ADVERTISEMENT

ആപ്പിള്‍ ഇന്നേവരെ പുറത്തിറക്കിയിരിക്കുന്നതിലേക്കും വച്ച് ഏറ്റവും വലുപ്പമുള്ള ഹാന്‍ഡ്‌സെറ്റ് ആണ് ഐഫോണ്‍ 16 പ്രോ മാക്‌സ്-6.9-ഇഞ്ച് സ്‌ക്രീന്‍. പ്രോ മോഡലിനും വലുപ്പം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്-6.3-ഇഞ്ച് ആണ് അതിന്. ഇതോടെ, സാദാ ഐഫോണ്‍ 16 സീരിസുമായി വ്യക്തമായ വേര്‍തിരിവും സൃഷ്ടിച്ചിരിക്കുകയാണ് കമ്പനി. 

കേട്ടതെല്ലാം ശരി, എല്ലാം എ18 തീരുമാനിക്കും

ഇത്തവണത്തെ ഐഫോണ്‍ സീരിസിനെക്കുറിച്ച് അവതരണത്തിനു മുമ്പ് പുറത്തുവന്ന ഒട്ടുമിക്ക കേട്ടുകേള്‍വികളും ശരിവയ്ക്കുന്ന രീതിയിലായിരുന്നു അവതരണം. ഐഫോണ്‍ 16 പ്രോ സീരിസിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ആപ്പിള്‍ സ്വന്തമായി നിര്‍മ്മിച്ച എ18 പ്രോ പ്രൊസസര്‍ ആണ്. ഇത് ഒരു 3എന്‍എം പ്രൊസസര്‍ ആണ്. 

ഇതില്‍ 16-കോര്‍ ന്യൂറല്‍ എഞ്ചിനും, 6-കോര്‍ ഗ്രാഫിക്‌സ് പ്രൊസസറും ഉണ്ട്. ഈ പ്രൊസസറിന്റെ 6-കോര്‍ സിപിയുവിന് രണ്ടു പെര്‍ഫോര്‍മന്‍സ് കോറുകളാണ് ഉള്ളത്. അതില്‍ ഒന്ന് കരുത്തു വേണ്ട കാര്യങ്ങള്‍ നിര്‍വ്വഹിക്കേണ്ട സമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കും. രണ്ടാമത്തെ കാര്യമാകട്ടെ അത്ര ശക്തിവേണ്ടാത്ത സമയത്ത് സജീവമായിരിക്കും. ഇതുവഴി അനാവശ്യമായി ബാറ്ററി നഷ്ടം ഒഴിവാക്കും. ഏതെങ്കിലും സ്മാര്‍ട്ട്‌ഫോണില്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ കരുത്തേറിയ സിപിയു ആണ് ഐഫോണ്‍ 16 പ്രോ സീരിസില്‍ ഉള്ളതെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. 

ആപ്പിള്‍ ഇന്റലിജന്‍സ് എഎഎ ഗെയിമിങ് എന്നിവയുടെ ഏറ്റവും സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്ന രീതിയില്‍ ഒപ്ടിമൈസ് ചെയ്തിട്ടുണ്ട്. മാക്‌സിമം ഉപയോഗ സുഖം മാത്രമല്ല വിലയും കുതിച്ചുയര്‍ന്നിട്ടുണ്ട്( ഐഫോണ്‍ 15 പുറത്തിറങ്ങിയ സമയത്തെ വിലയുമായി താരതമ്യം ചെയ്താൽ കുറവായിരിക്കും). ഐഫോണ്‍ 16 പ്രോ തുടക്ക വേരിയന്റിന് നല്‍കണം 1,19,900 രൂപ. പ്രോ മക്‌സ് വേണമെങ്കില്‍ 1,44,900 രൂപ തുടക്ക വേരിയന്റിന് കൊടുക്കണം. ഇരു മോഡലുകളുടെയും വില്‍പ്പന സെപ്റ്റംബര്‍ 20ന് ആരംഭിക്കും. 

അടിമുടി എഐ

ഈ വര്‍ഷത്തെ ഐഫോണ്‍ 16 പ്രോ സീരിസ് അടിമുടി, നിര്‍മ്മിത ബുദ്ധി (എഐ) പ്രവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ചതാണ് എന്ന് കമ്പനിയുടെ മേധാവി ടിം കുക്ക് പറഞ്ഞു. ഇവയ്ക്ക് മറ്റൊരു ഐഫോണിനും ഇപ്പോള്‍ ഇല്ലാത്ത ശേഷിയും ഉണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 15 പ്രോ സീരിസിനെക്കാള്‍ മികവുറ്റ രീതിയില്‍ ആപ്പിള്‍ ഇന്റലിജന്‍സ് എഐ പ്രവര്‍ത്തിക്കാന്‍ പാകത്തിനാണ് ക്രമീകരണങ്ങള്‍. തലേ വര്‍ഷത്തെ ഫോണുകളെ അപേക്ഷിച്ച് 15 ശതമാനം അധിക വേഗത ലഭിക്കുമെന്ന് കമ്പനി പറയുന്നു. എന്നാല്‍, ഐഫോണ്‍ 15 സീരിസ് എഐ മനസില്‍വച്ച് നിര്‍മ്മിച്ചവ ആയിരുന്നില്ല എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.  

നിര്‍മ്മാണം

പ്രോ സീരിസ് നിര്‍മ്മിച്ചെടുത്തിരിക്കുന്നത് ആപ്പിള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത ഉന്നത നിലവാരമുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ്. ഗ്രേഡ് 5 ടൈറ്റാനിയം ഫ്രെയിമിലാണ് ഫോണ്‍ ഉറപ്പിച്ചിരിക്കുന്നതെങ്കില്‍, തലേ വര്‍ഷത്തേതിനെക്കാള്‍ മികവുറ്റ സെറാമിക് ഷീല്‍ഡ് ഗ്ലാസ് ഉപയോഗിച്ച് സ്‌ക്രീനിന് കവചം ഒരുക്കിയിരിക്കുന്നു. അവിചാരിതരമായി ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളാല്‍ സ്‌ക്രീനില്‍ പോറലേല്‍ക്കാതരിക്കാനും മറ്റുമാണ് ഇത്. 

ക്യാമറാ സിസ്റ്റം

ഇന്നേവരെ ഐഫോണുകളില്‍ കണ്ടിരിക്കുന്നതിലേക്കും വച്ച് ഏറ്റവും മേന്മയുള്ള ക്യാമറാ സിസ്റ്റം ആണ് പ്രോ മോഡലുകളുടെ പിന്നില്‍ ചേക്കേറിയിരിക്കുന്നത്. മുന്‍ വര്‍ഷത്തേതു പോലെ ട്രിപ്പിള്‍ ക്യാമറാ സിസ്റ്റം തന്നെയാണ്. എന്നാല്‍ പ്രധാന ക്യാമറയുടെ 48എംപി സെന്‍സറിന് ഇപ്പോ രണ്ടാം തലമുറയിലെ ക്വാഡ്-പിക്‌സല്‍ സെന്‍സറാണ് ഉള്ളത്. പുതിയ 48-എംപി അള്‍ട്രാ-വൈഡ് ലെന്‍സും, 12എംപി ടെലിഫോട്ടോ ലെന്‍സും ചേരുന്നതാണ് ക്യാമറാ സെന്‍സറുകള്‍. ടെലി ലെന്‍സിന് 5മടങ്ങ് സൂം ലഭിക്കുന്നു. 

4കെ, 120എഫ്പിഎസ് സ്ലോ-മോ!

ചരിത്രത്തില്‍ ആദ്യമായി ഒരു ഐഫോണിന് 4കെ വിഡിയോ സെക്കന്‍ഡില്‍ 120 ഫ്രെയിം വച്ച് റെക്കോഡ് ചെയ്യാന്‍ സാധിക്കും. പല ആന്‍ഡ്രോയിഡ് ഫോണുകളും ഇത് വര്‍ഷങ്ങളായി ചെയ്തു വരുന്നതാണെങ്കിലും ഇതാദ്യമായാണ് ഐഫോണുകള്‍ക്ക് ഈ ശേഷി ലഭിക്കുന്നത്. ഒരു പക്ഷെ, ലഭിച്ചേക്കാം എന്നു പറഞ്ഞു കേട്ട മറ്റൊരു ഫീച്ചറായ 8കെ വിഡിയോ റെക്കോഡിങ് കിട്ടണമെങ്കില്‍ അടുത്ത വര്‍ഷം വരെ ഐഫോണ്‍ ഫാന്‍സിന് കാത്തിരിക്കേണ്ടി വരും. 

ക്യാമറാ കൺട്രോൾ

ക്യാമറാ ഫീച്ചറുകളല്ലാം സ്പര്‍ശത്തില്‍ ഉണര്‍ത്തി ഉപയോഗിക്കാന്‍ പ്രയോജനപ്പെടുത്താവുന്ന പുതിയ കണ്ട്രോള്‍ ബട്ടണാണ് പുതിയ ഹാര്‍ഡ്‌വെയര്‍ മാറ്റങ്ങളിലൊന്ന്. ആദ്യ സൂചനകള്‍ ശരിയാണെങ്കില്‍ ഈ ബട്ടണില്‍ വിരലമരുമ്പോള്‍ മുമ്പൊരു (ഐ)ഫോണും നല്‍കിയിട്ടില്ലാത്ത കൊച്ചു പ്രപഞ്ചം തുറക്കും. 

സ്റ്റുഡിയോ ക്വാളിറ്റി മൈക്രോഫോണ്‍സ്

നാലു സ്റ്റുഡിയോ ക്വാളിറ്റി മൈക്രോഫോണുകളും ഫോണില്‍ പിടിപ്പിച്ചിരിക്കുന്നു. ആപ്പിള്‍ വിഷന്‍ പ്രോ എആര്‍ ഹെഡ്‌സെറ്റിനായി കണ്ടെന്റ് സൃഷ്ടിക്കുന്നവര്‍ക്ക് മികവുറ്റ സ്വരവും പിടിച്ചെടുക്കാനാകും. അതിനു പുറമെ സ്‌പേഷ്യല്‍ ഓഡിയോയും നേരിട്ടു റെക്കോഡ് ചെയ്യാനും പ്രോ സീരിസിന് സാധിക്കും. 

ചി2 വയര്‍ലെസ് ചാര്‍ജിങ് ആണ് പുതിയ ഫീച്ചറുകളിലൊന്ന്. ഇത് മൊത്തം ഐഫോണ്‍ 16 സീരിസിലും എത്തുന്നു. ഫോണുകള്‍ക്കായി പുതിയ മാഗ്‌സെയ്ഫ് ചാര്‍ജിങ് കേസുകള്‍ ആപ്പിള്‍ തന്നെ പുറത്തിറക്കും. 

English Summary:

Apple iPhone 16 Pro and iPhone 16 Pro Max launched with A18 Pro SoC. Features, price

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com