നിർമിത ബുദ്ധി, ബഹിരാകാശം, സമൂഹമാധ്യമങ്ങൾ, ക്രിപ്റ്റോ!; ടെക്നോളജി മേഖലയിൽ ഇടപെടുമോ ട്രംപ്
Mail This Article
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത് ടെക്നോളജി മേഖലയെ ഫാസ്റ്റ് ഫോര്‍വേഡ് ചെയ്യുമോ അതോ സ്ലോ മോഷനിലാക്കുമോ? നിര്‍മിത ബുദ്ധിയുടെ (എഐ) വികസിപ്പിക്കല്‍ മുതല്‍, സമൂഹ മാധ്യമങ്ങളുടെ ഭാവിയും, ക്രിപ്റ്റോകറന്‍സികളുടെമുന്നേറ്റവും വരെ ഒട്ടനവധി മേഖലകളെ നിര്‍ണ്ണായകമായി ബാധിക്കാന്‍ പോകുകയാണ് അടുത്ത നാലു വര്‍ഷത്തെ ഭരണം.
ട്രംപ് ഗവണ്മെന്റിന്റെ നയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും വിവിധ മേഖലകളില്‍ നിക്ഷേപം വീഴുക. വരാന്‍പോകുന്ന കാര്യങ്ങളുടെ കിടപ്പ് എങ്ങനെയായിരിക്കും എന്ന കാര്യത്തില്‍ ഇപ്പോള്‍ ഒരു പ്രവചനം നടത്തിയിരിക്കുന്നത് ദി ന്യൂ യോര്‍ക് ടൈംസ് ആണ്. ട്രംപിന്റെ ആദ്യ ടേമില്‍ ടെക്നോളജിമേഖലയ്ക്ക് കാര്യങ്ങള്‍ അപ്രവചനീയമായിരുന്നു. അത്തരം താറുമാറാക്കപ്പെട്ട അവസ്ഥ തന്നെ ആയിരിക്കുമോ ഇനിയുള്ള നാലു വര്‍ഷവും പ്രതീക്ഷിക്കാനാകുക?
മസ്ക് ഘടകം
ടെസ്ല മേധാവി ഇലോണ്‍ മസ്ക് തുടക്കത്തിലെങ്കിലും ട്രംപിന്റെ രണ്ടാം ടേമില്‍ നിര്‍ണ്ണായക ഘടകമായിരിക്കും. മസ്കിന്റെ രീതികളെ ശക്തമായി എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമുണ്ട്. എന്തായാലും, മറ്റാരേക്കാളുമേറെ ട്രംപിനെ വൈറ്റ് ഹൗസിലെത്തിക്കാന്‍ യത്നിച്ചയാളാണ് മസ്ക്എന്ന കാര്യത്തില്‍ ഇപ്പോഴാര്‍ക്കും തര്‍ക്കമില്ല. ട്രംപിനായി ഏറ്റവുമധികം പണമെറിഞ്ഞ വ്യക്തി എന്നതിനു പുറമെ, തന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ മാധ്യമമായ എക്സ്.കോം ട്രംപിന്റെ കോളാമ്പി മൈക്കായി മാറ്റുകയും ചെയ്തു മസ്ക്.
ഇതിനു മുമ്പ് ആഗോള ടെക്നോളജിയുടെ സിരാകേന്ദ്രമായ സിലിക്കന്‍ വാലിയിലെ ബിസിനസുകാരിലാരും, ഇത്ര ഏകപക്ഷീയമായി ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്തിക്കായി തുറന്ന പിന്തുണയുമായി എത്തിയിയിട്ടില്ല. അതിനാല്‍ തന്നെ ട്രംപിന്റെ രണ്ടാം ടേം മറ്റാരെക്കാളുമെറെ മസ്കിന് അനുകൂലമായിരിക്കുകയുംചെയ്യും. മസ്ക് അമേരിക്ക കണ്ടിരിക്കുന്നതിലേക്കും വച്ച് ഏറ്റവും വലിയ ബിസിനസുകാരനായി മാറും അതായത്, ഇപ്പോള്‍ തന്നെ അങ്ങനെ അല്ലെങ്കില്‍.
മസ്കിന് ട്രംപ് ഭരണകൂടത്തില്‍ എന്തെങ്കിലും ഔദ്യോഗിക സ്ഥാനം ലഭിച്ചാല്‍ അത് അസൂയാവഹമായ ഒരു നേട്ടമായിരിക്കും. തന്റെ കമ്പനികള്‍ക്കെതിരെ ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടായേക്കാവുന്ന നീക്കങ്ങളുടെ മുനയൊക്കെ ഒടിച്ചു വിടാനും അദ്ദേഹത്തിന് അതോടെ സാധ്യമാകും. ഇനി ആരെങ്കിലുംതനിക്കെതരെ വന്നാല്‍ ആയാളെ പിരിച്ചുവിട്ട് ശല്ല്യം ഒഴിവാക്കാനും അദ്ദേഹത്തിന് സാധിക്കും.
ഗവണ്മെന്റിന്റെ ചിലവു ചുരുക്കല്‍, അല്ലെങ്കില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍ വിഭാഗത്തിലായിരിക്കാം മസ്കിനെ കുടിയിരുത്തുക എന്നൊരു ശ്രുതിയുണ്ട്. അങ്ങനെയാണെങ്കില്‍ മസ്ക് ട്വിറ്ററില്‍ നടത്തിയതു പോലെയുള്ള ശുദ്ധികലശം നേരിടാന്‍ ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ തയാറെടുക്കുന്നതുംനല്ലതായിരിക്കും. തന്നെ അനുകൂലിക്കാത്ത നല്ലൊരു ശതമാനം ഗവണ്മെന്റ് ജീവനക്കാരെയും മസ്ക് പറഞ്ഞു വീട്ടില്‍ വിട്ടേക്കാം. ട്രംപ് ഭരണകൂടത്തില്‍ കൈയ്യാളാന്‍ പോകുന്ന അധികാരം കണക്കിലെടുത്താല്‍ ട്വിറ്റര്‍ ഏറ്റെടുക്കാനായി മസ്ക് ചിലവിട്ട 44 ബില്ല്യന്‍ ഡോളറൊക്കെ വെറും ചീളു തുകയായി തോന്നുന്നത് സ്വാഭാവികം.
ട്രംപിന് സ്തുതി പാടാന്‍ വേറെ മേധാവി മാരും എത്തും
മസ്കിനു പിന്നാലെ പല സിലിക്കന്‍ വാലി കമ്പനി മേധാവികളും ട്രംപ് ക്യാമ്പിലേക്ക് എത്തിയേക്കും. ആദ്യ ടേമില്‍ സംഭവിച്ച കാര്യങ്ങള്‍ കൂടെ പരിഗണിച്ചായിരിക്കും ഇത്തവണത്തെ നീക്കങ്ങള്‍. ഉദാഹരണത്തിന്, പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട് ആമസോണിന് ലഭിക്കേണ്ടിയിരുന്ന 10 ബില്ല്യന്‍ ഡോളറിന്റെ കരാര്‍ നഷ്ടമായത് കമ്പനി മേധാവി ജെഫ് ബേസോസിനോട് ട്രംപിന് തോന്നിയ നീരസം കൊണ്ടാണെന്ന് വിലയിരുത്തപ്പെടുന്നു. അങ്ങനെയൊന്നും സംഭവിക്കാതിരിക്കാനുള്ള മുന്കരുതലുകള്ഇനി മേധാവികള്‍ സ്വീകരിച്ചേക്കും. കഴിഞ്ഞ ടേമില്‍ ട്രംപിനെ വിമര്‍ശിച്ച ബേസോസ്, ഇത്തവണ എക്സ് പ്ലാറ്റ്ഫോമില്‍ ട്രംപിന് അനുമോദന സന്ദേശമൊക്കെ പോസ്റ്റ് ചെയ്താണ് തുടങ്ങിയിരിക്കുന്നതു തന്നെ.
മെറ്റാ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനെ പിടിച്ച് ജയിലിലിടും എന്ന് ട്രംപ് ആദ്യ ടേമില്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്തായാലും, തിരഞ്ഞെടുപ്പിനു മുമ്പു തന്നെ സക്കര്‍ബര്‍ഗ് ഒരു ട്രംപ് അനുകൂല നിലപാടൊക്കെ പ്രദര്‍ശിപ്പിച്ചാണ് നിന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.
ഇതൊക്കെയാണെങ്കിലും ചില ടെക്നോളജി മേധാവികള്‍ ട്രംപിനെതിരെ നിശബ്ദ പ്രതിഷേധമൊക്കെ നടത്തിയേക്കും. ചലര്‍ പരസ്യമായും ട്രംപിനെതിരെ നിലപാട് സ്വീകരിച്ചേക്കും. പക്ഷെ, ട്രംപിന്റെ പ്രചാരണത്തിനിടയില്‍ കണ്ട കാര്യങ്ങള്‍ കണക്കിലെടുത്താല്‍ ഒരു കാര്യം വ്യക്തമാണ്-മിക്ക ടെക്കമ്പനി മേധാവികളും ട്രംപിന്റെ രണ്ടാം വരവ് നിശബ്ദമായി അങ്ങ് സഹിക്കാനാണ് സാധ്യത.
ക്രിപ്റ്റോ മേഖല-മൂല്യം വാനോളം ഉയരുമോ?
ക്രിപ്റ്റോകറന്‍സിയെക്കുറിച്ച് ട്രംപ് വലിയ ഉത്സാഹമൊന്നും കാണിക്കാത്ത ആളായിരുന്നു ട്രംപ്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അദ്ദേഹം ഒരു ക്രിപ്റ്റോ വ്യവസായത്തിന്റെ സപ്പോര്‍ട്ടറായി മാറിക്കഴിഞ്ഞു. ഈ മേഖലയില്‍ പല കാര്യങ്ങള്‍ക്കും തന്റെ പിന്തുണയുണ്ടാകും എന്നുംട്രംപ് അറിയിച്ചിട്ടുണ്ട്. രണ്ടാം ട്രംപ് ടേമില്‍ ക്രിപ്റ്റോ മേഖലയ്ക്ക് പ്രതീക്ഷിക്കുന്നതെല്ലാം ലഭിക്കുമെന്നു തന്നെയാണ് പ്രവചനം. ബൈഡന് ഭരണകൂടത്തില്‍ ക്രിപ്റ്റോ കമ്പനികള്‍ക്കെതിരെ എടുത്തിരിക്കുന്ന നിയമനടപടികള്‍ പോലും വേണ്ടന്നു വച്ചേക്കാം. ഇതിനാല്‍ തന്നെ ക്രിപ്റ്റോ നാണയ വ്യവസ്ഥയുടെമൂല്ല്യം വാനോളം ഉയര്‍ന്നേക്കാം.
ആന്റിട്രസ്റ്റ് നീക്കങ്ങള്‍ അവസാനിച്ചേക്കും
പ്രമുഖ ടെക്നോളജി കമ്പനികള്‍ക്കെതിരെ ഇപ്പോള്‍ നടക്കുന്ന ആന്റിട്രസ്റ്റ് നീക്കങ്ങള്‍ ട്രംപ് അവസാനിപ്പിച്ചേക്കും. മെറ്റാ എന്ന ഒറ്റ കമ്പനിയെ പൊളിച്ച് ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ് എന്നിങ്ങനെ മൂന്ന് കമ്പനികളാക്കാനുള്ള നീക്കമടക്കം നിലച്ചേക്കും. ആമസോണ്ആപ്പിള് തുടങ്ങിയ കമ്പനികള്‍ക്കും ശ്വാസമെടുക്കാന്‍ സാധിച്ചേക്കും. ഈ നീക്കത്തിനു ചുക്കാന്‍ പിടിച്ചിരുന്ന ലീനാ ഖാനെ നീക്കംചെയ്യുമെന്ന് മസ്ക് പ്രഖ്യാപിച്ചു കഴിഞ്ഞു. ട്രംപ് സപ്പോര്‍ട്ടറായ ജെഡി വാന്‍സ് തുടങ്ങി പലരും ഗൂഗിളിന് കൂച്ചുവിലങ്ങിടണം എന്ന് ആവശ്യപ്പെടുന്നവരാണ്. കമ്പനിക്ക് അടുത്ത നാലു വര്‍ഷം നിര്‍ണ്ണായകമായിരിക്കും.
ടിക്ടോക് രക്ഷപെട്ടേക്ക
ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ടിക്ടോകിനെതിരെയുളള നീക്കങ്ങള്‍ ട്രംപിന്റെ ആദ്യ ടേമില്‍ ആരംഭിച്ചതാണ്. ബൈഡന്റെ കാലാവധി അവസാനിക്കുന്ന കാലത്ത് ടിക്ടോക് അമേരിക്കിയില്‍ നിന്നു പെട്ടീംകിടക്കേം എടുത്തു പോകേണ്ടി വന്നേക്കുമെന്നായിരുന്നുസ്ഥിതി.
കമ്പനിയുടെ നിരോധനം പ്രഖ്യാപിച്ചുകൊണ്ടുള്ള നിയമം അമേരിക്കന്‍ കോണ്‍ഗ്രസില്‍ പാസായി നിയമം പോലുമായി. എന്നാല്‍, ഈ വര്‍ഷം ട്രംപ് ഇക്കാര്യത്തില്‍ തന്റെ മനസുമാറ്റിയിരുന്നു. എന്നാല്‍, ട്രംപിന് നിയമം റദ്ദാക്കാനാവില്ല. പക്ഷെ, അത് നടപ്പാക്കാതിരിക്കാന്‍ സാധിക്കും. ടിക്ടോക്കോടതിയില് നല്‍കിയിരിക്കുന്ന കേസ് പരാജയപ്പെടാനും വഴിയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ടിക്ടോക് പോകേണ്ടി വരാം.
എഐ പുരോഗതി
മനുഷ്യരാശിയുടെ ഭാവി തന്നെ നിര്ണ്ണയിക്കാനിടയുള്ള സാങ്കേതികവിദ്യയായ പലരും കരുതുന്ന എഐയുടെ വികസിപ്പിക്കല്‍ ട്രംപിനു കീഴില്‍ നിര്‍ബാധം തുടര്‍ന്നേക്കും. എഐ വികസിപ്പിക്കല്‍ ദ്രുതഗതിയിലാക്കണം എന്ന് ആവശ്യപ്പെടുന്ന ട്രംപ് സപ്പോര്ട്ടര്മാര്ക്കിടയില് വെഞ്ചര്‍ ക്യാപ്പിറ്റലിസ്റ്റ്മാര്ക് ആന്‍ഡ്രീസന്‍ അടക്കമുള്ളവര്‍ ഉണ്ട്. മസ്കിന്റെ അത്ര ചലനമൊന്നും ഉണ്ടാക്കാത്ത കമ്പനി എക്സ്എഐ ഒരു കുതിച്ചുചാട്ടം നടത്തുമോ എന്നും കണ്ടറിയേണ്ടിയിരിക്കുന്നു.
സമൂഹ മാധ്യമങ്ങള്‍
സമൂഹ മാധ്യമങ്ങള്‍ ട്രംപിനൊപ്പം വലത്തേക്കു നീങ്ങിയേക്കും. മസ്കിന്റെ എക്സ് ഒരു അപവാദമാണെങ്കിലും, വളരെക്കാലമായി ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരാതികളിലൊന്നാണ് സോഷ്യല്‍ മീഡിയ തങ്ങള്‍ക്കെതിരെ നിലകൊള്ളുന്നു എന്നത്.
പണി പാളുന്നത് എവിടെ
ടെക്നോളജി കമ്പനികള്‍ക്ക് പണി പാളാന്‍ സാധ്യതയുള്ള മേഖല കുടിയേറ്റവും മറ്റുമാണ്. കുടിയേറ്റത്തിന് തടയിടും എന്നൊക്കെയുള്ള ട്രംപിന്റെ ശപഥങ്ങള്‍ നടപ്പാക്കപ്പെട്ടാല്‍ പുതിയ ടാലന്റ് അമേരിക്കയിലേക്ക് എത്താതിരുന്നേക്കാം.