പ്രതിവർഷം 5 ദശലക്ഷം ഐഫോണുകൾ, 10,000 ജീവനക്കാർ; ഇനി ടാറ്റ-പെഗാട്രോൺ പ്ലാന്റ്, ചൈന പിന്നിലാകും!
Mail This Article
ചെന്നൈ ∙തയ്‌വാൻ കമ്പനിയായ പെഗാട്രോണിന്റെ ഇന്ത്യയിലെ ഏക ഐഫോൺ പ്ലാന്റിന്റെ ഭൂരിഭാഗം ഓഹരികളും ടാറ്റ ഇലക്‌ട്രോണിക്‌സ് വാങ്ങും. കരാർ പ്രകാരം, ടാറ്റ 60% ഓഹരികൾ വാങ്ങി പ്ലാന്റിന്റെ സമ്പൂർണ നിയന്ത്രണം ഏറ്റെടുക്കും. ബാക്കി ഓഹരികൾ കൈവശം വയ്ക്കുന്ന പെഗാട്രോൺ സാങ്കേതിക പിന്തുണ നൽകും. പ്ലാന്റ് ടാറ്റ ഏറ്റെടുക്കുന്നതിലൂടെ ഐഫോൺ കരാർ നിർമാതാക്കളായ ഫോക്‌സ്‌കോണിനോട് മത്സരിക്കാനാണു നീക്കം.
ഐഫോൺ നിർമാണത്തിൽ ചൈനയെ മറികടക്കാനുള്ള രാജ്യത്തിന്റെ നീക്കങ്ങൾക്കും കരാർ കരുത്തേകും. കരാറിന് അംഗീകാരം തേടി കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) അനുമതിക്ക് ഉടൻ അപേക്ഷിക്കും. കർണാടകയിൽ ടാറ്റയുടെ ഐഫോൺ അസംബ്ലിങ് പ്ലാന്റ് പ്രവർത്തിക്കുന്നുണ്ട്.
ഹൊസൂരിൽ പുതിയ പ്ലാന്റ് നിർമാണത്തിലാണ്. പുതിയ നീക്കത്തോടെ 10,000 ജീവനക്കാരുമായി പ്രതിവർഷം 5 ദശലക്ഷം ഐഫോണുകൾ നിർമ്മിക്കുന്ന ടാറ്റ-പെഗാട്രോൺ പ്ലാന്റ് ടാറ്റയുടെ ഇന്ത്യയിലെ മൂന്നാമത്തെ ഐഫോൺ ഫാക്ടറിയാകും. ഈ വർഷം മൊത്തം ഐഫോൺ കയറ്റുമതിയുടെ 20-25% ഇന്ത്യയിൽ നിന്നായിരിക്കുമെന്നാണു പ്രതീക്ഷ.
വിവാഹിതരായാലും ജോലി ലഭിക്കും
ഐഫോൺ കരാർ നിർമാതാക്കളായ ഫോക്‌സ്‌കോൺ, തൊഴിൽ പരസ്യങ്ങളിൽ നിന്ന് പ്രായം, ലിംഗം, വിവാഹിതരാണോ അല്ലയോ എന്നീ മാനദണ്ഡങ്ങൾ ഒഴിവാക്കാൻ റിക്രൂട്മെന്റ് ഏജന്റുമാർക്കു നിർദേശം നൽകി.
പരസ്യങ്ങളിൽ നിന്ന് ഫോക്‌സ്‌കോണിന്റെ പേര് ഒഴിവാക്കാനും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. പ്ലാന്റിലെ ജോലികളിൽ നിന്ന് വിവാഹിതരായ സ്ത്രീകളെ ഒഴിവാക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിന്റെ പേരിൽ പ്രതിഷേധം ഉയർന്നതോടെയാണ് പുതിയ നീക്കം.