ഒപ്റ്റിമസേ ഒരു ചായ എടുത്തേ! എന്നുവരും മസ്‌കിന്റെ എക്കാലത്തെയും ഗംഭീര റോബട്ട്?
Mail This Article
എക്കാലത്തെയും ഏറ്റവും ഗംഭീര ഉപകരണം എന്ന വിവരണത്തോടെയാണ് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് അമേരിക്കയിലെ കലിഫോര്‍ണിയയില്‍ ഒക്ടോബര്‍ 10ന് സംഘടിപ്പിച്ച 'വി റോബോട്ട്' പരിപാടിയില്‍ തന്റെ കമ്പനി നിര്‍മ്മിച്ചുവരുന്ന ഹ്യൂമനോയിഡ് (മനുഷ്യാകാരമുള്ള) റോബട്ടിന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവച്ചത്.
റോബട്ടിന്റെ പേര് ഒപ്റ്റിമസ് എന്നാണെന്ന് നമുക്ക് അറിയാം. പരിപാടിക്കിടയില്‍ ഒന്നിലേറെ ഒപ്റ്റിമസുകള്‍ ഇറങ്ങി വരുന്നതും, ഡ്രിങ്ക്‌സ് എടുത്തു കൊടുക്കുന്നതും, പരിപാടി കാണാനെത്തിയവര്‍ക്ക് ഗിഫ്റ്റ് ബാഗുകള്‍ കൊടുക്കുന്നതും ഒക്കെയായി, ഇതുമായി ബന്ധപ്പെട്ടു പുറത്തുവിട്ട വിഡിയോകളില്‍ കാണാം.
'ഒപ്റ്റിമസേ ഒരു ചായ ഉണ്ടാക്കിക്കേ'
എഐക്ക് പ്രാധാന്യം
സ്വതന്ത്രപ്രവര്‍ത്തന ശേഷിയുളള റോബട്ടിന്റെ നിര്‍മാണത്തിൽ നിര്‍മിത ബുദ്ധിക്ക് (എഐ) പ്രാധാന്യം നല്‍കിയിരിക്കുന്ന കാര്യം കമ്പനി പ്രത്യേകം എടുത്തു പറഞ്ഞു. ഇതു മൂലം റോബട്ടിന്റെ കൈകള്‍ക്കും കാലുകള്‍ക്കും ആവശ്യാനുസരണം സ്വയം ക്യാലിബറേഷന്‍ നടത്താന്‍ സാധിക്കും. ഒപ്റ്റിമസിന്റെ നിര്‍മാണത്തിൽ ഇന്‍ഫെറന്‍സ് ഹാര്‍ഡ്‌വെയര്‍ (inference hardware ) പ്രയോജനപ്പെടുത്തിയാണ് ഇരുകാലി റോബട്ടിനെ നിര്‍മിച്ചിരിക്കുന്നത്.
ഇത്തരം റോബോട്ടുകള്‍ക്ക് സ്വമേധയാ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സാധിക്കും. ഇക്കാരണങ്ങളാലാണത്രെ എക്കാലത്തെയുംഏറ്റവും ഗംഭീര ഉല്‍പ്പന്നം എന്ന് മസ്‌ക് ഒപ്റ്റിമസിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ചക്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റോബട്ട് എന്ന ആശയത്തിനു പകരം കൈകാലുകളുള്ള റോബട്ടിനെയാണ് ഒപ്റ്റിമസിലൂടെ പുറത്തുവരാന്‍ പോകുന്നത്.
'നിങ്ങള്‍ക്ക് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നതു പോലെ, ഞങ്ങള്‍ വെറുമൊരു റോബട്ട് സ്യൂട്ടിൽ ആരംഭിച്ച റോബട്ട് ഇപ്പോള്‍ നാടകീയമായ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നതെന്നും' മസ്‌ക് അവകാശപ്പെട്ടു.അതിഗംഭീരമായ ഒന്നായിരിക്കും ഒപ്റ്റിമസ്. നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഒന്നിനെ വാങ്ങാം. അതായത് സ്വന്തമായി ഒരു ആര്‍2ഡി2 (R2D2-ഒപ്റ്റിസിന്റെ കോഡ് നാമം), അല്ലെങ്കില്‍ മറ്റൊരു വേരിയന്റായ സി3പിഓ വാങ്ങാം, മസ്‌ക് പറഞ്ഞു.
ഒപ്റ്റിമസിനെക്കുറിച്ച് മുമ്പു പറഞ്ഞുകേട്ട കാര്യങ്ങളില്‍ വലിയ മാറ്റം
ഒപ്റ്റിമസുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും മുൻപും പുറത്തുവിട്ടിട്ടുണ്ട്. ഇവയില്‍ പ്രധാനം തങ്ങള്‍ നിര്‍മ്മിച്ചുവരുന്ന ഹ്യൂമനോയിഡ് റോബട്ടിന് ഏകദേശം 5000 ഡോളര്‍ (ഏകദേശം 5 ലക്ഷത്തോളം രൂപ) ആയിരിക്കും വില എന്നുള്ളതായിരുന്നു.
പുതിയ പരിപാടിയില്‍ വില ഏകദേശം 20,000-30,000 ഡോളര്‍ ആയിരിക്കുമെന്നാണ് മസ്‌ക് പറയുന്നത്. ഇത് ഒപ്റ്റിമസുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വിവരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. കടയില്‍ വിട്ട് സാധനങ്ങള്‍ വാങ്ങിപ്പിക്കാനും മറ്റും ഒപ്റ്റിമസിനെ ഉപയോഗിക്കാമെന്നും നേരത്തെപറഞ്ഞിരുന്നു.
പുതിയ വാദങ്ങള്‍
വ്യക്തിപരമായ ഉപയോഗത്തിന് ഒപ്റ്റിമസിനെ വാങ്ങാം എന്നാണ് മസ്‌ക് കലിഫോര്‍ണിയയിലെ വേദിയില്‍ വച്ച് പറഞ്ഞത്. നിങ്ങള്‍ക്ക് വേണ്ടത് എന്തും ചെയ്യിക്കാവുന്ന ഒന്നായിരിക്കും അതെന്നും മസ്‌ക് സദസിലുളളവരോട് പറഞ്ഞു. അതിന് ഒരു അധ്യാപകനാകാന്‍ സാധിക്കും, നിങ്ങളുടെ പുല്‍ത്തകിടിവെട്ടി വൃത്തിയാക്കാന്‍ സാധിക്കും. പട്ടിയെ നടക്കാന്‍ കൊണ്ടുപോകാന്‍ സാധിക്കും.
കടയില്‍ വിട്ട് പലചരക്കു സാധനങ്ങള്‍ വാങ്ങിപ്പിക്കാം. ഇതൊന്നുമല്ലെങ്കില്‍ വെറുതെ നിങ്ങളുടെ കൂട്ടുകാരനുമാക്കാം. അല്ലെങ്കില്‍ ഡ്രിങ്ക്‌സ് എടുപ്പിക്കാം. നിങ്ങള്‍ക്ക് ചിന്തിപ്പിക്കാവുന്നത് എന്തും ചെയ്യിക്കാം. ഇത് ഗംഭീരമായിരിക്കും, എന്നാണ് മസ്‌കിന്റെ അവകാശവാദം.
വേറിട്ട ചടങ്ങ്
ഐഫോണ്‍ അവതരണ ചടങ്ങില്‍ പോലും കിട്ടാത്ത തരത്തിലുള്ള അനുഭവമാണ് വി റോബട്ട് പരിപാടിയില്‍ ലഭിച്ചതെന്ന് ചിലര്‍ അവകാശപ്പെടുന്നു. ഒരു ചടങ്ങിനെത്തി ഹ്യൂമനോയിഡ് റോബട്ട് ഡ്രിങ്ക്‌സ് നല്‍കുന്നതും, ഫോട്ടോയ്ക്കു പോസു ചെയ്യുന്നതും സങ്കല്‍പ്പിച്ചു നോക്കൂ, എന്നൊക്കെയാണ് പ്രതികരണം.
ഒപ്റ്റിമസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതാദ്യമായല്ല പുറത്തുവിടുന്നത്. ടെസ്‌ലയുടെ ഹ്യൂമനോയിഡ് പ്രൊജക്ട് ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. ടെസ്‌ല ബോട്ട് എന്ന പേരിലായിരുന്നു ഇത് ആദ്യം പരിചയപ്പെടുത്തിയിരുന്നത്. ഇതിന്റെ ആദ്യ പ്രദര്‍ശനം 2021ല്‍ ആയിരുന്നു. തുടര്‍ന്ന് ഒപ്റ്റിമസ്ജെന്‍ 1 മാര്‍ച്ച് 2022ല്‍ പ്രദര്‍ശിപ്പിച്ചു.
ഒപ്റ്റിമസ് ജെന്‍ 2 ഡിസംബര്‍ 2023ല്‍ ആയിരുന്നു പരിചയപ്പെടുത്തിയത്. രണ്ടു കാലുകളില്‍ ജെന്‍ 2 നടന്നു എന്ന കാര്യം പിന്നീട് ചോദ്യംചെയ്യപ്പെട്ടു. അതിനെ റിമോട്ടായി നിയന്ത്രിക്കുകയായിരുന്നു എന്നാണ് ഇത് ഉന്നയിച്ചവര്‍ പറയുന്നത്. കൂടാതെ, അത് ഒരു വിഡിയോ ഡെമോയും ആയിരുന്നു. ഇത്തവണ സേറ്റേജില്‍ പ്രദര്‍ശിപ്പിച്ച കാര്യങ്ങളെക്കുറിച്ചുള്ള വിദഗ്ധരുടെ പ്രതികരണങ്ങള്‍ എന്തായിരിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ല.
ഒപ്റ്റിമസിന് സംസാരിക്കാന്‍ സാധിക്കും:
അതേസമയം, സാധാരണക്കാര്‍ അത്ര വലിയ ശുഭാപ്തിവിശ്വാസം ഒന്നും പ്രകടിപ്പിക്കുന്നില്ലെന്നും കാണാം. ഒപ്റ്റിമസ് 2026ല്‍ വില്‍പ്പനയ്‌ക്കെത്തും എന്നു പറഞ്ഞിരുന്ന മസ്‌ക് ഇപ്പോള്‍, അതിന് ഇനിയും രണ്ടുവര്‍ഷം കൂടെ കാത്തിരിക്കേണ്ടി വരുമെന്നാണ് പറയുന്നത്. എന്നാല്‍, ഇങ്ങനെയൊന്ന് 2035ല്‍ എങ്കിലും കാണാന്‍ സാധിക്കുമോ എന്നൊക്കെയുള്ള പ്രതികരണങ്ങളും ഉണ്ട്. എന്തായാലും വരും വര്‍ഷങ്ങളില്‍ ഒപ്റ്റിമസിന്റെ പുരോഗതി ലോകം വിലയിരുത്തിക്കൊണ്ടിരിക്കും.