213 കോടി രൂപ വാട്‌സാപ്പിന് പിഴയിട്ട് ഇന്ത്യ, ധിക്കാരപരമായ നിലപാടിനേറ്റ തിരിച്ചടിയോ? ഇനി കോടതിയിൽ!
Mail This Article
സന്ദേശക്കൈമാറ്റ സംവിധാനമായ വാട്‌സാപ്പിന് കനത്ത പിഴയിട്ടിരിക്കുകയാണ് കോംപറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സിസിഐ). മെറ്റ കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപ്പിലെ വിവരങ്ങളുടെ പങ്കുവയ്ക്കല്‍ രീതിക്കെതിരെ 213 കോടി രൂപയാണ് പിഴയാണ് ചുമത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ 500 ദശലക്ഷത്തിലേറെ ഉപയോക്താക്കള്‍ ഉള്ള വാട്‌സാപ് ഇനി പുതിയ സ്വകാര്യതാ നിയമങ്ങള്‍ കൊണ്ടുവരണം. മെറ്റയുടെ മറ്റ് പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്കിലേക്കും, ഇന്‍സ്റ്റഗ്രാമിലേക്കും, വാട്‌സാപ് ഉപയോക്താക്കളുടെ ഡേറ്റ കൊണ്ടുപോകണോ വേണ്ടയോ എന്ന് ഉപയോക്താവിന് പറയാവുന്ന രീതിയിലായിരിക്കും പുതിയ ക്രമീകരണങ്ങള്‍.
ഡേറ്റാ ഷെയറിങ്ങിനെക്കുറിച്ച് അക്കൗണ്ട് ഉടമയ്ക്ക് ഇടയ്ക്കിടയ്ക്ക് പരിശോധിച്ചുനോക്കാനായി പുതിയ ടാബും സെറ്റിങ്‌സില്‍ വരും. ഡേറ്റാ ഷെയറിങില്‍ ഇതോടെ കൂടുതല്‍ സുതാര്യത കൈവരുമെന്നു കരുതപ്പെടുന്നു.
പിഴ എന്തിന്?
2021ലെ വിവാദ സ്വകാര്യതാ നയം കൈകാര്യം ചെയ്ത രീതിക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇതുവഴി ഉപയോക്താക്കളോട് ഫെയ്‌സ്ബുക്കുമായി ഡേറ്റാ പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ടു. പറഞ്ഞാല്‍ കേട്ടില്ലെങ്കില്‍ വാട്‌സാപ് ഉപേക്ഷിച്ചോളൂ എന്ന രീതിയിലുള്ള ധിക്കാരപരമായ നിലപാടായിരുന്നു കമ്പനി കൈക്കൊണ്ടത്. ഇത് രാജ്യത്തെ കോംപറ്റിഷന്‍ ആക്ട് 2002ന്റെ ലംഘനമാണ് എന്നു കണ്ടെത്തിയതിനാലാണ് 213.14 കോടി രൂപ പിഴ വീണത്.
മെറ്റയുടെ അടുത്ത നടപടി
വാട്ട്‌സാപ്പ് സ്വകാര്യതാ നയത്തിൻ്റെ പേരിൽ സിസിഐ ചുമത്തിയ 213 കോടി രൂപ പിഴയ്‌ക്കെതിരെ അപ്പീൽ നൽകാൻ മെറ്റാ പദ്ധതിയിടുന്നു. അപ്‌ഡേറ്റ് ഓപ്ഷണലാണെന്നും ഉപയോക്തൃ സ്വകാര്യത ഉറപ്പാക്കിയതാണെന്നും കമ്പനി അവകാശപ്പെടുന്നു.
2021-ലെ അപ്‌ഡേറ്റ് ആളുകളുടെ സ്വകാര്യ സന്ദേശങ്ങളുടെ സ്വകാര്യതയെ മാറ്റില്ല, മാത്രമല്ല ആ സമയത്ത് ഉപയോക്താക്കൾക്കുള്ള ഒരു ചോയിസ് എന്ന നിലയിലാണ് ഇത് വാഗ്ദാനം ചെയ്തത്. ഈ അപ്‌ഡേറ്റ് കാരണം ആർക്കും അക്കൗണ്ടുകൾ ഇല്ലാതാകുകയോ വാട്ട്‌സ്ആപ്പ് സേവനത്തിൻ്റെ പ്രവർത്തനം നഷ്‌ടപ്പെടുകയോ ചെയ്യില്ലെന്ന് ഞങ്ങൾ ഉറപ്പാക്കുകയും ചെയ്തുവെന്നാണ് മെറ്റ പറയുന്നത്.