പൈ മുതൽ തമോദ്വാര രഹസ്യങ്ങൾ വരെ, ആര്യഭടനും താണുപദ്മനാഭനും; കേരളീയ ശാസ്ത്രപാരമ്പര്യ ചരിതം
Mail This Article
ആര്യഭടനിൽ തുടങ്ങി സംഗമഗ്രാമ മാധവനിലൂടെയും നീലകണ്ഠ സോമയാജിയിലൂടെയും പുതുമന ചോമാതിരിയിലൂടെയും ജി.എൻ.രാമചന്ദ്രനിലൂടെയും ഇ.സി.ജി.സുദർശനിലൂടെയും തുടർന്ന കേരളീയ ശാസ്ത്രപാരമ്പര്യ ചരിത്രം ഇപ്പോൾ എഐ മേഖലകളിലെയും റോബടിക്സിലെയും പ്രതിഭകളിലും പ്രാപഞ്ചിക രഹസ്യങ്ങളുടെ കലവറകളായ ബ്ലാക്ക് ഹോളുകളുടെ പഠനങ്ങളിലൂടെ ലോകത്തിന്റെ ശാസ്ത്രവഴിത്താരകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് അജിത് പരമേശ്വരനിലുമൊക്കെ എത്തി നിൽക്കുന്നു.
മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും പേരിൽ മാത്രം ആഘോഷിക്കപ്പെടുന്ന കേരളം നവീകരണത്തിന്റെയും ബൗദ്ധിക മികവിന്റെയും കളിത്തൊട്ടിലുമായിരുന്നുവെന്നത് നാം പലപ്പോഴും ഓർമിക്കാറില്ല. ചരിത്രത്തിലുടനീളം, ശ്രദ്ധേയമായ ഗവേഷകരെയും ചിന്തകരെയും മലയാള നാട് സൃഷ്ടിച്ചിട്ടുണ്ട്. ഗണിതവും ജ്യോതിശാസ്ത്രവും മുതൽ കൃഷിയും എൻജിനീയറിങ്ങും വരെയുള്ള വിവിധ മേഖലകളിൽ ലോകത്ത് മായാമുദ്ര പതിപ്പിച്ച സമ്പന്നമായ ബൗദ്ധികചരിത്രവും നമുക്ക് അവകാശപ്പെടാനുണ്ട്.
ഇതെല്ലാം പഠനവിഷയമാക്കിയ ഗവേഷകർ യൂറോപ്യൻ ഗണിതശാസ്ത്രജ്ഞരെക്കാൾ കേരളീയ ശാസ്ത്രകാരന്മാർ ഏറെ മുന്നിലായിരുന്നുവെന്നു അവകാശപ്പെടുന്നു. യൂറോപ്പിൽ ഔപചാരികമായി അവതരിപ്പിക്കപ്പെടുന്നതിന് വളരെ മുമ്പുതന്നെ കേരളത്തിലെ ഗണിതശാസ്ത്രജ്ഞർ ഡിഫറൻഷ്യേഷൻ, ഇന്റഗ്രേഷൻ തുടങ്ങിയ കലനത്തിന്റെ പല ആശയങ്ങളും സ്വതന്ത്രമായി വികസിപ്പിച്ചെടുത്തതായി കരുതപ്പെടുന്നു.
ഗ്രഹനിലകളുടെ കൃത്യമായ കണക്കുകൂട്ടലും ഗ്രഹണങ്ങളുടെ പ്രവചനവും ഉൾപ്പെടെ ജ്യോതിശാസ്ത്രത്തിൽ ഗണ്യമായ സംഭാവനകളും നൽകി. പക്ഷേ സംസ്കൃതത്തിലും പ്രാദേശിക ഭാഷകളിലുമായിരുന്നു പലതും രേഖപ്പെടുത്തിയിരുന്നതെന്നതിനാൽ ഈ അറിവ് വിശാലമായ ലോകത്തിലേക്ക് പ്രചരിക്കാതെ താരതമ്യേന അജ്ഞാതമായി തുടർന്നു. ഇന്ത്യയിലെ കൊളോണിയൽ കാലഘട്ടം ഇത്തരം തദ്ദേശീയ ബൗദ്ധിക പാരമ്പര്യങ്ങളുടെ തകർച്ചയ്ക്കു കാരണമാകുകയും ചെയ്തു.
വെളിച്ചം തെളിച്ചവരിൽ ചിലർ
മലയാളികൾക്ക് അറിയാത്ത അന്ന മാണി
അന്ന മണിയുടെ 104-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രത്യേക ഡൂഡിൽ ഗൂഗിൾ അവതരിപ്പിച്ചതോടെയാണ് പലരും ‘വെതർ വുമൺ ഓഫ് ഇന്ത്യ’ എന്നും അറിയപ്പെടുന്ന കേരളത്തിന്റെ അഭിമാനപുത്രിയെക്കുറിച്ച് അന്വേഷിച്ചത്. 1918 ൽ കേരളത്തിലെ സുറിയാനി ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച അന്ന മാണി ഭൗതികശാസ്ത്രത്തിലും കാലാവസ്ഥാ മേഖലയിലും വിലപ്പെട്ട നിരവധി സംഭാവന നൽകിയിട്ടുണ്ട്. അവരുടെ ഗവേഷണം കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾ നടത്താൻ ഇന്ത്യയെ സാധ്യമാക്കുകയും പുനരുപയോഗ ഊർജം ഉപയോഗപ്പെടുത്തുന്നതിന് രാജ്യത്തിന് അടിത്തറ പാകുകയും ചെയ്തു. അന്ന മാണി അവരുടെ കുടുംബത്തിലെ എട്ട് മക്കളിൽ ഏഴാമത്തെയാളായിരുന്നു. ഭൗതികശാസ്ത്രജ്ഞനും പ്രഫസറുമായ സി.വി. രാമന്റെ കീഴിൽ ഗവേഷണം നടത്തിയിട്ടുണ്ട്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പദവിയിലെത്തിയ ഏക വനിത കൂടിയാണ് അന്ന മാണി.
ഗുരുത്വാകർഷണം ക്വാണ്ടം തലത്തിൽ വിശദീകരിച്ച താണുപദ്മനാഭൻ
പദ്മനാഭൻ എന്ന മഹാപ്രതിഭയുടെ ഉദയം കേരളത്തിൽ ആയിരുന്നു. 1957 ല്‍ തിരുവനന്തപുരത്താണ് പ്രഫ. താണു പത്മനാഭന്‍ ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്നും സ്വര്‍ണമെഡലോടെ ബിഎസ്‌സി, എംഎസ്‌സി ബിരുദങ്ങള്‍ നേടി. മുംബൈയിലെ ഡിഐഎഫ്ആറില്‍നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകര്‍ഷണം, ക്വാണ്ടം ഗുരുത്വം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന വിഷയങ്ങള്‍. വിവിധ വിദേശ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രഫസറായി.
1979 മുതൽ 1990 വരെ ഗുരുത്വാകർഷണം, ക്വാണ്ടം സിദ്ധാന്തം എന്നിവയെ കൂട്ടിയിണക്കിയുള്ള പഠനങ്ങളായിരുന്നു. ബിഗ് ബാങ് വിസ്ഫോടനത്തിനു ശേഷം ബാലാവസ്ഥയിലുള്ള പ്രപഞ്ചത്തെക്കുറിച്ചായിരുന്നു ഈ പഠനം. 1990 മുതൽ 2000 വരെയുള്ള രണ്ടാമത്തെ ഘട്ടത്തിൽ അദ്ദേഹം നക്ഷത്രസമൂഹങ്ങൾ രൂപപ്പെട്ടതിനെക്കുറിച്ചു പഠിച്ചു. അസ്ട്രോഫിസിക്സ്, കോസ്മോളജി എന്നിവയിലുള്ള പ്രശസ്തമായ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടതും ഇക്കാലത്താണ്. 2001 മുതൽ 2009 വരെയുള്ള മൂന്നാംഘട്ടത്തിൽ ഡാർക്ക് എനർജിയെപ്പറ്റിയും പ്രപഞ്ചത്തിന്റെ ഇപ്പോഴത്തെ ചലനത്തെപ്പറ്റിയുമായിരുന്നു പഠനം.
നൊബേൽ പടിവാതിൽക്കൽ പലവട്ടം: ഡോ.ഇ.സി.ജോർജ് സുദർശൻ
ആൽബർട്ട് ഐൻസ്റ്റീന്റെ സിദ്ധാന്തത്തെപ്പോലും തിരുത്തി ശാസ്ത്ര ലോകത്തെ ഞെട്ടിച്ച കേരളത്തിന്റെ ശാസ്ത്രപ്രതിഭയാണ് ഡോ. ഇ.സി.ജോർജ് സുദർശൻ. കോട്ടയം ജില്ലയിലെ പള്ളം എണ്ണയ്ക്കൽ ഐപ്പ് ചാണ്ടിയുടെയും കൈതയിൽ അച്ചാമ്മ വർഗീസിന്റെയും മകനായി 1931 സെപ്റ്റംബർ 16 നാണു സുദർശന്റെ ജനനം. എണ്ണയ്ക്കൽ ചാണ്ടി ജോർജ് സുദർശൻ എന്നു മുഴുവൻ പേര്. വേദാന്തത്തെയും ഊർജതന്ത്രത്തെയും കൂട്ടിയിണക്കുന്ന സുദർശൻ, ക്വാണ്ടം ഒപ്റ്റിക്സിലെ ടാക്കിയോൺ കണങ്ങളുടെ കണ്ടെത്തലിൽ ഐൻസ്റ്റീന്റെ സിദ്ധാന്തം തിരുത്തിയെഴുതി.
വൈദ്യനാഥ് മിശ്രയുമൊന്നിച്ച് സുദർശൻ നടത്തിയ ഈ കണ്ടെത്തലിനെ ശാസ്ത്രലോകം ക്വാണ്ടം സീനോ ഇഫക്ട് എന്നു വിളിച്ചു. ‘പ്രകാശപരമായ അനുരൂപ്യം’ എന്നു വിളിക്കപ്പെട്ട കണ്ടുപിടിത്തത്തിനു സുദർശൻ 2005 ൽ നൊബേൽ സമ്മാനത്തിന്റെ പടിപ്പുര വരെയെത്തി. ലോകമെങ്ങുംനിന്നു ശാസ്ത്രലോകം സുദർശനുവേണ്ടി വാദിച്ചെങ്കിലും, നൊബേലിന് ഒരു വർഷം മൂന്നിൽ കൂടുതൽ പേരെ പരിഗണിക്കില്ലെന്ന ന്യായത്തിൽ സ്വീഡിഷ് അക്കാദമി അദ്ദേഹത്തെ ഒഴിവാക്കി. 2007ൽ പത്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. നൊബേൽ സമ്മാനം ലഭിക്കാത്തവർക്കു നൽകുന്ന പ്രസിദ്ധമായ ഡിറാക് മെഡലിന് 2010ൽ അർഹനായി. 2018 മേയ് 14ന് വിടപറഞ്ഞു.
ഇന്ത്യയുടെ ശാസ്ത്രചന്ദ്രൻ
ജൈവഭൗതികത്തിൽ(Molecular Biophysics) മൗലികമായ നേട്ടങ്ങൾ സ്വന്തമാക്കിയ ഗവേഷകനാണ് ഗോപാലസമുദ്രം നാരായണ അയ്യർ രാമചന്ദ്രൻ എന്ന ജി.എൻ. രാമചന്ദ്രൻ. എറണാകുളത്ത് 1922 ഒക്ടോബർ എട്ടിനു ജനിച്ച രാമചന്ദ്രന്റെ അച്ഛൻ നാരായണ അയ്യർ മഹാരാജാസ് കോളജിൽ ഗണിത അധ്യാപകനായിരുന്നു. സിടി സ്കാൻ, എംആർഐ സ്കാൻ തുടങ്ങിയവ സാധ്യമാക്കിയത് ടോമോഗ്രഫിയിൽ അദ്ദേഹം നടത്തിയ ഗവേഷണങ്ങളാണ്. 2001 ഏപ്രിൽ ഏഴിന് വിടവാങ്ങി.
തമോദ്വാര രഹസ്യം തേടിയ അജിത് പരമേശ്വരൻ
അജിത് പരമേശ്വരൻ, ബെംഗളൂരുവിലെ ഇന്റർനാഷനൽ സെന്റർ ഫോർ തിയറിറ്റിക്കൽ സയൻസസിൽ (ICTS) ജോലി ചെയ്യുന്ന പ്രശസ്ത ഭൗതികശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമാണ്. LIGO സയന്റിഫിക് സഹകരണത്തിലെ പ്രധാന അംഗമായ അദ്ദേഹം ഗുരുത്വാകർഷണ-തരംഗ ജ്യോതിശാസ്ത്ര മേഖലയിൽ കാര്യമായ സംഭാവന നൽകിയിട്ടുണ്ട്. ഇറ്റലിയിലെ വേൾഡ് അക്കാദമി ഓഫ് സയൻസും ചൈനീസ് അക്കാദമി ഓഫ് സയൻസും ചേർന്ന് നൽകുന്ന പ്രഥമ യുവ ശാസ്ത്ര പുരസ്കാരത്തിന് അജിത് പരമേശ്വരൻ അർഹനായി. തമോദ്വാരങ്ങൾ വൻ സ്ഫോടനത്തിലൂടെ ഒരുമിക്കുമ്പോൾ ഉണ്ടാകുന്ന ഗുരുത്വതരംഗങ്ങളുടെ പ്രത്യേകത പഠിക്കുന്ന മേഖലയിലെ ശ്രദ്ധേയമായ ഗവേഷണങ്ങളാണ് അജിത്തിനെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്.