ഫോൺ സ്പീക്കറിൽ കയറിയ വെള്ളം പുറന്തള്ളുന്ന ആ 'ഗാനം', പരീക്ഷിച്ചു വിജയിച്ചവർ നിരവധി; പക്ഷേ...
Mail This Article
പുത്തന്‍ സ്മാര്‍ട്ട്‌ഫോണുകളെല്ലാം വാട്ടര്‍ റെസിസ്റ്റന്‍സ് ഉണ്ടെന്ന അവകാശവാദവുമായി ആണ് എത്തുന്നത്. ഒരു പരിധിവരെ ഇത് ശരിയാണെങ്കിലും വെള്ളത്തില്‍ വീണാല്‍ മിക്ക ഫോണുകളുടെയും സ്പീക്കറുകളില്‍ ചിലപ്പോൾ ജലാംശംം കയറുകയും അത് പ്രശ്‌നമാകുകയും ചെയ്യാറുണ്ട്ഐ ഫോണുകളടക്കം മിക്ക ഫോണുകളും ഇതിന് ഉദാഹരണമാണ്. ഒരു പ്രൊഫഷണല്‍ സര്‍വിസ് സെന്ററില്‍ ഫോണ്‍ വേഗം എത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെങ്കില്‍ എന്തു ചെയ്യും?
കഴിഞ്ഞ നാലു വര്‍ഷത്തോളമായി യൂട്യൂബില്‍ തരംഗം തീര്‍ത്ത ഒരു വിഡിയോ ആണ് സൗണ്ട് ടു റിമൂവ് വാട്ടര്‍ ഫ്രം ഫോണ്‍ സ്പീക്കര്‍ (ഗ്യാരന്റീഡ്):
ഈ വിഡിയോ നനഞ്ഞ ഫോണില്‍ പ്ലേ ചെയ്തുകൊണ്ടിരുന്നാല്‍ സ്പീക്കറിലെ വെള്ളം തള്ളിക്കളയാമെന്നാണ് അവകാശവാദം. ഇത് നാലര കോടിയിലേറെ ആളുകള്‍ കാണുകയു ചെയ്തു. ഇതില്‍ വസ്തുത ഉണ്ടോ എന്ന് അറിയാന്‍ ദി വേര്‍ജിന്റെ ഡേവിഡ് പിയഴ്‌സും, ഐഫിക്‌സിറ്റ് വെബ്‌സൈറ്റിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരും ഇത് പരിശോധിച്ചു നോക്കി. വിഡിയോയ്ക്ക് കീഴില്‍ കമന്റ് ഇട്ടിരിക്കുന്ന ആയിരക്കണക്കിനു പേരെയും പോലെ ഇത് ശരിയാണ് എന്നാണ് കണ്ടെത്തല്‍.
പരീക്ഷിക്കാനായി ഒരു ഐഫോണ്‍ 13 യുവി ഡൈ ഉള്ള വെള്ളത്തില്‍ മുക്കി എടുക്കുകയായിരുന്നു. തുടര്‍ന്ന് വിഡിയോ പ്ലേ ചെയ്ത ശേഷം രാത്രി ഉണങ്ങാന്‍ വച്ചു. പ്രസ്തുത യൂട്യൂബ് വിഡിയോയ്ക്ക് ഫോണിലെ വെള്ളം പുറംതള്ളാനായി എന്നാണ് പരീക്ഷണം നടത്തിയവര്‍ കണ്ടെത്തിയത്. ഏതു ഫോണിലും ഇത് പരീക്ഷിക്കാമെന്ന് പറയുന്നു(സ്വന്തം റിസ്കിൽ).
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
ഫോണിന്റെ സ്പീക്കറിലെ വെള്ളം മാത്രമാണ് ഇങ്ങനെ പുറത്തെത്തിക്കാന്‍ സാധിക്കുന്നത്. സിം ട്രേ, യുഎസ്ബി പോര്‍ട്ട് പോലെയുള്ള ഇടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ പാട്ട് വച്ചതു കൊണ്ട് ഒരു ഗുണവും ഇല്ല. യൂട്യൂബ് വിഡിയോയുടെ സവിശേഷ ടോണിന് ഗ്രില്ലിലെ വെള്ളം പുറത്താക്കാൻ സാധിക്കും. മറ്റു പല വിഡിയോകളും ഇതേ അവകാശവാദം ഉന്നയിക്കുന്നുമുണ്ട്. പ്രൊഫഷണല്‍ സര്‍വിസ് കിട്ടുന്നില്ലെങ്കില്‍, മറ്റു നിവൃത്തിയൊന്നും ഇല്ലെങ്കില്‍ സ്വന്തം റിസ്‌കില്‍ വേണമെന്നുള്ളവര്‍ക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ് ഇത്.
ഇതിന്റെ വിജയം യാദൃച്ഛികഭാഗ്യമോ?
ടെസ്റ്റ് നടത്തിയവരും, കമന്റ് ഇട്ടവരും നടത്തിയ പരീക്ഷണം വിജയിക്കാന്‍ ഇടവന്നത് യാദൃശ്ചികഭാഗ്യം മാത്രം ആയിക്കൂടെ? അല്ല എന്നാണ് ഉത്തരം. ആപ്പിള്‍ വാച്ചില്‍ ഇത്തരത്തില്‍ വെള്ളം ഇറക്കി കളയാനുള്ള ഒരു ഫീച്ചര്‍ ആപ്പിള്‍ നല്‍കുന്നുണ്ട്. എന്നാല്‍, ഫോണ്‍ പോലെ പലയിടങ്ങളില്‍ വെള്ളം കയറിയാല്‍ അത് പൂര്‍ണ്ണവിജയം ആകണമെന്നില്ലെന്നും, പഴി കേള്‍ക്കുമെന്നും അറിയാവുന്നതു കൊണ്ടാകും ഐഫോണിലും മറ്റും ആപ്പിള്‍ ആ ഫീച്ചര്‍ ഉള്‍ക്കൊള്ളിക്കാത്തത്.
മൈക്രോസോഫ്റ്റ് എജ് ഉടന്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് കേന്ദ്രം
വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റ് എജ് ബ്രൗസറില്‍ ഒന്നിലേറെ ഭേദ്യതകള്‍ കണ്ടെത്തിയെന്നും അത് വേഗം അപ്‌ഡേറ്റ് ചെയ്യണമെന്നും ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. ഇപ്പോള്‍ ഉള്ളത് 128.0.2739.42 വേര്‍ഷന്‍ ആണ് എന്ന് ഉറപ്പുവരുത്തണമെന്നാണ് കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ടീം ഇറക്കിയ മുന്നറിയിപ്പില്‍ പറയുന്നത്.
ആപ്പിള്‍ വാച് എക്‌സ് (ടെന്‍) പുറത്തെടുക്കുമോ?
സെപ്റ്റംബര്‍ 9ന് പ്രഖ്യാപിച്ചിരിക്കുന്ന ''ഇറ്റ്‌സ് ഗ്ലോടൈം'' പരിപാടിയില്‍ പുതിയൊരു എക്‌സ് മോഡല്‍ പുറത്തെടുത്തേക്കുമെന്നുള്ള വാര്‍ത്തകളും പ്രചരിക്കുന്നു. ഐഫോണ്‍ എക്‌സ് (ടെന്‍) പോലെ, ആപ്പിള്‍ വാച്ച് എക്‌സ് ഉണ്ടാകാമെന്നാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ അവകാശപ്പെടുന്നത്.
കാരണം, ഇത് ആപ്പിള്‍ വാച്ച് പുറത്തിറക്കിയതിന്റെ പത്താം വാര്‍ഷികമാണ്. സെപ്റ്റംബര്‍ 9, 2014ല്‍ ആണ് ആപ്പിള്‍ മേധാവി ടിം കുക്ക് ആദ്യ ആപ്പിള്‍ വാച്ച് പരിചയപ്പെടുത്തിയത്. സെപ്റ്റംബര്‍ 10ന് നടത്തുമെന്നു നേരത്തെ പറഞ്ഞു കേട്ട ഇറ്റ്‌സ് ഗ്ലോടൈം ഇവന്റ് ഒരു ദിവസം പിന്നോട്ടുമാറ്റിയത്, ആപ്പിള്‍ വാച്ചിന്റെ ജന്മദിന ദിവസം കൃത്യമായി ആഘോഷിക്കാന്‍ കൂടെ ആയിരിക്കാം.
ഐപാഡ് മിനി 7നും സാധ്യത?
സെപ്റ്റംബര്‍ 9ന് പുറത്തിറക്കിയേക്കാവുന്ന ഉപകരണങ്ങളുടെ പട്ടികയില്‍ ഐപാഡ് മിനി 7നും ഉള്‍പ്പെടുത്തി പുതിയ അഭ്യൂഹം. ആപ്പിള്‍ സ്റ്റോറുകളില്‍ ഐപാഡ് മിനി മോഡലുകള്‍ ലഭ്യമല്ലാതെ ആയിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയത് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടര്‍ മാര്‍ക് ഗുര്‍മന്‍ ആണ്.
ആപ്പിള്‍ ടിവിപ്ലസ്, മ്യൂസിക് എയര്‍ടെല്‍ കസ്റ്റമര്‍മാര്‍ക്ക് ഉടന്‍ ലഭിച്ചേക്കും
ഇന്ത്യന്‍ ടെലകോം ഭീമന്‍ എയര്‍ടെല്‍ ആപ്പിളുമായി സഹകരിക്കുമെന്ന് പുതിയ വാര്‍ത്ത. ഇതിന്‍പ്രകാരം ആപ്പിളിന്റെ സ്ട്രീമിങ് സേവനമായ ആപ്പിള്‍ ടിവിപ്ലസ്, ആപ്പിള്‍ മ്യൂസിക് എന്നിവ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നല്‍കിയേക്കും. എയര്‍ടെല്‍ എക്‌സ്ട്രീം വൈഫൈ, എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ ടിവിപ്ലസ് ഉടന്‍ ലഭിക്കുമെന്നാണ് സൂചന. അതിനു പുറമെ, വിങ്ക് (Wynk) സ്ട്രീമിങ് പ്ലാറ്റ്‌ഫോം വഴി ആപ്പിള്‍ മ്യൂസിക്കും വില കുറച്ച് നല്‍കിയേക്കും. ഇതോടെ, എയര്‍ടെല്‍ കസ്റ്റമര്‍മാര്‍ക്ക്ആപ്പിള്‍ ടിവിപ്ലസിലേയും, ആപ്പിള്‍ മ്യൂസിക്കിലെയും മൊത്തം ലൈബ്രറിയും തുറന്നുകിട്ടും എന്നാണ് കേള്‍വി.
ആപ്പിള്‍ സിഎഫ്ഓ ആയി ഇന്ത്യന്‍ വംശജന്‍
ആപ്പിളിന്റെ ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫിസറായി ഇന്ത്യന്‍ വംശജനായ കെവന്‍ പരേഖ് (Kevan Parekh) ചുമതല ഏല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരി 1, 2025 മുതല്‍ ആയിരിക്കും അദ്ദേഹത്തന്റെ നിയമനം പ്രാബല്ല്യത്തില്‍ വരിക. നേരത്തെ റോയിട്ടേഴ്‌സിലും, ജനറല്‍ മോട്ടോഴ്‌സിലും ജോലിയെടുത്തിരുന്നആളാണ് പരേഖ്.
സര്‍വിസസ് വിഭാഗത്തില്‍ നിന്ന് 100 പേരെ ആപ്പിള്‍ പിരിച്ചുവിട്ടു
മറ്റു കമ്പനികളെ പോലെ, പെട്ടെന്ന് ഒരു ദിവസം ആയിരക്കണക്കിനു ജീവനക്കാരെ പിരിച്ചുവിടുന്ന രീതി ആപ്പിള്‍ കോവിഡാനന്തര ഘട്ടത്തിലും അനുവര്‍ത്തിച്ചിട്ടില്ല. എന്തായാലും, തങ്ങളുടെ സര്‍വിസസ് ഗ്രൂപ്പില്‍ നിന്ന് നൂറോളം പേരെ ആപ്പിള്‍ പിരിച്ചുവിട്ടു എന്ന് ബ്ലൂംബര്‍ഗ്.
ആപ്പിള്‍ ബുക്‌സ് ആപ്പ്, ആപ്പിള്‍ ബുക്‌സ്റ്റോര്‍, ആപ്പിള്‍ ന്യൂസ് തുടങ്ങിയ വിഭാഗങ്ങളില്‍ ജോലിയെടുത്തിരുന്ന ചിലരെയാണ് കമ്പനി പറഞ്ഞുവിട്ടത് എന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ നീക്കം ആപ്പിള്‍ പരസ്യമാക്കിയിട്ടില്ലെന്നും, ഇതേക്കുറിച്ച് അറിയാവുന്ന ചിലര്‍ ഇക്കാര്യം പറയുകയായിരുന്നു എന്നും ഏജന്‍സി.