തമിഴ്നാട്ടിൽ 1792 കോടി രൂപയുടെ പ്ലാന്റ് വിപുലീകരണവുമായി ഫോക്‌സ്‌കോൺ; ഇനി 20,000 പേർക്ക് കൂടി ജോലി!
Mail This Article
1,792 കോടി രൂപ മുതൽമുടക്കിൽ ശ്രീപെരുംപുത്തൂരിലെ പ്ലാന്റ് വിപുലീകരിക്കാൻ ആപ്പിൾ ഐ ഫോൺ കരാർ നിർമാതാക്കളായ ഫോക്‌സ്‌കോൺ നീക്കം തുടങ്ങി. പരിസ്ഥിതി അനുമതിക്ക് കമ്പനി അപേക്ഷ നൽകി. നിലവിൽ 3.55 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള നിർമാണ മേഖല 4.79 ലക്ഷം ചതുരശ്ര അടിയായി വികസിപ്പിക്കാനാണു നീക്കം.
പ്രീമിയം ശ്രേണിയിലുള്ള ഐഫോണുകളുടെ ഉൽപാദനം വർധിപ്പിക്കുകയാണു ലക്ഷ്യം. 2,601 കോടി രൂപ മുതൽമുടക്കിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിലൂടെ 40,000 പേർക്ക് തൊഴിൽ ലഭിച്ചിരുന്നു. വിപുലീകരണത്തിലൂടെ 20,000 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കും. ഐ പാഡ് നിർമാണം ആരംഭിക്കാനും നീക്കമുണ്ട്.
പെഗാട്രോണിന്റെ ഓഹരികൾ വാങ്ങാൻ ടാറ്റ
തായ്‌വാൻ കമ്പനിയായ പെഗാട്രോണിന്റെ ഇന്ത്യയിലെ ഏക ഐഫോൺ പ്ലാന്റിന്റെ ഭൂരിഭാഗം ഓഹരികളും ടാറ്റ ഇലക്‌ട്രോണിക്‌സ് വാങ്ങും. കരാർ പ്രകാരം, ടാറ്റ 60% ഓഹരികൾ വാങ്ങി പ്ലാന്റിന്റെ സമ്പൂർണ നിയന്ത്രണം ഏറ്റെടുക്കും. ബാക്കി ഓഹരികൾ കൈവശം വയ്ക്കുന്ന പെഗാട്രോൺ സാങ്കേതിക പിന്തുണ നൽകും. പ്ലാന്റ് ടാറ്റ ഏറ്റെടുക്കുന്നതിലൂടെ ഐഫോൺ കരാർ നിർമാതാക്കളായ ഫോക്‌സ്‌കോണിനോട് മത്സരിക്കാനാണു നീക്കം.
ഹൊസൂരിൽ പുതിയ പ്ലാന്റ് നിർമാണത്തിലാണ്. പുതിയ നീക്കത്തോടെ 10,000 ജീവനക്കാരുമായി പ്രതിവർഷം 5 ദശലക്ഷം ഐഫോണുകൾ നിർമ്മിക്കുന്ന ടാറ്റ-പെഗാട്രോൺ പ്ലാന്റ് ടാറ്റയുടെ ഇന്ത്യയിലെ മൂന്നാമത്തെ ഐഫോൺ ഫാക്ടറിയാകും. ഈ വർഷം മൊത്തം ഐഫോൺ കയറ്റുമതിയുടെ 20-25% ഇന്ത്യയിൽ നിന്നായിരിക്കുമെന്നാണു പ്രതീക്ഷ.