എഐ പിസികള്‍ക്ക് കരുത്താകാന്‍ ഇന്റല്‍ കോര്‍ അള്‍ട്രാ 200വി സീരിസ്; ഇനി പുതിയ കംപ്യൂട്ടര്‍ യുഗവും
Mail This Article
ഇനി വലിയ വില കൊടുത്ത് കംപ്യൂട്ടര്‍ വാങ്ങുന്നവര്‍ സാധിക്കുമെങ്കില്‍ അവയില്‍ ഉള്ളത് നിര്‍മിത ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന പ്രൊസറുകളാണോ എന്നു കൂടെ പരിശോധിക്കണം. അധികം താമസിയാതെ പല പ്രധാന ആപ്പുകളും പ്രവര്‍ത്തിക്കുക എഐ-കേന്ദ്രീകൃതമായിരിക്കാം. അങ്ങനെ വരുമ്പോള്‍, കഴിഞ്ഞ വര്‍ഷങ്ങളില്‍ ഐഫോണ്‍ 15, 15 പ്ലസ് മോഡലുകളോ അതിനു മുമ്പുള്ള ഏതെങ്കിലും ഐഫോണോ വാങ്ങിയവരുടെ അനുഭവം കംപ്യൂട്ടര്‍ വാങ്ങുന്നവര്‍ക്കും ഉണ്ടാകാം. വെബ് ബ്രൗസിങ് പോലെയുള്ള ടാസ്‌കുകള്‍ക്കും മറ്റും ഉപയോഗിക്കുന്ന കംപ്യൂട്ടറുകളുടെ കാര്യമല്ല പറയുന്നത്.
പ്രമുഖ ചിപ് നിര്‍മ്മാതാവായ ഇന്റല്‍ ഇപ്പോള്‍ ഔദ്യോഗികമായി പരിചയപ്പെടുത്തിയിരിക്കുന്ന കോര്‍ അള്‍ട്രാ 200വി സീരിസ് ഇന്റലിന്റെ രണ്ടാം തലമുറയിലെ എഐ പ്രൊസസറുകളായാണ് അറിയപ്പെടുന്നത്. ഇവയുടെ കോഡ് നാമം ലൂനാര്‍ ലെയ്ക് ചിപ്‌സ് എന്നാണ്. ഇന്റല്‍ ഇന്നേവരെ ഇറക്കിയ ഏറ്റവുംകാര്യക്ഷമതയുള്ള എക്‌സ്86 പ്രൊസസറുകളാണ് ഇവ എന്നും പറയുന്നു. ഉടനടി ഇറങ്ങുന്ന 80തിലേറെ ലാപ്‌ടോപ്പുകള്‍ക്ക് ശക്തി പകരുന്നത് ലൂനാര്‍ ലെയ്ക് പ്രൊസസറുകളായിരിക്കും. ഏസര്‍, എസ്യൂസ്, ഡെല്‍, ലെനോവോ, എച്പി തുടങ്ങിയ ബ്രന്‍ഡുകളെല്ലാം പുതിയ പ്രൊസസറുകള്‍ ഉപയോഗിച്ച് ലാപ്‌ടോപ്പുകള്‍ പുറത്തിറക്കുന്നു. ഇവയില്‍ ചിലത് സെപ്റ്റംബര്‍ 24 മുതല്‍ ചില രാജ്യങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തും.
ഇന്റല്‍ കോര്‍ അള്‍ട്രാ 200വി സീരിസ് പ്രൊസസറുകള്‍ക്ക് കോപൈലറ്റ്പ്ലസ് പിസി എഐ ഫീച്ചറുകള്‍ നവംബര്‍ മുതല്‍ നല്‍കി തുടങ്ങുമെന്നു പറയുന്നു. എക്‌സ്86 പ്രൊസസറുകളെക്കുറിച്ചുള്ള മുന്‍വിധികള്‍ മുഴുവന്‍ തകര്‍ക്കുന്ന തരത്തിലുള്ള പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഇന്റല്‍ പറയുന്നു. മുന്‍ തലമുറയിലെ ഇന്റല്‍ കോര്‍ അള്‍ട്രാ 100വി പ്രൊസറുകളെക്കാള്‍ 50 ശതമാനം കുറച്ച് കറന്റ് മതി പുതിയ തലമുറയ്ക്ക്. അതിനു പുറമെ ഇവയിലെ 120 ടോട്ടല്‍ പ്ലാറ്റ്‌ഫോം ടോപ്‌സ് (സിപിയു+ജിപിയു+എന്‍പിയു) 300ലേറെ എഐ-കേന്ദ്രീകൃത ഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സജ്ജവുമാണെന്നുംപറുന്നു.
ഇന്റല്‍ കോര്‍ അള്‍ട്രാ 200വി സീരിസില്‍ 4 പെര്‍ഫോര്‍മന്‍സ് കോറുകളും, നാല് എഫിഷ്യന്റ് കോറുകളും (ഇ-കോര്‍) ഉണ്ട്. ഇന്റല്‍ ആര്‍ക് ജിപിയു ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിന് ശക്തിപകരുന്നത് എക്‌സ്ഇ 2 ഗ്രാഫിക്‌സ് മൈക്രോആര്‍കിടെക്ചര്‍ ആണ്. ഇതിന് മുന്ന് 4കെ മോണിട്ടറുകള്‍വരെ സപ്പോര്‍ട്ടു ചെയ്യാനാകും. ഗെയിമിങിലും മികവു പുലര്‍ത്തും.
ഇന്റല്‍ പുറത്തിറക്കിയ കോര്‍ അള്‍ട്രാ 200വി സീരിസില്‍ ഇന്റല്‍ കോര്‍ അള്‍ട്രാ 9 2988വി ആണ് ഏറ്റവും കരുത്തുറ്റത്. ഇതിന് 5.1 ഗിഗാഹെട്‌സ് വരെ ക്ലോക് സ്പീഡും, 32ജബി എംബെഡഡ് റാമും വരെ ഉണ്ട്. മെമ്മറി എക്‌സ്പാന്‍ഷന്‍ സപ്പോര്‍ട്ട് ചെയ്യില്ല എന്ന കാര്യം ശ്രദ്ധിക്കണം. ഇത്തരം പ്രൊസസറുകള്‍ക്ക് കുറഞ്ഞത് 16ജിബി റാം അയിരിക്കും ഉണ്ടായിരിക്കുക.
കാര്‍ അള്‍ട്രാ 200വി സീരിസ് പ്രൊസസറിലെ ത്രെഡുകള്‍ക്ക് ഓരോന്നിനും മൂന്നു മടങ്ങ് അധിക പ്രകടന മികവ് ലഭിക്കുമെന്ന് കമ്പനി. 80 ശതമാനം വരെ കൂടുതല്‍ പീക് പെര്‍ഫോര്‍മന്‍സും ലഭിക്കും. 20 മണിക്കൂര്‍ വരെ ബാറ്ററി ലൈഫും കിട്ടും. കോര്‍ അള്‍ട്രാ 9 2988വി പ്രൊസസറിന് എഎംഡിറൈസണ്‍ എച്എക്‌സ് 370 ചിപ്പിനെക്കാളും, സ്‌നാപ്ഡ്രാഗണ്‍ എക്‌സ് എലൈറ്റ് എക്‌സ്1ഇ-78100 നെക്കാളും എന്തിന് ആപ്പിള്‍ എം3 പ്രൊസസറിനെക്കാളും കരുത്തുണ്ടെന്നും, പ്രവര്‍ത്തിക്കാന്‍ ഇവയേക്കാള്‍ കുറച്ച് വൈദ്യുതി മതിയെന്നും കമ്പനി പറയുന്നു.
ഇതൊക്കെയാണെങ്കിലും ഇന്റല്‍ കമ്പനി അതിന്റെ 56 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ നേരിട്ടിരിക്കുന്നതിലേക്കും വലിയ വിഷമസന്ധിയിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. എതിരാളികളില്‍ നിന്ന് കടുത്ത മത്സരം നേരിടുന്ന കമ്പനിയുടെ, ഐ13, ഐ14 സീരില്‍ പ്രൊസസറുകളില്‍ ചിലതിന്സ്റ്റബിലിറ്റി വിഷയങ്ങള്‍ കണ്ടെത്തി എന്നതും പരിഗണിക്കേണ്ടതാണ്.
തകര്‍ന്നടിഞ്ഞ് എന്‍വിഡിയ
അമേരിക്കന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചാണ് ഗ്രാഫിക്‌സ് ചിപ് നിര്‍മ്മാതാവായ എന്‍വിഡിയ ഇപ്പോള്‍ നേരിട്ടിരിക്കുന്നത് എന്ന് റോയിട്ടേഴ്‌സ്. ചില കണക്കുകള്‍ പ്രകാരം ഈ ഒറ്റ ദിവസത്തെ പൊട്ടല്‍ 280 ബില്ല്യന്‍ ഡോളര്‍ ആണ്. തകര്‍ച്ചയ്ക്കു ശേഷവും എന്‍വിഡിയയേക്ക്ഏകദേശം 2.65 ട്രില്ല്യന്‍ മൂല്ല്യമുണ്ടത്രെ.
ഐഓഎസ് 18 ഇന്ത്യയില്‍ എന്നു ലഭിക്കും?
അടുത്ത തലമുറ ഐഫോണുകള്‍ പരിചയപ്പെടുത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. എന്നാല്‍, അതിനൊപ്പം എത്തുന്ന ഐഓഎസിന്റെ പതിപ്പ് സ്വീകരിക്കാന്‍ സാധിക്കുന്ന പഴയ മോഡലുകള്‍ ധാരാളമുണ്ട്. ഇവയ്ക്ക് എന്നായിരിക്കും ഐഓഎസ് 18 കിട്ടുക? 9ടു5മാക്കിന്റെ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ സെപ്റ്റംബര്‍ 16 ഇന്ത്യന്‍ സമയം രാത്രി 10.30 മുതലായിരിക്കും ഇത് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കുക.
ആപ്പിളിലെ ജോലി വേണ്ടന്നുവച്ച് മിഠായിക്കട തുടങ്ങിയവള്‍ എലി
ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളില്‍ ഇന്റേണ്‍ഷിപ് ചെയ്യുകയും, ഇത്തരം സ്ഥാപനങ്ങളില്‍ നിന്നുള്ള ജോലി ഓഫര്‍ ഉള്ളപ്പോള്‍ തന്നെ അവ സ്വീകരിക്കാതെ സ്വന്തം മിഠായി കട തുടങ്ങുകയായിരുന്നു എലി റോസ് (Elly Ross) എന്ന് ബിസിനസ് ഇന്‍സൈഡര്‍.
അമേരിക്കയിലെ ഒരു ഇകൊമേഴ്‌സ് സ്ഥാപനത്തില്‍ പ്രൊഡക്ട് മേധാവി എന്ന തസ്തികയ്ക്ക് ഒപ്പമാണ് 'ലില്‍ സ്വീറ്റ് ട്രീറ്റ്' എന്ന പേരില്‍ പുതിയ കട ആരംഭിച്ച് ടെക്‌നോളജി പ്രേമികളിലും കൗതുകം ഉണര്‍ത്തിയ നീക്കം നടത്തിയത്. അമേരിക്കയില്‍ താമസിക്കുന്ന കൊറിയന്‍ വംശജയായ എലി മറ്റുരാജ്യങ്ങള്‍ സന്ദര്‍ശിക്കന്‍ തുടങ്ങിയതോടെ അവിടങ്ങളില്‍ നിന്നുള്ള മിഠായികളും സ്വന്തം കട വഴി വില്‍ക്കാന്‍ ഉദ്ദേശിക്കുന്നു.
സ്മാര്‍ട്ട് ടിവികള്‍ക്കായി മസ്‌കിന്റെ എക്‌സ് ടിവി ആപ്പ്
സ്മാര്‍ട്ട് ടിവികളില്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്ന പുതിയ ആപ്പ് ഇറക്കിയിരിക്കുകയാണ് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്. ആപ്പിന്റെ ബീറ്റാ പതിപ്പ് ഇപ്പോള്‍ ആന്‍ഡ്രോയിഡ് ടിവികളിലും, ആമസോണ്‍ ഫയര്‍ ടിവിയിലും, ഗൂഗിള്‍ ടിവിയിലുംഡൗണ്‍ലോഡ് ചെയ്ത് എടുക്കാമെന്ന് മസ്‌ക് പറഞ്ഞു. വിവിധ സ്ട്രീമിങ് സേവനങ്ങള്‍ ലഭിക്കുമെന്നും മസ്‌ക് അറിയിച്ചു.
ഐഫോണുകള്‍ക്കെല്ലാം 2025 മുതല്‍ ഓലെഡ് സ്‌ക്രീന്‍
ആപ്പിള്‍ കമ്പനി 2025 മുതല്‍ ഇറക്കുന്ന ഫോണുകള്‍ക്കെല്ലാം ഓര്‍ഗാനിക് ലൈറ്റ്-എമിറ്റിങ് ഡയോഡ് സ്‌ക്രീന്‍ നല്‍കുമെന്ന് റോയിട്ടേഴ്‌സ്. ജപ്പാന്റെ ഷാര്‍പ് കോര്‍പ്, ജപ്പാന്‍ ഡിസ്‌പ്ലെ എന്നീ കമ്പനികളെ ഈ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.