ADVERTISEMENT

ചന്ദ്രന്റെ ഭൂമിയിൽ നിന്നു കാണാനൊക്കാത്ത വശത്ത് ഒരുകാലത്ത് അഗ്നിപർവതങ്ങൾ പൊട്ടിത്തെറിച്ചിരുന്നെന്ന് ഗവേഷകർ കണ്ടെത്തി. ചന്ദ്രന്റെ കാണാവുന്ന വശത്ത് നിരവധി അഗ്നിപർവത സ്ഫോടനങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ വിദൂരവശമെന്നറിയപ്പെടുന്ന കാണാത്ത വശത്തെ അഗ്നിപർവത സ്ഫോടനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത് ഇതാദ്യമായാണ്. വിദൂരവശത്തിറങ്ങിയ ചൈനീസ് ദൗത്യമായ ചാങ്ഇ–6 ഭൂമിയിലേക്കെത്തിച്ച സാംപിളുകളിൽ നിന്നാണ് ഈ വിവരങ്ങൾ മനസ്സിലാക്കിയത്.

അഗ്നിപർവത വിസ്ഫോടനത്തിൽ നിന്നുള്ള കല്ലുകൾ ഈ സാംപിളുകളിൽനിന്നു കണ്ടെത്തിയിരുന്നു.280 കോടി വർഷവും 420 കോടി വർഷവും പഴക്കമുള്ളതാണ് ഇവ. പൊതുവെ ഈ മേഖലയിൽ നിന്നുള്ള വിവരങ്ങൾ വളരെക്കുറവാണ്. ചൈനയുടെ ബഹിരാകാശ ദൗത്യങ്ങൾ മാത്രമാണ് ചന്ദ്രന്റെ വിദൂരവശത്ത് ഇറങ്ങിയിട്ടുള്ളത്. ചാങ്ഇ–4 ദൗത്യമാണ് വിദൂരവശത്ത് ഇറങ്ങിയ ആദ്യ ദൗത്യം. നേച്ചർ,സയൻസ് ജേണലുകളിൽ ഗവേഷണം പ്രസിദ്ധീകരിച്ചു.

ചാങ്ഇ 6 ദൗത്യം

ടൈഡൽ ലോക്കിങ് എന്ന പ്രതിഭാസം കാരണമാണ് ചന്ദ്രന്റെ വിദൂരവശം എപ്പോഴും നമ്മോട് തിരിഞ്ഞ് ഇരിക്കുന്നത്. ഓർബിറ്റർ, ലാൻഡർ, റിട്ടേണർ, അസൻഡർ എന്നിങ്ങനെ നാലു ഭാഗങ്ങളടങ്ങിയതാണ് ചാങ്ഇ 6 ദൗത്യം.മേയ് മൂന്നിനായിരുന്നു ദൗത്യത്തിന്റെ വിക്ഷേപണം. ഇതിനു ശേഷം എർത്ത്–മൂൺ ട്രാൻസ്ഫർ, നിയർ മൂൺ ബ്രേക്കിങ്, ലൂണാർ ഓർബിറ്റിങ് എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ ദൗത്യം കടന്നുപോയി. ലാൻഡർ അസൻഡറിനോടൊപ്പം ഓർബിറ്റർ– റിട്ടേണർ സംയുക്തത്തിൽ നിന്നു വേർപെട്ടത് മേയ് 30നാണ്.

Image Credit: Canva AI
Image Credit: Canva AI

അപ്പോളോ ബേസിൻ എന്നയിടത്താണ് ഈ ദൗത്യം ഇറങ്ങിയത്. വിവിധ മാനദണ്ഡങ്ങൾ കണക്കാക്കിയാണ് ചൈനീസ് ബഹിരാകാശ ഏജൻസി ലാൻഡിങ്ങിന് ഈ സ്ഥലം തിരഞ്ഞെടുത്തത്. നമ്മൾ കാണുന്ന വശത്തേക്കാളും പരുക്കനായ ഉപരിതലമാണ് ചന്ദ്രന്റെ വിദൂരവശത്തുള്ളത്.  എന്നാൽ അപ്പോളോ ബേസിൻ ഇതിൽ നിന്നു വിഭിന്നമായി അൽപം കൂടി മൃദുലമാണ്.

ചൈനീസ് ബഹിരാകാശ ഏജൻസിയുടെ ബൃഹത്ത് പദ്ധതിയാണു മൂൺ എക്‌സ്‌പ്ലൊറേഷൻ പ്രോഗ്രാം.2007ൽ ആണ് ആദ്യ ചാന്ദ്ര ഓർബിറ്റർ ദൗത്യം ചൈന പൂർത്തീകരിച്ചത്. ചാങ്ഇ 1 എന്ന ഓർബിറ്റർ വിജയകരമായി. ഇതോടെ ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹമുള്ള അഞ്ചാമത്തെ രാജ്യമായി ചൈന മാറി. 2013ലെ ചാങ്ഇ 3 ദൗത്യത്തിലൂടെ ആദ്യ ലാൻഡറും റോവറും ചൈന ചന്ദ്രനിലെത്തിച്ചു. ചൈനീസ് ഐതിഹ്യപ്രകാരം ചാന്ദ്ര ദേവതയുടെ പേരാണു ചാങ്ഇ. ദേവതയുടെ ചന്ദ്രനിൽ ജീവിക്കുന്ന അരുമ മുയലാണ് യുടു.ചാങ്ഇ ലാൻഡറിനൊപ്പമുള്ള റോവറിനു യുടു എന്നാണു പേരു നൽകിയത്.

തുടർന്നായിരുന്നു ചാങ് ഇ 4 ദൗത്യം. പിൽക്കാലത്ത് ചന്ദ്രനിൽ നിന്നു സാംപിളുകൾ ശേഖരിക്കാനായി ചാങ് ഇ 5 ദൗത്യവും വിട്ടു. 2020ൽ ഏകദേശം 1.7 കിലോഗ്രാം ചാന്ദ്ര സാംപിളുകൾ ശേഖരിച്ച് ദൗത്യം തിരിച്ചെത്തി.ചന്ദ്രന്റെ കാണാവുന്ന വശമായ നിയർസൈഡിൽ നിന്നായിരുന്നു ഇത്.2030ൽ ചൈന ചന്ദ്രനിൽ മനുഷ്യരെ ലാൻഡ് ചെയ്യാൻ ലക്ഷ്യമിടുന്നുണ്ട്.

English Summary:

Chinese Chang'e-6 mission discovers evidence of ancient volcanic eruptions on the far side of the moon, a region never seen from Earth. This groundbreaking discovery reshapes our understanding of lunar geology.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com