു.
ആപ്പിള്‍ ഇന്റലിജന്‍സ് എന്ന് കമ്പനി വിളിക്കുന്ന എഐ ഫീച്ചര്‍ വന്നപ്പോഴാണ് കമ്പനിക്ക് ഒരു കാര്യം പിടികിട്ടിയത്-അത് പ്രവര്‍ത്തിക്കണമെങ്കില്‍ വേണം കുറഞ്ഞത് 8 ജിബി റാം. നിലവിലുള്ള ഐഫോണുകളില്‍ അതുള്ളത് ഐഫോണ്‍ 15 പ്രോ, പ്രോ മാക്‌സ് മോഡലുകള്‍ക്ക് മാത്രമാണ്. കഴിഞ്ഞവര്‍ഷം ഐഫോണ്‍ 15, 15 പ്ലസ് മോഡലുകള്‍ വാങ്ങിയവര്‍ക്കു പോലും ആപ്പിള്‍ ഇന്റലിജന്‍സ് ലഭിക്കില്ല.
പഴയ ചില മോഡലുകളെക്കൊണ്ട് വേണമെങ്കില്‍ എഐ കമാന്‍ഡുകള്‍ പ്രൊസസ് ചെയ്യിക്കാം. പക്ഷെ, 'ഞരങ്ങിയും മൂളിയും' ഇത് നിര്‍വ്വഹിപ്പിക്കുക എന്നത് ഉപകരണങ്ങള്‍ക്കോ ഉപയോക്താക്കള്‍ക്കോ നല്ല അനുഭവമായിരിക്കില്ല നല്‍കുക എന്നതാണ് അവയില്‍ ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിപ്പിക്കേണ്ട എന്ന് കമ്പനി തീരുമാനിക്കനിടവന്നതത്രെ. കൂടാതെ, ഇത് ആപ്പിളിനും നാണക്കേടുണ്ടാക്കും. ഐഫോണ്‍ എക്‌സ്ആര്‍ മുതലുള്ള ഫോണുകള്‍ക്ക് ഐഓഎസ് 18 അപ്‌ഡേറ്റ് ലഭിക്കുമെങ്കിലും അവയൊന്നും കമ്പനി അടുത്തകാലത്ത് കൊണ്ടുവന്ന ഏറ്റവും മികച്ച ഫീച്ചര്‍ കൈകാര്യം ചെയ്യാനുള്ള കരുത്തില്ലാത്തവയാണ്.
ചുരുക്കി പറഞ്ഞാല്‍, തുമ്പികളെ കൊണ്ട് കല്ലെടുപ്പിക്കാന്‍ ഉദ്ദേശമില്ലാത്തതിനാല്‍ ആപ്പിള്‍ അവയ്ക്ക് 'ദയാവധം' നല്‍കിയിരിക്കുകയാണ് എന്നാണ് ഒരു അഭിപ്രായം. ഐഫോണുകളുടെ ചരിത്രത്തില്‍ ആദ്യമായി ആയിരിക്കാം സുപ്രധാന സോഫ്റ്റ്‌വെയര്‍ ഫീച്ചര്‍ ഇത്രയധികം മുന്‍ മോഡലുകള്‍ക്ക് നൽകാനാകാതെ പോകുന്നത്.
ഐഫോണ്‍ പ്രേമികള്‍ക്ക് പുതിയ പ്രശ്‌നം
വര്‍ഷാവര്‍ഷം പുതിയ ഐഫോണ്‍ വാങ്ങാത്തവര്‍ക്ക് ഒരു പുതിയ പ്രശ്‌നവും ഈ വര്‍ഷം നേരിടേണ്ടി വന്നേക്കും. ആപ്പിള്‍ ഇന്റലിജന്‍സ് വേണമെന്നുള്ളവര്‍ക്ക് പുതിയ ഐഫോണ്‍ ഈ വര്‍ഷം വാങ്ങേണ്ടി വന്നേക്കാം. എന്നാല്‍, അടുത്ത വര്‍ഷത്തെ ഐഫോണിന്റെ രൂപകല്‍പ്പന പൂര്‍ണ്ണമായും മാറിയേക്കുമത്രെ. നന്നേ മെലിഞ്ഞ ഐഫോണുകള്‍ കിട്ടിയേക്കും.
അതോടെ, ഈ വര്‍ഷം വാങ്ങാന്‍ പോകുന്ന 'തടിയന്‍' ഐഫോണുകളും കാലഹരണപ്പെട്ടതായി തോന്നപ്പെട്ടേക്കാം. ഐഫോണ്‍ 8 വരെയുള്ള മോഡലുകളില്‍ നിന്ന് ആകെ മാറ്റവുമായി ഐഫോണ്‍ എക്‌സ് എത്തിയതിനു സമാനമായ സാഹചര്യം. ഐഫോണ്‍ 16 സീരിസ് വാങ്ങണോ, അതോ ഒരു വര്‍ഷം കൂടെ കാത്തിരുന്ന് ഐഫോണ്‍ 17 വാങ്ങണോ എന്നതായിരിക്കും പുതിയ പ്രശ്‌നം.
ഐഫോണ്‍ 17 മെലിഞ്ഞതാണെങ്കില്‍ എന്ത്?
ഐഫോണ്‍ 17 സീരിസ് മെലിഞ്ഞതു തന്നെ ആയിരിക്കാമെന്ന പ്രതീതി കൊണ്ടുവന്നത് അടുത്തിടെ പരിചയപ്പെടുത്തിയ ഐപാഡ് പ്രോ സീരിസാണ്. കേവലം 5.1 എംഎം കനമുള്ള 13-ഇഞ്ച് മോഡല്‍ പലരെയും വിസ്മയിപ്പിച്ചു. എന്നാല്‍, ഇത് നല്‍കുന്ന ഏറ്റവും വലിയ സൂചന, അധികം താമസിയാതെ ഫോള്‍ഡബ്ള്‍ ഐഫോണും ആപ്പിള്‍ പുറത്തിറക്കിയേക്കാമെന്നതാണത്രെ.