ഇലോൺ മസ്കിന് വീണ്ടും ‘ഇൻസൾട്ട്’; പുട്ടിന്റെ വലംകൈ മുതൽ ബ്രസീൽ പ്രഥമവനിത വരെ
Mail This Article
അങ്ങനെ ഇലോൺ മസ്ക് വീണ്ടും ‘ഇൻസൾട്ട്’ ചെയ്യപ്പെട്ടിരിക്കുകയാണ്. ഇത്തവണ ബ്രസീലിലെ പ്രഥമവനിതയായ ഷാൻഷയാണ് മസ്കിനെ ചൊറിഞ്ഞത്. സമൂഹമാധ്യമങ്ങളെപ്പറ്റി പറയുന്നതിനിടെ ഷാൻഷ മസ്കിനെ കണക്കിന് മോശം പറഞ്ഞു. ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവയുടെ ഭാര്യയാണ് ഷൻഷ.ഇതിന്റെ വിഡിയോ ‘ഇമോജിക്കൊപ്പം എക്സിൽ ഷെയർ ചെയ്ത മസ്ക്, അടുത്ത തിരഞ്ഞെടുപ്പിൽ ഡസിൽവയും കൂട്ടരും തോൽക്കുമെന്നും പറഞ്ഞു. മുൻപൊരിക്കൽ ഇലോൺ മസ്കിനെ ചെച്നിയൻ നേതാവും ഭരണാധികാരിയും വ്ലാഡിമിർ പുട്ടിന്റെ അടുത്ത അനുയായിയുമായ റംസാൻ കാദിറോവ് കളിയാക്കിയിരുന്നു.
പുട്ടിനെ ഒറ്റയ്ക്കൊറ്റയ്ക്ക് അടിപിടിയിൽ നേരിടാൻ താൽപര്യമുണ്ടെന്നും വിജയിച്ചാൽ യുക്രെയ്നിലെ യുദ്ധം അവസാനിപ്പിച്ചു പോകണമെന്നും മസ്ക് ട്വീറ്റ് ചെയ്തിരുന്നു.
തുടർന്ന് റഷ്യയിൽ നിന്നുള്ള പല പ്രമുഖർ മസ്കിനെതിരെ പ്രതിഷേധവുമായി വന്നു. ഇക്കൂട്ടത്തിലാണ് കാദിറോവും ഉൾപ്പെട്ടത്.ഇലോൺ മസ്ക് ഇപ്പോൾ മൃദുവായ ഇലോണാണെന്നും പുട്ടിനെപ്പോലുള്ള ഒരാളെ നേരിടണമെങ്കിൽ കാഠിന്യമുണ്ടാകണമെന്നും കാദിറോവ് ടെലിഗ്രാമിൽ പറഞ്ഞു. വ്ലാഡിമിർ പുട്ടിൻ ലോകനേതാവും യുഎസിനെയും പാശ്ചാത്യ രാജ്യങ്ങളെയും കിടുകിടാവിറപ്പിക്കുന്ന ഭരണാധികാരിയുമാണ്. എന്നാൽ മസ്ക് ഒരു ശതകോടീശ്വരനും ട്വിറ്റർ ഉപയോക്താവും മാത്രമാണ്. മസ്കിനെ എതിരിടുക എന്നത് പുട്ടിനെ സംബന്ധിച്ച് നാണക്കേടുള്ള കാര്യമായിരിക്കുമെന്നും കാദിറോവ് പറയുന്നു.
ഇലോൺ മസ്കിന് സ്വയം കാഠിന്യമുള്ളയാളാകാനായി ചെച്നിയയിലേക്കു വരാമെന്നും കാദിറോവ് ടെലിഗ്രാം പോസ്റ്റിൽ പറഞ്ഞു. ഇവിടെയുള്ള റഷ്യൻ സ്പെഷൽ ഫോഴ്സ് യൂണിവേഴ്സിറ്റിയിൽ വേണമെങ്കിൽ പരിശീലനം തേടാം. അല്ലെങ്കിൽ അഖ്മത് ഫൈറ്റ് ക്ലബിൽ അംഗത്വം എടുക്കാം. ഇപ്പോൾ ഇലോണയായ താങ്കൾക്ക് ഇലോൺ എന്ന പേരിൽ തിരികെ പോകാമെന്നും കാദിറോവ് പറയുന്നു.ഇതിനു മറുപടിയായി തന്റെ പേര് ഇലോണയെന്നു മാറ്റിയ മസ്ക്, ചെച്നിയയിലേക്കു പരിശീലനത്തിനു വരാൻ തനിക്കു താൽപര്യമില്ലെന്ന് അറിയിച്ചു.
പുട്ടിനെ വീണ്ടും വെല്ലുവിളിച്ച മസ്ക്, വേണമെങ്കിൽ അദ്ദേഹവുമായുള്ള അടിപിടിയിൽ താൻ ഒറ്റക്കൈ മാത്രം ഉപയോഗിക്കാനും തയാറാണെന്ന് അറിയിച്ചു. റഷ്യയിലെ കോക്കാസസ് മേഖലയിൽ സ്ഥിതി ചെയ്യുന്ന റിപ്പബ്ലിക്കാണു ചെച്നിയ. ഇന്ന് റഷ്യയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നായ ഗ്രോസ്നിയാണു ചെച്നിയയുടെ തലസ്ഥാനം. പുട്ടിൻ ഭരണത്തിനു മുൻപ് ചെച്നിയൻ വിഘടനവാദം ശക്തമായിരുന്നു. യുഎസ്എസ്ആറിന്റെ തകർച്ചയോടെയാണ് ഇതു വളർച്ച പ്രാപിച്ചത്.