ADVERTISEMENT

 സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ഡിജിറ്റല്‍ ട്വിന്‍ സൃഷ്ടിച്ചിരിക്കുകയാണ് വത്തിക്കാന്‍. ലോകത്തെ ഏറ്റവും പ്രശസ്തവും, ഏറ്റവുമധികം സന്ദര്‍ശിക്കപ്പെട്ടിട്ടുള്ളതുമായ കത്തീഡ്രലാണിത്. വത്തിക്കാന്‍ സിറ്റിയില്‍ സ്ഥിതിചെയ്യുന്ന 400 വര്‍ഷത്തെ പഴക്കമുള്ള ബസലിക്കയുടെ ഡിജിറ്റല്‍ ഇരട്ടയെ സൃഷ്ടിക്കാന്‍ നിര്‍മിത ബുദ്ധിയെയാണ് കൂട്ടുപിടിച്ചത്.  മൈക്രോസോഫ്റ്റ് ഐകണെമുമായി (Iconem) ചേര്‍ന്നാണ് വത്തിക്കാന്‍ ഇത് സൃഷ്ടിച്ചത്. പല പുരാതന കെട്ടിടങ്ങളുടെയും ഡിജിറ്റല്‍ ഇരട്ടകളെ സൃഷ്ടിച്ചിട്ടുള്ള കമ്പനിയാണ് ഐകണെം. 

എഐ, ഫോട്ടോഗ്രാമെറ്ററി (photogrammetry) എന്നിവ യോജിപ്പിച്ചാണ് ഈ അത്യുജ്വല സൃഷ്ടി ചെയ്‌തെടുത്തിരിക്കുന്നത്. ഡ്രോണുകള്‍, ക്യാമറകള്‍, ലെയ്‌സറുകള്‍ എന്നിവ എല്ലാം പ്രയോജനപ്പെടുത്തിയാണ് ഫോട്ടോകളും വിഡിയോകളും ഒപ്പിയെടുത്തത്. ഈ ഡേറ്റ ഏകദേശം 22 പെറ്റാബൈറ്റ് ഉണ്ടെന്നുപറയുന്നു.  ഏകദേശം 50 ലക്ഷം ഡിവിഡികളില്‍ കൊള്ളാവുന്നത്ര. നാലാഴ്ചയെടുത്തായിരുന്നു ചിത്രീകരണം. സന്ദര്‍ശകരാരും ഇല്ലാത്ത സമയത്താണ് ഫോട്ടോ അടക്കമുളള ഡേറ്റ ശേഖരിച്ചത്. ഈ ഡേറ്റ പിന്നെ എഐ അല്‍ഗോരിതങ്ങളുടെ സഹായത്തോടെ യോജിപ്പിച്ചെടുത്തു. 

Vatican City. Image Credit : Anton Aleksenko / istockphoto
Vatican City. Image Credit : Anton Aleksenko / istockphoto

സാങ്കേതികവിദ്യാപരമായി വളരെ നൂതനമായ ഒരു പദ്ധതിയാണ് നടത്തിയെടുത്തത് എന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത് പറഞ്ഞു.  വെര്‍ച്വലായി ഇത് കാണാന്‍ ശ്രമിക്കുന്നവര്‍ക്കും ബസലിക്കയുടെ സങ്കീര്‍ണ്ണമായ വിശദാംശങ്ങള്‍ അടുത്തു പരിശോധിക്കാന്‍ സാധിക്കും. ഇനി ആര്‍ക്കും വെര്‍ച്വലായി സെയന്റ് പീറ്റേസ് പള്ളി സന്ദര്‍ശിക്കാം.  3ഡി ടൂറുകളും നടത്താം. യഥാര്‍ത്ഥ ബസിലിക്കയോട് അതീവ സമാനതയുള്ളതാണ് അതിന്റെ ഡിജിറ്റല്‍ പതിപ്പ്. 

പള്ളി നേരിട്ടു സന്ദര്‍ശിക്കുന്നവര്‍ക്കു പോലും അടുത്ത പരിശോധിക്കാന്‍ സാധിക്കാത്ത ഇടങ്ങള്‍ പോലും വെര്‍ച്വല്‍ പതിപ്പില്‍ കാണാം. ഉദാഹരണത്തിന് പള്ളിയുടെ മട്ടുപ്പാവൊന്നും അടുത്തു പോയി നോക്കാന്‍ സാധ്യമല്ലല്ലോ. വത്തിക്കാന്റെ 2025ലെ ജ്യൂബിലിയുടെ ഭാഗമായുള്ള ഒരു പദ്ധതിയാണിത്. അടുത്ത വര്‍ഷം ഏകദേശം 3 കോടി ആളുകള്‍ ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ കടന്നുപോകുമെന്നാണ് കരുതപ്പെടുന്നത്.

സാധാരണ ദിവസങ്ങളില്‍ ബസിലിക്കയിലെത്തുന്ന 50,000ത്തോളം സന്ദര്‍ശകര്‍ക്കു പുറമെയാണിത്.  ഈ പദ്ധതികൊണ്ട് ബസിലിക്കയ്ക്ക് ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന കേടുപാടുകളും മറ്റും തിരിച്ചറിയാന്‍ സാധിച്ചിട്ടുമുണ്ട്.  വത്തിക്കാന്റെ പുതിയ വെബ്‌സൈറ്റിലെത്തിയാല്‍ 3ഡി ടൂര്‍ നടത്താം.

വത്തിക്കാൻ സിറ്റി (Photo:ml.eferrit.com)
വത്തിക്കാൻ സിറ്റി (Photo:ml.eferrit.com)

ഇതാണ് വെര്‍ച്വല്‍ ട്വിന്‍ നേരിട്ടു സന്ദര്‍ശിക്കേണ്ടവര്‍ക്ക് ഉപയോഗിക്കാവുന്ന ലിങ്ക്: സാമാന്യം വേഗതയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കുമ്പോള്‍ പോലും ഇത് വളരെ പതുക്കെ മാത്രമെ ലോഡ് ആകുന്നുള്ളു. ധാരാളം ഡേറ്റ ലോഡ് ആകാനുള്ളതുകൊണ്ട് ആണെന്നു തോന്നുന്നു. 'ഗൈഡഡ് ടൂറാ'ണ് കാണാന്‍ താരതമ്യേന സുഖകരം.

English Summary:

Microsoft Helps Vatican Recreate St. Peter’s Basilica Digitally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com