റിപ്പബ്ലിക് ദിന പരേഡിൽ മലയാളിത്തിളക്കം
![റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി നടന്ന ‘ഫുൾ ഡ്രസ് റിഹേഴ്സലിൽ’ കർത്തവ്യപഥിലൂടെ മാർച്ച് ചെയ്യുന്ന ഇന്തൊനീഷ്യയുടെ സേനാംഗങ്ങൾ. നാളെ നടക്കുന്ന പരേഡിൽ ഇന്തൊനീഷ്യ പ്രസിഡന്റ് പ്രബോവൊ സുബിയാന്തോയാണ് മുഖ്യാതിഥി.
ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/district-news/new-delhi/images/2025/1/25/new-delhi-republic-parade.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി∙ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന് അഭിമാനമായി മലയാളിത്തിളക്കം. സിആർപിഎഫ് കമാൻഡ് സംഘത്തെ നയിക്കുന്നത് എറണാകുളം സ്വദേശി അസിസ്റ്റന്റ് കമൻഡാന്റ് എം. ഐശ്വര്യ ജോയി. സിആർപിഎഫിന്റെ പരിശീലനച്ചുമതല പന്തളം സ്വദേശി അസി. കമൻഡാന്റ് മേഘ നായർക്കാണ്. കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡിൽ സിആർപിഎഫിനെ നയിച്ചത് മേഘയായിരുന്നു.
![new-delhi-republic-parade-2 കരസേനയുടെ കോർ ഓഫ് സിഗ്നൽസ് സേനാംഗങ്ങൾ.](https://img-mm.manoramaonline.com/content/dam/mm/mo/district-news/new-delhi/images/2025/1/25/new-delhi-republic-parade-2.jpg)
കോസ്റ്റ് ഗാർഡിന്റെ ബാൻഡ് സംഘത്തെ നയിക്കുന്നതും മലയാളിയാണ്: കോഴിക്കോട് രാമനാട്ടുകര സ്വദേശി ഉത്തംഅധികാരി പാപ്പനൂർ ഗോപാൽ ബാബു. 2 സബ് ഓഫിസർമാർ ഉൾപ്പെടെ 74 അംഗ ബാൻഡ് സംഘത്തിൽ 3 മലയാളികൾ കൂടിയുണ്ട്്: തിരുവനന്തപുരം പൂവാർ സ്വദേശി കെ.എസ്. ബിജോയ്, തൃശൂർ ചാലക്കുടി സ്വദേശി സിജോ ചേലേക്കാട്ട്, രാമനാട്ടുകര സ്വദേശി വിവേക് പുന്നത്ത്.
കരസേനയുടെ കോർ ഓഫ് സിഗ്‌നൽസിന്റെ സംഘത്തിൽ 14 മലയാളികളുണ്ട്: നായിക് സുബേദാർമാരായ രമേഷ് കുമാർ കോയമ്പത്തൂർ, പി.ബി. രമേഷ് (പാലക്കാട്), ഹവീൽദാർമാരായ കെ.പി. ഷിബിൻ (പൊന്നാനി), അനൂപ് ചന്ദ്രൻ (കരുനാഗപ്പള്ളി), കെ.ആർ. റോഷിൻ (മുണ്ടൂർ), പ്രിയേഷ് നാഥ് (നീലേശ്വരം), കെ.ആർ. മഹേഷ് (പത്തനംതിട്ട), എസ്.എം. ശംഭു (തിരുവനന്തപുരം), അരുൺദാസ് (കോഴിക്കോട്), ബി.സി. അരുൺജിത്ത് (കൊല്ലം), ദീപക് സോമൻ (പാലക്കാട്), വി.എം. അഖിനേഷ് (കൊയിലാണ്ടി), അമൽ അജയൻ (കൊല്ലം), കെ.ടി.കെ. വിഷ്ണു (കോഴിക്കോട്).
കരസേനയുടെ ബാൻഡ് സംഘത്തിലുമുണ്ട് മലയാളി സാന്നിധ്യം. തിരുവനന്തപുരം സ്വദേശി ലഫ്. കേണൽ യു. ഗിരീഷ് കുമാറാണു സംഗീതസംവിധായകൻ. ഒട്ടേറെ വിദേശ രാജ്യങ്ങളിലുൾപ്പെടെ ഇദ്ദേഹം കരസേനയ്ക്കും സംയുക്ത സൈനിക സംഘത്തിനുമായി ബാൻഡ് സംഘത്തെ നയിച്ചിട്ടുണ്ട്. ഗിരീഷിന്റെ 14–ാമത്തെ റിപ്പബ്ലിക്ദിന പരേഡാണിത്. കരസേനയുടെ സാഹസിക ബൈക്ക് അഭ്യാസ സംഘമായ െഡയർ ഡെവിൾസിലും രണ്ടു മലയാളികൾ: കൊല്ലം സ്വദേശികളായ അജിം ഷായും അരുണും. വ്യോമസേനയുടെ 75 അംഗ ബാൻഡ് സംഘത്തെ നയിക്കുന്നവരിൽ ഒരാൾ മലയാളിയാണ്: കോർപറൽ പി.ബി. സുമിത്.
ഏഴാം തവണയാണ് സുമിത് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നത്. ബാൻഡ് സംഘത്തിൽ 30ലേറെ മലയാളി വ്യോമസേന ഉദ്യോഗസ്ഥരുണ്ട്. ബീറ്റിങ് ദ് റിട്രീറ്റ് ബാൻഡ് സംഘത്തിന്റെ പ്രിൻസിപ്പൽ കണ്ടക്ടർ നാവികസേനയിലെ കമാൻഡർ മനോജ് സെബാസ്റ്റ്യനാണ്. പരേഡിൽ പങ്കെടുക്കുന്ന അർധസൈനിക വിഭാഗങ്ങളിലും ഡൽഹി പൊലീസ് സംഘത്തിലും മലയാളികളുണ്ട്. കൂടാതെ വിവിധ വിഭാഗങ്ങളിൽ നിന്നു പ്രത്യേക ക്ഷണം ലഭിച്ചും റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ ഒട്ടേറെ മലയാളികൾ ഡൽഹിയിലെത്തിയിട്ടുണ്ട്.