മുസോളിനിക്ക് നേർക്ക് വെടിവച്ച വനിത: മൂക്കിൻതുമ്പിലുരസി വെടിയുണ്ട, രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്!
Mail This Article
രണ്ടാംലോകയുദ്ധം മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും നശീകരണസ്വഭാവമുള്ള യുദ്ധങ്ങളിലൊന്നായിരുന്നു. ഇതിലെ ഒരു പ്രധാന വ്യക്തിത്വമായിരുന്നു ഇറ്റലിയിലെ കുപ്രസിദ്ധ ഏകാധിപതി ബെനിറ്റോ മുസോളിനി. ഫാഷിസത്തിന്റെ പിതാവെന്നറിയപ്പെടുന്ന മുസോളിനി ഹിറ്റ്ലറിന്റെ അടുത്ത കൂട്ടാളിയും സഖ്യകക്ഷിയുമായിരുന്നു.മുസോളിനിക്കു നേരെ അനേകം വധശ്രമങ്ങളുണ്ടായിട്ടുണ്ട്. അതിൽ പ്രശസ്തമായ ഒന്ന് നടത്തിയത് ഒരു വനിതയായിരുന്നു.ആ വനിതയായിരുന്നു വയലറ്റ് ഗിബ്സൺ, ഇറ്റാലിയൻ ഏകാധിപതി മുസോളിനിക്കെതിരെ വധശ്രമം നടത്തിയിട്ടുള്ളവരിലെ ഏക വനിത.മുസോളിനിയെ പരുക്കേൽപിക്കാൻ അവർക്കു മാത്രമേ കഴിഞ്ഞിട്ടുള്ളൂ.
1926 ഏപ്രിൽ 7ന് റോമിൽ നടന്ന ഒരു കൂട്ടായ്മയിൽ പ്രസംഗിച്ച ശേഷം ജനങ്ങളെ അഭിവാദ്യം ചെയ്തു കൊണ്ട് പിയാസ ഡെൽ ക്യാംപിഡോഗ്‌ലിയോ ചത്വരത്തിലൂടെ നടക്കുകയായിരുന്നു മുസോളിനി. അന്ന് അൻപതു വയസ്സുള്ള വയലറ്റ് തന്റെ വസ്ത്രത്തിൽ മറച്ചുപിടിച്ചിരുന്ന കൈത്തോക്ക് ഇതിനിടയിൽ കൈയിലെടുത്തു.മുസോളിനിയുടെ നേർക്ക് ഉന്നം പിടിച്ച് അവർ ആദ്യ വെടിവച്ചു.
മൂക്കിൻതുമ്പിലുരസി വെടിയുണ്ട
മുസോളിനിയുടെ ഭാഗ്യം, ആ നിമിഷത്തിൽ ബാൻഡ് ഗീതം നയിക്കുന്ന കുട്ടികളെ നോക്കാനായി അദ്ദേഹം തലയൊന്നു വെട്ടിച്ചു. വനിത തോക്കിൽ നിന്നുതിർത്ത വെടിയുണ്ട, ഏകാധിപതിയുടെ മൂക്കിൻതുമ്പിലുരസി ഒരു മുറിവ് തീർത്തു എങ്ങോട്ടോ പോയി. ഭയവിഹ്വലനായ അദ്ദേഹം നിലത്തേക്കു വീണു. രണ്ടാമതും ആ വനിത മുസോളിനിയുടെ നേർക്കു വെടിയുതിർത്തെങ്കിലും അതും ലക്ഷ്യം തെറ്റി. അപ്പോഴേക്കും ആളുകൾ അവരെ കീഴടക്കി നിലത്തേക്കിട്ടു.
1876 ൽ അയർലൻഡിലെ സമ്പന്നമായ ആഷ്ബോൺ പ്രഭുകുടുംബത്തിലാണു വയലറ്റിന്റെ ജനനം. യൗവനകാലത്ത് ബ്രിട്ടനിലെ വിക്ടോറിയാ മഹാറാണിയുടെ സഭയിൽ ഉദ്യോഗസ്ഥയായിരുന്നു വയലറ്റ്. ഐറിഷ് തലസ്ഥാനം ഡബ്ലിനിലും, ഇംഗ്ലണ്ടിലെ ലണ്ടനിലുമായിട്ടായിരുന്നു വയലറ്റിന്റെ ജീവിതം. ഇതിനിടയിൽ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ വയലറ്റ് അനുഭവിച്ചിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്.
ഹിസ്റ്റീരിയ എന്ന രോഗാവസ്ഥായാണ് അവരെ വേട്ടയാടിയതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പറയുന്നു. പിൽക്കാലത്ത് പാരിസിൽ യുദ്ധവിരുദ്ധ പ്രവർത്തനങ്ങൾക്കായി എത്തിയ വയലറ്റ് അക്കാലത്ത് ഇറ്റലിയിൽ ഉയർന്നു വന്ന ഫാസിസ്റ്റ് പ്രസ്ഥാനത്തെയും അതിന്റെ നായകനായ ബെനിറ്റോ മുസോളിനിയെയും കഠിനമായി വെറുത്തിരുന്നു. ഈ എതിർപ്പാണ് മുസോളിനിയുടെ കൊലപാതകശ്രമത്തിലേക്ക് വയലറ്റിനെ എത്തിച്ചത്.
‘ദ വുമൺ ഹൂ ഷോട്ട് മുസോളിനി’
വയലറ്റ് ഗിബ്സണെ താമസിയാതെ ഇംഗ്ലണ്ടിലേക്കു തിരിച്ചയച്ചു. അവിടെ അവർ നോർത്താംപ്ടണിലുള്ള ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ടു. 2014 ൽ സ്യോഭാൻ ലൈനാം എന്ന ജേണലിസ്റ്റ് ഗിബ്സന്റെ ജീവിതത്തെ ആസ്പദമാക്കി തയാറാക്കിയ ഒരു ഡോക്യുമെന്ററിയാണ് വീണ്ടും ആ പേര് വെളിച്ചത്തു കൊണ്ടുവന്നത്. തുടർന്ന് ബ്രിട്ടിഷ് ചരിത്രകാരനായ ഫ്രാൻസസ് സ്റ്റോണോർ സോൻഡേഴ്സ് ‘ദ വുമൺ ഹൂ ഷോട്ട് മുസോളിനി’ എന്ന പേരിൽ അവരെക്കുറിച്ച് ഒരു പുസ്തകവുമെഴുതി. ഇറ്റാലിയൻ ഫാസിസ്റ്റ് പാർട്ടിയുടെ അധിപനും ഭരണാധികാരിയുമായ മുസോളിനി അന്നത്തെ വധശ്രമത്തിനുശേഷം പിന്നെയും 17 വർഷം കൂടി ജീവിച്ചു.