ലക്ഷത്തോടടുത്ത് വില, ജെമിനിയുടെ അദ്ഭുതം; പിക്സൽ 9 സീരിസ് എടുത്താൽ ഗുണമുണ്ടോ, എന്താണ് പുതുമകള്‍?
Mail This Article
സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം പുതിയ ഘട്ടത്തിലേക്കു കടക്കുകയാണെന്ന് എന്ന് വിളിച്ചറിയിച്ച് എത്തുന്ന ഹാന്‍ഡ്സെറ്റുകളാണ് ഗൂഗിള്‍ പിക്സല്‍ 9 സീരിസിലുളളത്. ഈ സീരിസില്‍ കൊണ്ടുവരേണ്ട ഫീച്ചറുകളെക്കുറിച്ച് ഗൂഗിള്‍ എഞ്ചിനിയര്‍മാര്‍ നല്ല ഗൃഹപാഠം ചെയ്തിരുന്നു എന്നു തോന്നലുംഉണ്ടാക്കുന്നു. ഇവയില്‍ പല ഫീച്ചറുകളും മുന്‍ തലമുറയിലെ പിക്സല്‍ ഫോണുകളിലും എത്തും. പിക്സല്‍ സ്റ്റുഡിയോ, ജെമിനൈ ലൈവ്, എന്‍ഹാന്‍സ്ഡ് മാജിക് ഇറെയ്സര്‍ തുടങ്ങി പലതും പുതിയ സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ക്ക് ഇഷ്ടപ്പെട്ടേക്കും. മെയിഡ് ബൈ ഗൂഗിള്‍ ഇവന്റില്‍ പരിചയപ്പെടുത്തിയഏതാനും പുതുമകള്‍ പരിശോധിക്കാം:
ജെമിനി ലൈവ്
ഏറ്റവും മികച്ച നിര്‍മ്മിത ബുദ്ധി (എഐ) അനുഭവം പകര്‍ന്നു നല്കാന് ഗൂഗിള്‍ എത്തുന്ന കാഴ്ചയാണ് ജെമിനി ലൈവ് നല്‍കുന്നത്. എഐയുടെ കാര്യത്തില്‍ ഇപ്പോള്‍ കമ്പനികള്‍ തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ പരാജയപ്പെട്ടാല്അത് തങ്ങളെ പിന്നോട്ടടിക്കും എന്ന് ഗൂഗിളിന് വ്യക്തമായി അറിയാം. പിക്സല്‍ ഫോണ്‍ ഉടമകള്‍ക്ക് സംസാരം വഴി എഐയുമായി ഇടപെടാനുള്ള അവസരമാണ് ജെമിനു ലൈവില്‍ ഗൂഗിള്‍ നല്‍കുന്നത്. ഗൂഗിളിന്റെ ജനറേറ്റിവ് എഐയുടെ ഏറ്റവും ശക്തിയേറിയ പതിപ്പാണ് ഇത്. ചോദ്യങ്ങള്‍ക്ക് തത്സമയം ഉത്തരവും ലഭിക്കും. അതായത്, ഒരു പേഴ്സണല്‍ അസിസ്റ്റന്റ് (പിഎ) എപ്പോഴും ഒപ്പമുള്ളതു പോലത്തെ അനുഭവം.
പ്രോ മോഡലുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് ഫ്രീ
എന്നാല്‍, ജെമിനി ഉപയോഗിക്കാന്‍ വരിസംഖ്യ അടയ്ക്കണം. സ്മാര്‍ട്ട്ഫോണ്‍ മേഖല പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു എന്നു പറയാനുള്ള കാരണം തന്നെ ഇതാണ്. ഇതുവരെ ഹാര്‍ഡ്വെയറിന് പണം മുടക്കി കഴിഞ്ഞ് പിന്നെ വരിസംഖ്യയും മറ്റും നല്‍കാതെ മിക്കവാറും ഫീച്ചറുകളെല്ലാം ലഭിക്കുമായിരുന്നു. ജെമിനി അഡ്വാന്‍സ്ഡ് സബ്സ്ക്രിപ്ഷന് ഉണ്ടെങ്കിലേ പുതിയ എഐ ഫീച്ചര്‍ ലഭിക്കൂ. വേണമെന്നുള്ളവര്‍ ജെമിനി അഡ്വാന്‍സ്ഡ് അടങ്ങുന്ന വണ്‍ എഐ പ്രീമിയം പ്ലാന്‍ സബ്സ്ക്രൈബ് ചെയ്തിരിക്കണം.
അതേസമയം, പിക്സല്‍ 9 പ്രോ, പിക്സല്‍ 9 പ്രോ എക്സ്എല്‍, പിക്സല്‍ 9 പ്രോ ഫോള്‍ഡ് ഉടമകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വണ്‍ എഐ പ്രീമിയം പ്ലാന്‍ കോംപ്ലിമെന്ററി ആയിനല്കുന്നു. ചാറ്റ്ജിപിറ്റിയുടെ വോയിസ് മോഡിനോട് ഏറ്റുമുട്ടുക എന്ന ഉദ്ദേശത്തോടെയാണ് ജെമിനൈ ലൈവ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ടു മനുഷ്യര്‍ തമ്മില്‍ സംസാരിക്കുന്നതു പോലെ ജെമിനൈ ലൈവുമായി ഇടപെടാം. ജെമിനൈ ഉത്തരം നല്കിക്കൊണ്ടിരിക്കുമ്പോള് ഇടയ്ക്കു കയറി ചോദ്യങ്ങള്ചോദിക്കുക പോലും ചെയ്യാം.
പിക്സല്‍ സ്റ്റുഡിയോ
മിക്കവരെയും, പ്രത്യേകിച്ചും ചെറുപ്പക്കാരായ യൂസര്‍മാരെ ഉത്സാഹഭരിതരാക്കാന്‍ ഇടയുള്ള ഫീച്ചറാണ് പിക്സല്‍ സ്റ്റുഡിയോ. എന്തു തരം ചിത്രമാണ് വേണ്ടതെന്ന് വിവരണം എഴുതി നല്കിയാല് അത്തരം ഒരു ചിത്രം സൃഷ്ടിച്ചു നല്‍കാനുളള കഴിവുമായി ആയിരിക്കും പിക്സല്‍ സ്റ്റുഡിയോ എത്തുക. പിക്സല്‍ 9 സീരിസില്‍ ടെന്‍സര്‍ ജി4 പ്രൊസസറിനെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ഓണ്‍-ഡിവൈസ് ഡിഫ്യൂഷന്‍ മോഡല്‍ ആണ് പിക്സല്‍ സ്റ്റുഡിയോയ്ക്ക് പിന്‍ബലം നല്‍കുക എന്നതിനാല്‍ ഇത് കൂടുതല്‍ സുഗമമായി പ്രവര്‍ത്തിച്ചേക്കും. അതേസമയം, ഇമേജന്‍ 3 ടെക്സ്റ്റ്-ടു-ഇമേജ് പ്രൊസസിങ് ക്ലൗഡില്‍ ആയിരിക്കും നടത്തുക എന്നതിനാല്‍ ഈ ഫീച്ചര്‍ പഴയ മോഡലുകളിലും ഈ ഫീച്ചര്‍ താമസിയാതെ ലഭിച്ചേക്കും. ഇതു പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ശേഷിയുള്ള ഒട്ടനവധി ആന്‍ഡ്രോയിഡ് ഫോണുകളിലും ഇത് ലഭിച്ചേക്കുമെന്നാണ് സൂചന.
പിക്സല്‍ സ്ക്രീന്ഷോട്സ്
എടുത്തുവച്ചിരിക്കുന്ന സ്ക്രീന്ഷോട്ടുകളിലുള്ള വിവരം എഐ ഉപയോഗിച്ച് തിരിച്ചെടുക്കാനുള്ള ഫീച്ചറാണ് പിക്സല്‍ സ്ക്രീന്ഷോട്സ്. മൈക്രോസോഫ്റ്റിന്റെ കോ-പൈലറ്റ്പ്ലസ് കംപ്യൂട്ടറുകളില്‍ ഇത്തരത്തിലുള്ള ഫീച്ചര്‍ നേരത്തെ എത്തി ശ്രദ്ധേയമായിരുന്നു. പിക്സല്‍ 9 സീരിസ്ഫോണുകളില് സേവു ചെയ്തിരിക്കുന്ന സ്ക്രീന്‍ഷോട്ടുകളില്‍ ഉള്ള വിവരങ്ങള്‍ നല്‍കുക ആയിരിക്കും പിക്സല്‍ സ്ക്രീന്ഷോട്സ് ചെയ്യുക.
കോള്‍ നോട്ട് അല്ലെങ്കില്‍ എഐ കോള്‍ റെക്കോര്‍ഡര്‍
പിക്സല്‍ 9 സീരിസില്‍ ഉള്ള കോള്‍ നോട് ഫീച്ചര്‍ ഫോണ്‍ കോളുകള്‍ റെക്കോഡ് ചെയ്യുക മാത്രമല്ല അത് ടെക്സ്റ്റ് ആക്കി മാറ്റുകയും ചെയ്യും. ഓഡിയോ പ്രൊസസ് ചെയ്യുന്നത് ഫോണില്‍ തന്നെയാണ്, ക്ലൗഡില്‍ അല്ല എന്നതിനാല്‍ ഇത് സുരക്ഷിതമാണ് എന്ന് വിലയിരുത്തപ്പെടുന്നു. ഒപ്പം ഫോണ്‍കോളില്‍, അല്ലെങ്കില്‍ ഗ്രൂപ് കോളില്‍ ഉള്ള എല്ലാവരോടും കോള്‍ റെക്കോഡിങ് നടക്കുന്നു എന്ന് അറിയിക്കുകയും ചെയ്യും.
ഫോട്ടോയിലേക്ക് കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കാം
ആഡ് മീ എന്ന ഫീച്ചര്‍ ഉപയോഗിച്ച് ഗ്രൂപ് ഫോട്ടോകളിലേക്ക് കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കാം. രണ്ടു ഫോട്ടോകള്‍ ഒന്നാക്കിയായിരിക്കും ഇത് ചെയ്യുക.
വിഡിയോയില്‍ നിന്ന് 33എംപി ഫോട്ടോ!
ഇത് പിക്സല്‍ 9 പ്രോ ഫോണുകള്‍ക്ക് മാത്രമുള്ള ഒരു ഫീച്ചറാണ്. റെക്കോഡ് ചെയ്ത 4കെ വിഡിയോ, 8കെ ആയി അപ്സ്കെയ്ല് ചെയ്യുകയും അതില്‍ നിന്ന് 33എംപി റെസലൂഷന്‍ ഉള്ള ഫോട്ടോ പിടിച്ചെടുക്കുകയും ചെയ്യാം! കൂടാതെ, വെളിച്ചക്കുറവില്‍ പകര്‍ത്തിയ ക്ലിപ്, വിഡിയോ ബൂസ്റ്റ് ഉപയോഗിച്ച്മികവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.
20 മടങ്ങ് സൂം
സൂപ്പര്‍ റെസ് സൂം വിഡിയോ ഫീച്ചര്‍ ഉപയോഗിച്ച് ഉന്നത നിലവാരമുള്ള വിഡിയോ 20 മടങ്ങ് മാഗ്നിഫൈ ചെയ്യാം.
മാജിക് എഡിറ്റര്‍
സ്മാര്‍ട്ട്ഫോണുകളില്‍ കാണാനിടയായ ഏറ്റവും മികച്ച എഐ ഇമേജ് എഡിറ്ററുകിളില് ഒന്നാണ് ഗൂഗിള്‍ ഫോട്ടോസിലുള്ള മാജിക് എഡിറ്റര്‍. പിക്സല്‍ 9 സീരിസില്‍ ഇതിന്റെ ശേഷി വര്‍ദ്ധിച്ചിരിക്കുന്നത് കാണാം. എടുത്ത ഫോട്ടോയില്‍ ഇല്ലാത്ത വസ്തു കൂട്ടിച്ചേര്‍ക്കാനും, ഫോട്ടോ പിടിച്ചെടുഎടുത്തശേഷം അതിന്റെ ഫ്രെയിമിങ് മാറ്റാനും സാധിക്കും എന്നതാണ് അതിന്റെ മികവ്.
വെതര്‍ ആപ്
ജെമിനി നാനോ മോഡല്‍ ഉപയോഗിച്ച് ഫോണില്‍ തന്നെ പ്രവര്‍ത്തിപ്പിക്കുന്ന വെതര്‍ ആപ്പ് ആണ് പിക്സല്‍ 9 സീരിസിലെ മറ്റൊരു പുതുമ. പ്രാദേശിക കാലാവസ്ഥ കൃത്യതയോടെ നല്‍കുക എന്ന ഉദ്ദേശമാണ് ഇതിന്. പിക്സല്‍ 9 പ്രോ സീരിസിലെ ഹാര്‍ഡ്വെയറിനു മാത്രം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ഫീച്ചറുകള്‍ ആ ഫോണുകളില്‍ മാത്രമായി ഒതുങ്ങും. എന്നാല്‍, മറ്റു ചില പുതുമകള്‍ പഴയ മോഡലുകളായ പിക്സല്‍ 8 സീരിസിലും എത്തും.