ആശുപത്രിയിൽ സ്വന്തം ക്യൂആർ കോഡ് വച്ച് യുവതി തട്ടിയത് അരക്കോടി രൂപ; ഇത്തരം തട്ടിപ്പിൽ കുടുങ്ങാതിരിക്കാന്‍
Mail This Article
ക്യുആർ കോഡിൽ കൃത്രിമം കാണിച്ച് 2 വർഷത്തിനിടെ അരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയിൽ അണ്ണാനഗറിലെ സ്വകാര്യ ആശുപത്രി കാഷ്യറായ യുവതി പിടിയിലായ സംഭവം വാർത്തയായതോടെയാണ്, പലപ്പോഴും നാം രണ്ടാമതൊന്നു നോക്കാതെ പോലും പോകുന്ന ഇത്തരം ക്യാഷ്ലെസ് പണമിടപാടുകളിൽ ജാഗ്രത പുലർത്തേണ്ടതാണെന്നത് വ്യക്തമായിരിക്കുന്നത്. ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിന്റെ ക്യുആര്‍ കോഡിനു പകരം തന്റെ ബാങ്ക് അക്കൗണ്ട് ക്യുആര്‍ കോഡ് കാണിച്ച് 52.24 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ തിരുവാരൂര്‍ സ്വദേശി എം.സൗമ്യ(24)യാണു പിടിയിലായത്. ആശുപത്രി ബാങ്ക് അക്കൗണ്ടിന്റെ ക്യുആര്‍ കോഡ് പ്രവര്‍ത്തിക്കുന്നില്ലെന്നുവിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പല ബില്ലുകളും റജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ഇന്റേണല്‍ ഓഡിറ്റില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അണ്ണാനഗറില്‍ ഫെര്‍ട്ടിലിറ്റി ഹോസ്പിറ്റല്‍ നടത്തുന്ന ഡോ.ബി.മൈഥിലി നല്‍കിയ പരാതിയിലാണ് സൗമ്യയുടെ അറസ്റ്റ്. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ഒരു മാസത്തെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ചില രോഗികളുടെ വിവരങ്ങള്‍ റജിസ്റ്ററില്‍ ചേര്‍ത്തിട്ടില്ലെന്നു കണ്ടെത്തി. 2022 ഫെബ്രുവരി മുതല്‍ സൗമ്യ പണം തട്ടുന്നതായും തെളിഞ്ഞു എന്നും റിപ്പോര്‍ട്ടില്‍ കാണാം.
ക്യുആര്‍ കോഡ് തട്ടിപ്പ്
ഹോട്ടലുകളില്‍ മുതല്‍ കടകളിലും പാര്‍ക്കിങ് മേഖലകളിലും അടക്കം സകല ഇടങ്ങളിലും ഇത്തരം തട്ടിപ്പിന് സാധ്യതയുണ്ടെന്നുള്ള കാര്യം സ്ഥാപന നടത്തിപ്പുകാരും പണമടയ്ക്കുന്നവരും അറിയുന്നിടത്താണ് ഇതിനെതിരെയുള്ള പ്രതിരോധം ആരംഭിക്കുന്നത് എന്ന് വിദഗ്ധര്‍ പറയുന്നു. ഇത്തരം തട്ടിപ്പ് പ്രതീക്ഷിക്കാത്ത ഉപയോക്താവ് കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ചതിക്കാനായി സ്ഥാപിച്ചിരിക്കുന്ന വെബ്‌സൈറ്റുകളിലേക്കും മറ്റും ചെന്നെത്തുന്ന രീതിയും നിലിവിലുണ്ട്.
അണ്ണാനഗറിലെ ആശുപത്രി ക്യാഷ്യര്‍ നടത്തിയ തട്ടിപ്പിനെക്കാള്‍ വലിയ തലവേദന ആയിരിക്കും സ്ഥാപനത്തിന്റെ ഔദ്യോഗിക ലോഗോയ്ക്ക് ഒപ്പം സ്വന്തം ക്യുആര്‍ കോഡ് പതിച്ച് പണം തട്ടാന്‍ ശ്രമിക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ സ്ഥാപനത്തിന്റെ വില ഇടിക്കുമെന്നതു കൂടാതെ, ക്യുആര്‍ കോഡ് പേമെന്റ് പോലെയുള്ള സംവിധാനങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസവും തകര്‍ക്കും.
ഇത്തരം കാര്യങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സ്ഥാപനത്തിന്റെ ചുമതല തന്നെയാണ്. തങ്ങളുടെ ക്യുആര്‍ കോഡില്‍ മാറ്റം വരുത്തുകയോ അവയ്ക്ക് പകരം മറ്റാരുടെയെങ്കിലും ക്യുആര്‍ കോഡ് പതിക്കപ്പെടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പരിശോധനകള്‍ ആവശ്യമുണ്ട്മറ്റൊരു രീതി ഡൈനാമിക് ക്യുആര്‍ കോഡ് ഉപയോഗിക്കുക എന്നതാണ്.
പരമ്പരാഗത ക്യൂആര്‍ കോഡുകളെക്കാള്‍ നൂതനമായ ഒന്നാണ് ഡൈനാമിക് ക്യുആര്‍ കോഡുകള്‍. ഇവ എഡിറ്റു ചെയ്ത് പുതിയ കോഡുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കാം. സ്ഥാപന ഉടമകള്‍ക്ക് തങ്ങളുടെ ക്യുആര്‍കോഡ് എത്ര തവണ സ്‌കാന്‍ ചെയ്യപ്പെട്ടു എന്നതൊക്കെ പരിശോധിച്ചുകൊണ്ടുമിരിക്കാം. ശരാശരി എണ്ണം കുറഞ്ഞാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് നേരിട്ടെത്തി ആരായാം.
ക്യുആര്‍ കോഡ് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ജോലിക്കാരെയും, ഉപയോക്താക്കളെയും അറിയിക്കുക എന്നതും സ്ഥാപന ഉടമകളുടെ കടമ ആയിരിക്കും.
വലിയ സ്ഥാപനങ്ങളാണെങ്കില്‍ ഇതിനെതിരെ നിതാന്ത ജാഗ്രത കുറച്ചു പേരെ പരിശീലിപ്പിച്ചെടുക്കാം. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഉപയോഗിക്കുന്നതിനുമുമ്പ് അതിന്റെ ആധികാരികത പരിശോധിക്കണമെന്ന് ഉപയോക്താക്കളോട് ആവശ്യപ്പെടാം.
ഡിജിറ്റല്‍ ടൂളുകള്‍ക്ക് അപാര സാധ്യതയാണ് ഉള്ളതെങ്കിലും സൂത്രക്കാര്‍ക്ക് അവ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. എന്നകാര്യം സ്ഥാപന ഉടമകളും ഉപയോക്താക്കളും അറിഞ്ഞിരിക്കണം.അണ്ണാനഗറിലെ ആശുപത്രി ക്യാഷ്യറുടേതു പോലെയുള്ള ആവശ്യം കേട്ടാല്‍ കസ്റ്റമര്‍മാര്‍ക്ക് വേണമെങ്കില്‍ ഇത് ശരിയാണോ എന്ന് ഓഫിസിലൊക്കെ എത്തി ആരായാം. പക്ഷെ, ആശുപത്രികളില്‍ രോഗികളുമായി എത്തുന്നവരില്‍ പലരും അതിനൊന്നുമുളള മനസാന്നിധ്യം ഉളളവരാകണം എന്നില്ല.
മറ്റു ചില കാര്യങ്ങള്‍
ക്യുആര്‍ കോഡ് തട്ടിപ്പുകളില്‍ ഫിഷിങ് (phishing) ലിങ്കുകളും ഉണ്ടാകാം. ക്യുആര്‍ കോഡ് മേഖലയില്‍ നടത്തുന്ന ഇത്തരം തട്ടിപ്പിനെ വിളിക്കുന്നത് ക്വിഷിങ് (quishing) എന്നാണ്. ഇത്തരം കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ സ്പൂഫ്ഡ് വെബ്‌സൈറ്റുകളില്‍ എത്തിക്കും. ഇവ പാസ്‌വേഡുകളും ക്രെഡിറ്റ്കാര്‍ഡ് വിവരങ്ങളും മറ്റും ചോദിക്കും. ഇത്തരം സാധ്യതകളൊക്കെ ഉണ്ടെന്ന് അറിയാത്തവരും തട്ടിപ്പിനിരയാകും.
മാല്‍വെയര്‍ ഇന്‍സ്റ്റലേഷന്‍
ചില ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുക വഴി ഉപകരണങ്ങളല്‍ മാല്‍വെയര്‍ കയറിക്കൂടാം. ഇതുപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കും എന്നും അറിഞ്ഞുവയ്ക്കണം. നിരവധി മേഖലകളില്‍ ക്യുആര്‍ കോഡ് ഉപയോഗിച്ചുള്ള പണക്കൈമാറ്റം വര്‍ദ്ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ ഇതു വഴി പറ്റാവുന്ന അബദ്ധങ്ങളെക്കുറിച്ചും അവബോധം ഉള്ളവരായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.