ഓപ്പണ്‍എഐയുമായി സഹകരിക്കാൻ ഐഫോൺ ഡിസൈനർ; ഏതാണ് രഹസ്യ ഉപകരണം?
Mail This Article
അടിമുടി നിര്‍മിത ബുദ്ധിയെ (എഐ) ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന ആദ്യ ഉപകരണം അണിയറയില്‍ ഒരുങ്ങുന്നോ? ഐഫോണിന്റെ ഡിസൈനിലടക്കം, ആപ്പിള്‍ ഉപകരണങ്ങളില്‍ സ്വന്തം കൈയ്യൊപ്പു ചാര്‍ത്തിയ ജോണി ഐവും, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എഐ കമ്പനികളിലൊന്നായ ഓപ്പണ്‍എഐ മേധാവി സാംഓള്‍ട്ട്മാനും ചേര്‍ന്ന് പുതിയൊരു ഉപകരണം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നതായി നേരത്തെ വന്ന ഊഹാപോഹങ്ങള്‍ ശരിവച്ചിരിക്കുകയാണ് ദി ന്യൂ യോര്‍ക് ടൈംസ്.
ആപ്പിളിന്റെ ഡിസൈന്‍ വിഭാഗത്തിലെ ഏറ്റവും പ്രധാനിയായിരുന്ന ഐവ്, കമ്പനിയില്‍ നിന്നു പുറത്തുപോയ ശേഷം ലൗഫ്രം (LoveFrom) എന്ന പേരില്‍ ഒരു കമ്പനി സ്വന്തമായി ആരംഭിക്കുകയാണ് ചെയ്തത്. ഐവും ഓള്‍ട്ട്മാനും പുതിയ ഉപകരണത്തിന്റെ നിര്‍മ്മാണത്തിനായി രഹസ്യമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍ എന്നാണ് റിപ്പോര്‍ട്ട്. ഈ പദ്ധതിക്ക് ഈ വര്‍ഷം തന്നെ 1 ബില്യൻ ഡോളര്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ സാധിച്ചേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഉദ്വേഗം വളര്‍ത്താന്‍ മറ്റൊരു ഐഫോണ്‍ ബന്ധവും!
പുതിയ ഉപകരണം വിസ്മയിപ്പിക്കുമോ എന്ന കാര്യത്തില്‍ ആകാംക്ഷ വളരാന്‍ മറ്റൊരു കാരണവുമുണ്ട്. ഐഫോണിലും പല ആപ്പിള്‍ ഉപകരണങ്ങളിലും കാണുന്ന ലാളിത്യവും അസങ്കീര്‍ണ്ണതയും പേറുന്ന, ഒറ്റ നോട്ടത്തില്‍ തിരിച്ചറിയപ്പെടാവുന്ന ഡിസൈനിനു പിന്നില്‍ ഐവിന്റെ കരവിരുതാണ് ഉള്ളതെന്നാണ്പൊതുവെ വിശ്വസിക്കപ്പെടുന്നത്. എന്നാല്‍, ആ ടീമില്‍ മറ്റു പലരും ഉണ്ടായിരുന്നു.
ഐവും ഓള്‍ട്ട്മാനും അടക്കം പത്തു പേരാണ് പുതിയ പ്രൊജക്ടിനുവേണ്ടി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് എന്‍വൈടി പറയുന്നു. ഇവരില്‍ തന്നെ രണ്ടു പേരാണ് ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ പ്രതീക്ഷ വളര്‍ത്താന്‍ പ്രേരിപ്പിക്കുന്നത്. പുതിയ ടീമിലുള്ള ടാങ് ടാന്‍, എവന്‍സ് ഹാങ്കി എന്നിവരെക്കുറിച്ചും പുതിയ റിപ്പോര്‍ട്ട് എടുത്തു പറയുന്നു. കാരണം, ഇവര്‍ ഇരുവരും ആദ്യ ഐഫോണിന്റെ ഡിസൈനിലും ഐവുമായി സഹകരിച്ചിരുന്നു! എന്നാല്‍, ഇത് ഒരു സ്മാര്‍ട്ട്ഫോണ്‍ പോലെയുള്ള ഉപകരണമായിരിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പൊന്നുമില്ല.
നോക്കിയയുടെ സിംബിയന്‍ ഓഎസും മറ്റും കളംനിറഞ്ഞാടിയിരുന്ന സമയത്താണ് ഐഓഎസും ഐഫോണുമായി ആപ്പിള്‍ ചാടിവീണത്. അതുപോലൊരു വിസ്മയം പ്രതീക്ഷിക്കാമോ എന്നറിയാനാണ് ടെക്നോളജി പ്രേമികള്‍ ജിജ്ഞാസ കൊള്ളുന്നത്. ഓള്‍ട്ട്മാന്റെയും ഐവിന്റെയും ഈ ടീം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സാന്ഫ്രാന്സിസ്കോയിലായിരിക്കാമെന്നാണ് കേള്‍വി. ഇപ്പോള്‍ ലഭ്യമായ സൂചന വച്ച് ഇവര്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നത് ടച്സ്ക്രീന്‍ ഉള്ള ഒരു കംപ്യൂട്ടിങ് ഉപകരണം ആയിരിക്കാം. അത് ഐഫോണിനു പകരംവയ്ക്കാനും സാധിച്ചേക്കാം.
സങ്കീര്‍ണ്ണമായ കംപ്യൂട്ടിങ് കടമകള്‍ പോലും എഐയുടെ സഹായത്തോടെ ചെയ്തു തീര്‍ക്കാന്‍ കെല്‍പ്പുള്ള ഒരു ഉപകരണമായിരിക്കാം ഒരുങ്ങുന്നത്. ഇതുവരെ ജനശ്രദ്ധ പിടിച്ച കംപ്യൂട്ടിങ് ഓഎസുകള്ക്കൊന്നും സാധിക്കാത്ത രീതിയിലുള്ള ശേഷിയും കരുത്തും ഉള്ള ഉപകരണമാണ് നിര്മ്മിച്ചെടുക്കാന്ശ്രമിക്കുന്നത്.
നിര്‍ണ്ണായക ഘട്ടത്തില്‍ എത്തിയോ?
ലൗഫ്രം കമ്പനിയുടെ സഹസ്ഥാപകന്‍ മാര്‍ക് ന്യൂസണ്‍ പറയുന്നത് പുതിയ ഉപകരണം എന്നത്തേക്ക് പുറത്തിറക്കാന്‍ സാധിക്കും എന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രവചനം നടത്താനാവില്ല എന്നാണ്. എന്നാല്‍, അതിനുള്ള സാധ്യത പരിശോധിക്കുന്നുണ്ടെങ്കിലും ഉടനെ അത്തരത്തിലൊരു പ്രഖ്യാപനം ഉടനെ പ്രതീക്ഷിക്കേണ്ടഎന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.
എഐ പ്രവര്‍ത്തിപ്പിക്കാം എന്നു പറഞ്ഞ് മുന്‍ ആപ്പിള്‍ ജീവനക്കാരായ ഇമ്രാന് ചൗധരിയും ബെതനി ബോങ്ഗിയോര്നോയും ചേര്‍ന്നു പുറത്തിറക്കിയ ഹ്യൂമെയ്ന്‍ എഐ പിന്, റാബിറ്റ് തുടങ്ങിയ ഉപകരണങ്ങള്‍ വിപണിയില്‍ ദയനീയമായി പരാജയപ്പട്ടതും പുതിയ ഉദ്യമത്തിനിറങ്ങുന്നവരുടെ മനസില്‍ ഉണ്ടായിരിക്കുമല്ലോ. അതിനാല്‍ തന്നെ തിടുക്കപ്പെട്ട് പുതിയ ഡിവൈസ് മാര്‍ക്കറ്റിലെത്തിക്കാന്‍ ശ്രമിച്ചേക്കില്ലെന്നാണ് വിവരം.
ഐഫോണ്‍, ഐപാഡ് ഉടമകള്‍ ഉടനടി സോഫ്റ്റ്വെയര് അപ്ഡേറ്റ് നടത്തണമെന്ന് കേന്ദ്രം
ഐഫോണ്‍, ഐപാഡ് ഉടമകള്‍ ഒട്ടും താമസിയാതെ ഐഓഎസ് 18ലേക്കു മാറണമെന്ന് കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം.
അടുത്ത രണ്ടു വര്‍ഷത്തിനിടയില്‍ ചൊവ്വയിലേക്ക് 5 ആളില്ലാ ദൗത്യങ്ങള്‍ നടത്തുമെന്ന് മസ്ക്
ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്പെയ്സ്എക്സ് അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ചൊവ്വയിലേക്ക് 5 ആളില്ലാ ദൗത്യങ്ങള്‍ നടത്തുമെന്ന്. ഇക്കാര്യം മസ്ക് തന്നെ സ്വന്തം സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സ് വഴിയാണ് അറിയിച്ചത്. അഞ്ച് സ്റ്റാര്ഷിപ്ദൗത്യങ്ങള് നടത്തുമെന്നാണ് മസ്ക് കുറിച്ചത്. ഇവയുടെ വിജയത്തെ അടിസ്ഥാനമാക്കിയായിരിക്കും ചൊവ്വയില്‍ ആളുകളെ ഇറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇവ പരാജയപ്പെട്ടാല്‍ ആളുകളുമായുള്ള പറക്കല്‍ പിന്നെയും 2 വര്‍ഷം കൂടെ കഴിഞ്ഞേ നടത്തൂ എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇത്തരം അവകാശവാദങ്ങള്‍ മാറ്റിമാറ്റി പറയുന്ന ചരിത്രമാണ് മസ്കിനുള്ളത്. ഈ വര്‍ഷം ആദ്യം അദ്ദേഹം പറഞ്ഞത്, അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ആദ്യത്തെആളില്ലാ ദൗത്യം ചൊവ്വയില്‍ ഇറങ്ങും എന്നായിരുന്നു. അടുത്ത ഏഴു വര്‍ഷത്തിനുള്ളില്‍ മനുഷ്യരെ ചൊവ്വയില്‍ ഇറക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കണക്ടഡ് വാഹനങ്ങളില്‍ ചൈനീസ് സോഫ്റ്റ്വെയറും, ഹാര്‍ഡ്വെയറും നിരോധിക്കുന്ന കാര്യം പരിഗണിച്ച് അമേരിക്ക
കണക്ടഡ്, ഓട്ടോണമസ് വാഹനങ്ങളില്‍ ചൈനീസ് ചെനീസ് സോഫ്റ്റ്വെയറും, ഹാര്‍ഡ്വെയറും നിരോധിക്കുന്ന കാര്യം പരിഗണിക്കുകയാണ് അമേരിക്ക എന്ന് റോയിട്ടേഴ്സ്. അവ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായേക്കാം എന്നതിനാലാണ് ബൈഡന് ഭരണകൂടം ഇത്തരം ഒരു നീക്കം നടത്തുന്നത്.
വാഹനം ഓടിക്കുന്നവരെക്കുറിച്ചും, ഇത്തരം വാഹനങ്ങള്‍ക്കായി അമേരിക്ക ഒരുക്കിയിരിക്കുന്ന അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചുമുളള വിവരങ്ങള്‍ ചൈനയക്കു ലഭിക്കുമോ എന്ന ഭീതിയാണ് ഇത്തരം ഒരു നീക്കത്തിനു പിന്നില്‍. ചൈനയില്‍ നിന്ന് ഇത്തരം വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും നിരോധിക്കാനാണ്ഉദ്ദേശം.
പത്തു ലക്ഷം കാറുകള്‍ നിരത്തിലുണ്ടായിരിക്കുകയും അവയുടെ സോഫ്റ്റ്വെയര് പെട്ടെന്ന് പ്രവര്‍ത്തനരഹിതമാകുകയും ചെയ്താലുണ്ടാകാവുന്ന ദുരന്തം ചിന്തിക്കാമല്ലോ, എന്നാണ് അമേരിക്കയുടെ കൊമേഴ്സ് സെക്രട്ടറി ഗിനാ റയ്മണ്ടോ പറഞ്ഞത്.