ഫോണ്‍ തട്ടിപ്പറിച്ചാൽ തനിയെ ലോക്ക് ആകും!
Mail This Article
നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ മോഷ്ടിക്കപ്പെട്ടാല്‍ അതിലുള്ള വ്യക്തിപരമായ ഡേറ്റാ മറ്റാരുടെയും കൈയ്യില്‍ എത്താത്ത രീതിയില്‍ സംരക്ഷിക്കുമെന്ന് ഗൂഗിള്‍. മോഷ്ടാവിന് തട്ടിയെടുത്ത ഫോണ്‍ ഉപയോഗിക്കാനോ വില്‍ക്കാനോ സാധിക്കണമെന്നും ഇല്ല. ഇതിനായി എത്തുന്ന ഫീച്ചറാണ് തെഫ്റ്റ് ഡിറ്റെക്ഷന്‍ ലോക്ക്. ജെമിനി എഐയുടെ സഹായത്തോടെയായിരിക്കും കള്ളന്മാരെ പിടിക്കുക.
ഇത് പ്രയോജനപ്പെടുത്താന്‍ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ തന്നെ വേണമെന്നില്ലെ ആന്‍ഡ്രോയ്ഡ് 10 മുതല്‍ മുന്നോട്ടുള്ള ഏതുവേര്‍ഷനിലും ഇത് പ്രവര്‍ത്തിപ്പിക്കാമെന്നാണ് അവകാശവാദം.ഇക്കാര്യത്തില്‍ ചില സംശയങ്ങള്‍ ഉണ്ട് തീരെ പഴയ ഫോണുകളില്‍ തെഫ്റ്റ് ഡിറ്റെക്ഷന്‍ ലോക് പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും, പുതിയ മറ്റു കരുതലുകള്‍ എടുക്കാന്‍ സാധിച്ചേക്കും.
ഇത് ഇപ്പോള്‍ അമേരിക്കയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ് ഗൂഗിള്‍ ഈ സംവിധാനം നൽകിയിരിക്കുന്നു. തെഫ്റ്റ് ഡിറ്റെക്ഷന്‍ ലോക് ആദ്യം ശ്രദ്ധയില്‍പ്പെട്ടത് അടുത്തിടെ പുറത്തിറക്കിയ ഷഓമി 14ടി പ്രോ മോഡലിലാണ്. ഇതെക്കുറിച്ച് ആദ്യം റിപ്പോര്‍ട്ടു ചെയ്തവരില്‍ ഒരാള്‍ ത്രെഡ്‌സ് ഉപയോക്താവ് മിഷാല്‍ റഹ്‌മാന്‍ (Mishaal Rahman) ആണ്.
ഫോണ്‍ മോഷണം തടയാനുള്ള ഫീച്ചറിന് പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന മൂന്ന് ഘടകങ്ങളാണ് ഉള്ളത്-തെഫ്റ്റ് ഡിറ്റെക്ഷന്‍ ലോക്, ഓഫ്‌ലൈന്‍ ഡിവൈസ് ലോക്, റിമോട്ട് ലോക് എന്നിവയാണ് അത്.
തട്ടിപ്പറിച്ചാല്‍ ഫോണ്‍ 'അറിയും'!
ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ കൈയ്യില്‍ നിന്ന് തട്ടിപ്പറിച്ചുകൊണ്ട് ഓടുകയോ, കാറില്‍ കടക്കുകയോ ചെയ്താല്‍ ഫോണിലെ തെഫ്റ്റ് ഡിറ്റെക്ഷന്‍ ലോക് ഉണര്‍ന്നു പ്രവര്‍ത്തിക്കും. നടക്കുന്ന കാര്യം തിരിച്ചറിയുന്നതോടെ ഫോണ്‍ തെഫ്റ്റ് ഡിറ്റെക്ഷന്‍ ലോക് മോഡിലേക്ക് ഓട്ടോമാറ്റിക്കായിപോകും. ക്ഷണത്തില്‍ ലോക് ആകും. ഫോണില്‍ സ്റ്റോറു ചെയ്തിരിക്കുന്ന എന്തെങ്കിലും വിവരം ഫോണ്‍ തട്ടിയെടുത്ത ആളിന് മനസിലാക്കാന്‍ ഇടംനല്‍കാതെ തന്നെ പൂട്ടു വീഴും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പക്ഷെ, ഇത് നടക്കണമെങ്കില്‍ ഷഓമി 14ടി പ്രോ പോലെയൊരു ഹാന്‍ഡ്‌സെറ്റ് വേണമെന്ന കാര്യത്തില്‍ ഇപ്പോള്‍ സംശയം ഉണ്ട്. കാരണം ആന്‍ഡ്രോയിഡ് 10ല്‍ ഒക്കെ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ കരുത്തുറ്റ മെഷീന്‍ ലേണിങ് ഒന്നും ഉണ്ടാകാന്‍ വഴിയില്ല. പ്രത്യേകിച്ചും വില കുറഞ്ഞഫോണുകളില്‍. ഇനി ഗൂഗിള്‍ വല്ല സോഫ്റ്റ്‌വെയര്‍ മാജിക്കും കാണിക്കുമോ എന്ന കാര്യം കണ്ടറിയാം. എന്തായാലും, താരതമ്യേന പുതിയ ഫോണ്‍ ഉടമകള്‍ക്ക് ഇത് ഗുണം ചെയ്യേണ്ടതാണ്.
ഓഫ്‌ലൈന്‍ ലോക്, റിമോട്ട് ലോക്
ഫോണ്‍ മോഷ്ടാവ് ഹാന്‍ഡ്‌സെറ്റും ഇന്റര്‍നെറ്റും തമ്മിലുള്ള ബന്ധം ഒരു പരിധിയിലേറെ സമയത്തേക്ക് വിച്ഛേദിച്ചാല്‍ വീഴുന്ന പൂട്ടിനെയാണ് ഓഫ്‌ലൈന്‍ ലോക് എന്നു വിളിക്കുന്നത്. മോഷ്ടിക്കപ്പെട്ട ഫോണ്‍ ഫൈന്‍ഡ് മൈ ഡിവൈസ് മാനേജര്‍ ഉപയോഗിച്ച് ലോക് ചെയ്യുന്നതിനെയാണ് റിമോട്ട്ലോക് എന്നു വിളിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോഴും ഫോണിലെ ഡേറ്റയിലേക്ക് മോഷ്ടാവിന് കടന്നുകയറാന്‍ സാധിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സാധിക്കും.
ഈ ഫീച്ചറുകള്‍ ഓഗസ്റ്റ് മുതല്‍ ബീറ്റാ ടെസ്റ്റിങ് നടത്തി വരികയായിരുന്നു ഗൂഗിള്‍. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ ഫീച്ചറുകള്‍ ഇവ സ്വീകരിക്കാന്‍ സാധിക്കുന്ന ഫോണുകള്‍ക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം ഫോണുകളില്‍ ഗൂഗിള്‍ സെറ്റിങ്‌സ് >ഗൂഗിള്‍ സര്‍വിസസ് എന്നതിലെത്തി വരുന്ന ആഴ്ചകളില്‍ പരിശോധിച്ചു നോക്കാം.
ഒരു കാര്യം നിശ്ചയമായും ഉറപ്പാക്കണം ഗൂഗിള്‍ പ്ലേ സര്‍വിസസിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഫോണില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്. അങ്ങനെയുണ്ടെങ്കില്‍ മാത്രമെ പുതിയ തെഫ്റ്റ് ഡിറ്റെക്ഷന്‍ ലോക് ഫീച്ചറുകളെ ഫോണില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കൂ. ഷഓമി 14ടി പ്രോ കൂടാതെ, ചിലപിക്‌സല്‍ മോഡലുകളിലും ഈ പുതിയ മോഷണപ്പൂട്ട് ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്ന് എന്‍ഗ്യാജറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
∙ആര്‍ക് സേര്‍ച്ച് ആന്‍ഡ്രോയിഡിലേക്കും!
ഐഓഎസ്, ഐപാഡ് ഓഎസ് ഉപകരണങ്ങളില്‍ കഴിഞ്ഞ പല മാസങ്ങളായി ഇന്റര്‍നെറ്റ് സേര്‍ച്ച് എന്ന ആശയത്തെ പുനര്‍നിര്‍വ്വചിച്ച ആര്‍ക് സേര്‍ച്ച് (Arc Search) ആന്‍ഡ്രോയിഡിലേക്കും ഉടന്‍ എത്തുന്നു! പരമ്പരാഗത ഇന്റര്‍നെറ്റ് സേര്‍ച്ചില്‍ ലഭിക്കാത്ത ഒട്ടനവധി ഫീച്ചറുകളുമായാണ് ദി ബ്രൗസര്‍കമ്പനി അവതരിപ്പിച്ചിരിക്കുന്ന ആര്‍ക് സേര്‍ച് എത്തുന്നത്. ഇതിന്റെ ഏറ്റവും വലിയ മാറ്റം കസ്റ്റമൈസ് ചെയ്ത സേര്‍ച്ച് റിസള്‍ട്ടുകള്‍ ലഭിക്കും എന്നുള്ളത് തന്നെയാണ്.
ഇപ്പോള്‍ 'ഏര്‍ലി അക്‌സസ്' ഘട്ടത്തിലാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. ആര്‍ക് സേര്‍ച്ചിലെ 'ബ്രൗസ് ഫോര്‍' ഫീച്ചറിലേക്ക് അന്വേഷിക്കുന്ന കാര്യം എഴുതിയിട്ടാല്‍ പ്രസക്തമായ ഉത്തരങ്ങള്‍ ആര്‍ക് സേര്‍ച് തേടി നല്‍കും. തങ്ങള്‍ പല വെബ് പേജുകള്‍ പരിശോധിച്ചാണ് ഉത്തരം കണ്ടെത്തുന്നതെന്ന്ബ്രൗസര്‍ കമ്പനി പറയുന്നു.
ആര്‍ക് സേര്‍ച് പൊതുവെ നല്ല നിലവാരം പുലര്‍ത്തുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, അതിന് തെറ്റിക്കൂടെന്നില്ല. കൂടാതെ, ഇന്റര്‍നെറ്റ് കണക്ടിവിറ്റി മോശമായ സ്ഥലത്തുവച്ചാണ് സേര്‍ച്ച് നടത്തുന്നതെങ്കില്‍ പേജുകള്‍ തുറന്നു കിട്ടാന്‍ സമയമെടുക്കുന്നു എന്നും പറയുന്നു. ഇന്ത്യയില്‍ ഇത് ചില ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങിയെന്നാണ് കേള്‍വി.