ഒരു കോടിയോളം ആളുകളെ ഇരുട്ടിലാക്കി പവർപ്ലാന്റ് നിശ്ചലമായി: വൈദ്യുതിമുടക്കത്തിൽ സ്തംഭിച്ച് ക്യൂബ
Mail This Article
ക്യൂബയിലെ ഏറ്റവും വലിയ ഊർജോത്പാദന കേന്ദ്രമായ അന്റോണിയോ ഗുട്ടെറസ് പവർ പ്ലാന്റ് സാങ്കേതിക തകരാറിനാൽ നിശ്ചലമായതോടെ വൈദ്യുതിമുടക്കത്തിലേക്ക് ഊളിയിട്ട് രാജ്യം. ഇതോടെ 1 കോടിയോളം ആളുകൾ വൈദ്യുതിയില്ലാത്ത അവസ്ഥയിലായി. എന്താണ് വൈദ്യുതി മുടക്കത്തിനു വഴിവച്ചതെന്ന കാര്യത്തിൽ അധികൃതർ പരിശോധന നടത്തുകയാണ്.പ്ലാന്റിലെ തകരാർ പരിഹരിക്കാനും വൈദ്യുതി പുനസ്ഥാപിക്കാനും ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്.
ഗൗരവ സ്വഭാവമില്ലാത്ത എല്ലാ പരിപാടികളും റദ്ദ് ചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടു. സ്കൂളുകളും സർവകലാശാലകളും അടച്ചിടാനും വിനോദപരിപാടികൾ നിർത്തിവയ്ക്കാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ചിലയിടങ്ങളിൽ വൈദ്യുതി വിതരണം പുനരാരംഭിച്ചിട്ടുണ്ട്.ടൂറിസ്റ്റ് മേഖലയെയും പ്രതിസന്ധി നന്നായി ബാധിച്ചിട്ടുണ്ട്.
ഇന്ധനക്ഷാമമാണ് പ്രധാന പ്രശ്നം. ഇന്ധനക്ഷാമം മൂലം ദുർബലമായിക്കൊണ്ടിരുന്ന ക്യൂബയിലെ ഊർജോത്പന്ന മേഖലയെ മിൽട്ടൻ ചുഴലിക്കാറ്റിന്റെ വരവും കൂടുതൽ പ്രതിസന്ധിയിലാക്കി. ഓഫ്ഷോർ കേന്ദ്രങ്ങളിൽ നിന്നു ചെറിയ അളവിൽ പോലും ഇന്ധനം പവർ പ്ലാന്റുകളിലേക്കു കൊണ്ടുവരാൻ സാധിക്കാത്ത സ്ഥിതിയാണ്.യുഎസ് തങ്ങൾക്കു മേൽ ഉയർത്തിയിരിക്കുന്ന ഉപരോധങ്ങളും വിഷമസ്ഥിതിക്കു കാരണമാക്കിയതായി ക്യൂബൻ അധികൃതർ പറഞ്ഞു. എന്നാൽ വൈദ്യുതിസ്തംഭനത്തിന്റെ ഉത്തരവാദിത്തം തങ്ങളിലേക്കു കൊണ്ടുവരേണ്ടെന്ന് യുഎസ് പ്രതികരിച്ചു.
ക്യൂബയിലേക്ക് ഇന്ധനാവശ്യത്തിനായുള്ള എണ്ണ ഏറ്റവും കൂടുതൽ കയറ്റി അയയ്ക്കുന്നത് വെനസ്വേലയാണ്. എന്നാൽ തങ്ങളുടെ ആഭ്യന്തര ആവശ്യം പരിഗണിച്ച് ചെറിയ അളവിലുള്ള എണ്ണയേ ഇപ്പോൾ വെനസ്വേലയ്ക്ക് ക്യൂബയ്ക്കായി നൽകാൻ സാധിക്കുന്നുള്ളൂ. റഷ്യ, മെക്സിക്കോ എന്നീ രാജ്യങ്ങളും എണ്ണക്കയറ്റുമതി കുറച്ചു.