മൊബൈല്‍ ഡേറ്റാ ട്രാഫിക്കില്‍ റിലയന്‍സ് ജിയോ ആഗോള തലത്തില്‍ ഒന്നാമത്
Mail This Article
തുടര്‍ച്ചയായി മൂന്നാം പാദത്തിലും റിലയന്‍സ് ജിയോ മൊബൈല്‍ ഡേറ്റാ ട്രാഫിക്കില്‍ ആഗോള തലത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെന്ന് എഎന്‍ഐ. തലേ വര്‍ഷത്തെ വളര്‍ച്ചയിലാണ് മറ്റു രാജ്യങ്ങളിലെ തങ്ങളുടെ എതിരാളികളെ പോലും പിന്തള്ളി റിലയന്‍സ് ജിയോ കുതിപ്പു കാണിച്ചിരിക്കുന്നതെന്ന് ടെഫിഷ്യന്റ് (Tefficient) പുറത്തുവിട്ട കണക്കുകള്‍ ഉദ്ധരിച്ച് ഇറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടെ ലോകത്ത് ചൈനയൊഴിച്ച് മറ്റു രാജ്യങ്ങളിലെ ടെലകോം സേവനദാതാക്കളെക്കാള്‍ കൂടുതല്‍ 5ജി ഡേറ്റാ സേവനം ഉപയോഗിക്കുന്ന സബ്‌സ്‌ക്രൈബര്‍മാരുള്ള കമ്പനിയായും ജിയോ മാറി.
ടെഫിഷ്യന്റിന്റെ കണക്കുകള്‍ പ്രകാരം, ചൈനീസ് വിപണിയില്‍ തലേ വര്‍ഷത്തെ അപേക്ഷിച്ച് മൊബൈല്‍ ഒപ്പറേറ്റര്‍മാര്‍ക്ക് ചെറിയ വളര്‍ച്ച മാത്രമാണ് ഉണ്ടായിരിക്കുന്നത്, കേവലം 2 ശതമാനം. ഇതേ കാലയളവില്‍ ജിയോയുടെ വളര്‍ച്ച 24 ശതമാനമാണ്. ചൈനാ ടെലകോമിനും 24 ശതമാനം വളര്‍ച്ചയുണ്ടെന്നും ടെഫിഷ്യന്റ് പറയുന്നു. ഈ കമ്പനികള്‍ക്ക് തൊട്ടുപിന്നില്‍ എയര്‍ടെല്‍ ഉണ്ട് - 23 ശതമാനം വളര്‍ച്ച.
2024ല്‍ ചൈനയിലെ മൊബൈല്‍ ഡേറ്റാ വളര്‍ച്ചയില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതാണ് ജിയോയ്ക്ക് ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ വഴിയൊരുക്കിയത്.
ജിയോ തങ്ങളുടെ ടെക്‌നോളജി 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്തതിലാണ് പുതിയ കസ്റ്റമര്‍മാരെ ആകര്‍ഷിക്കാന്‍ സാധിച്ചിരിക്കുന്നതെന്ന് ടെഫിഷ്യന്റ് പറയുന്നു. എയര്‍ടെല്ലും, ജിയോയും 5ജി വിന്യസിക്കുക വഴി ഉപയോക്താക്കളുടെ ഡേറ്റ ഉപയോഗം വര്‍ദ്ധിപ്പിച്ചു. അതേസമയം, ചൈനയില്‍ 5ജി ടെക്‌നോളജി വിന്യസിച്ചത് ഇത്ര വലിയ മാറ്റം കൊണ്ടുവന്നിട്ടില്ല.
രണ്ടാം പാദത്തില്‍ തന്നെ തങ്ങളുടെ 5ജി സേവനം ഉപയോഗിക്കുന്ന 148 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാരെ ലഭിച്ചു എന്ന് ജിയോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തങ്ങളുടെ വയര്‍ലെസ് ഡേറ്റയുടെ 34 ശതമാനം ഉപയോഗിക്കുന്നത് ഇവരാണെന്ന് കമ്പനി പറയുന്നു. മുൻപുള്ള രണ്ടു പാദങ്ങളിലും യഥാക്രമം 31 ശതമാനവും, 28 ശതമാനവും വളര്‍ച്ചയാണ് ജിയോയ്ക്ക് ഉണ്ടായിരിക്കുന്നത്. ക്രമമായ ഈ വളര്‍ച്ചയ്ക്ക് പിന്നിൽ പിന്നില്‍ 5ജി വഴി നല്‍കുന്ന ഡേറ്റ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതാണെന്നും കാണാം.
സാമ്പത്തിക വർഷത്തിൽ ജിയോ വഴി ഏകദേശം 45 എക്‌സാബൈറ്റ്‌സ് (exabytse) ഡേറ്റയാണ് ഉപയോക്താക്കളിലെത്തിയത്. തങ്ങളുടെ 5ജി വിന്യസിക്കല്‍ രാജ്യത്ത് തുടരുന്നതിനാൽ കൂടുതല്‍ ഉപയോക്താക്കള്‍ ജിയോയ്ക്ക് വരും മാസങ്ങളിലും ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
എയര്‍ഫൈബര്‍ 28 ലക്ഷം കഴിഞ്ഞു
ജിയോയുടെ ഫിക്‌സഡ് വയര്‍ലെസ് ഡേറ്റാ സേവനമായ എയര്‍ഫൈബര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 28 ലക്ഷം കഴിഞ്ഞു. ഫിക്‌സഡ് വയര്‍ലെസ് ഡേറ്റാ സേവനദാദാക്കളുടെ മേഖലയിലും അതിവേഗ വളര്‍ച്ചയില്‍ ആഗോള തലത്തില്‍ ഒന്നാം സ്ഥാനത്താണ് ജിയോ. ജിയോയുടെ മൊബൈല്‍ മേഖലയ്ക്കപ്പുറത്ത് ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള തന്ത്രവും വിജയം കാണുന്നു എന്നാണ് ഇതില്‍ നിന്നു വായിച്ചെടുക്കാന്‍ സാധിക്കുന്നത്.
ജിയോയ്ക്ക് സുസ്ഥിര വളര്‍ച്ച നേടിക്കൊടുത്തത് 5ജി സാങ്കേതികവിദ്യ കൊണ്ടുവരാന്‍ കാണിച്ച വിട്ടുവീഴ്ചയില്ലാത്ത ശുഷ്‌കാന്തിയാണ്. ജിയോ സബ്‌സ്‌ക്രൈബര്‍മാരില്‍ വളരെയധികം പേരും 5ജി സേവനത്തിലേക്ക് മൈഗ്രേറ്റ് ചെയ്തതോടെ കമ്പനിക്ക് ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ സാധിച്ചു.
തങ്ങളുടെ നെറ്റ്‌വര്‍ക് അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ജിയോ ഇപ്പോള്‍. ടെഫിഷ്യന്റ് പറയുന്നത് 5ജി സാങ്കേതികവിദ്യ ജിയോ വഴി ഉപയോഗിക്കുന്നവരുടെ എണ്ണം അതിനാല്‍ തന്നെ വര്‍ദ്ധിച്ചുകൊണ്ടിരിക്കും എന്നാണ്. അങ്ങനെ കമ്പനി രാജ്യാന്തര മൊബൈല്‍ ഡേറ്റാട്രാഫിക്കില്‍ ഒന്നാം സ്ഥാനം കനിലനിര്‍ത്തുമെന്നും ടെഫിഷ്യന്റ് പ്രവചിക്കുന്നു.