ഓഫീസിൽ വരാത്തതെന്തെന്ന് ഇന്റേണിനോട് വാട്സാപ്പിൽ ചോദിച്ചു; മറുപടിയിൽ ഗംഭീര ട്വിസ്റ്റ്, സിഇഒ ഞെട്ടി
Mail This Article
ഫ്ലെക്സിപ്പിൾ കമ്പനി സിഇഒ എക്സ് പ്ലാറ്റ്ഫോമിൽ ഷെയർ ചെയ്ത ഒരു പോസ്റ്റ് ഇപ്പോള്‍ വൈറലാകുകയാണ്. എന്താണ് കഴിഞ്ഞ ദിവസം ഓഫീസിൽ വരാത്തതെന്ന് ചോദിച്ചപ്പോൾ ഇന്റേണായി വന്നയാൾ നൽകിയ മറുപടിയാണ് എക്സിൽ കത്തിക്കയറുന്നത്. ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ഹബ്ബായ ബെംഗലൂരുവിലായിരുന്നു സംഭവം അരങ്ങേറിയത്.
താൻ ഒരു വെഞ്ച്വർ ക്യാപിറ്റലിസ്റ്റുമായി കൂടിക്കാഴ്ച നടത്താൻ പോയതാണെന്നും, തന്റെ എഐ സ്റ്റാർടപ്പിനു ഫണ്ടിങ് ലഭിച്ചതിനാൽ ഇനി ഇന്റേൺഷിപ് വേണ്ടെന്നും പറഞ്ഞ വാട്സാപ് സംഭാഷണത്തിന്റെ സ്ക്രീൻഷോട് ഷെയർ ചെയ്തത് ടെക് പ്രൊഫഷണലുകളെ തൊഴിലുടമകളുമായി ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോമായ ഫ്ലെക്‌സിപ്പിൾ സഹസ്ഥാപകനായ കാർത്തിക് ശ്രീധരനാണ്.
ഇത് ബെംഗലൂരുവിൽ മാത്രമേ സംഭവിക്കൂവെന്നു കൂട്ടിച്ചേർത്തുകൊണ്ട് ശ്രീധരൻ കാർത്തിക് എക്‌സിൽ ഇതു പങ്കിട്ടതോടെയാണ് വിഭിന്ന അഭിപ്രായങ്ങൾ ഉയർന്നത്. നിരവധിപ്പേർ ആ സംരഭകനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ എഴുതി.
ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ ഫണ്ടിങ് നേടിയതിൽ ഇന്റേണിന്റെ സംരംഭകത്വ മികവിൽ മതിപ്പുളവാക്കുകയും അഭിനന്ദിക്കുകയും ചിലർ ചെയ്‌തപ്പോൾ ഒരു വാട്സാപ് ചാറ്റിലൂടെ മാത്രം, അതും കാണാത്തതിനു തിരക്കിയശേഷമുള്ള പുറത്തുകടക്കലിനെ ചിലർ പ്രൊഫഷണലല്ലെന്നും മുൻ തൊഴിലുടമയോടും സഹപ്രവർത്തകരോടും പരിഗണനയില്ലാത്തതുമാണെന്നുമാണ് കണക്കാക്കിയത്. എന്നാൽ ഒരു സ്ക്രീൻഷോട്ടിൽ മാത്രം സാഹചര്യം വിലയിരുത്തരുതെന്ന അഭിപ്രായമാണ് ചിലര്‍ക്കുള്ളത്.