'കൺവിൻസിങ് 'സ്റ്റാറായി കുട്ടി റോബട്ട്: വീട്ടിൽ പോകാമെന്നു വിശ്വസിപ്പിച്ചത് 12 റോബട്ടുകളെ, പനിനീർ നിലാവിൻ പൂമഴ..
Mail This Article
12 വലിയ ചൈനീസ് ബോട്ടുകളെ പറഞ്ഞു വിശ്വസിപ്പിച്ചു ഷാങ്ഹായ് ഷോറൂമിൽ നിന്ന് ഒരു കുഞ്ഞൻ റോബട്ട് 'തട്ടിക്കൊണ്ടുപോയി'. ജോലി ചെയ്തതൊക്കെ ഇത്രയും മതിയെന്നും ഇനി വീട്ടിലേക്കു പോകാമെന്നും ഒരു കുഞ്ഞൻ റോബട്ട് സഹ ഭീമൻ റോബട്ടുകളെ പറഞ്ഞു വിശ്വസിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യാപകമായ ചർച്ചകൾക്കും ആശങ്കകൾക്കും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ഈ സംഭവം കാരണമായി.
എർബായ് എന്ന് പേരിട്ടിരിക്കുന്ന റോബട്ട് വലിയ റോബട്ടുകളുമായി സംഭാഷണത്തിൽ ഏർപ്പെടുന്നതാണ് ദൃശ്യങ്ങളിൽ കാണിക്കുന്നത്. പണിയൊക്കെ മതിയാക്കി വർക്ക് സ്റ്റേഷനുകൾ വിട്ട് ഷോറൂമിന് പുറത്തേക്കു വരാൻ ഈ കുട്ടി റോബട്ട് വലിയ റോബട്ടുകളെ പ്രേരിപ്പിക്കുകയായിരുന്നു. സംഭവം യഥാർത്ഥമാണെന്നും തട്ടിക്കൊണ്ടുപോകൽ നടന്നതാണെന്നും ഹാങ്‌ഷോയിലെ റോബട്ട് നിർമാതാവ് സ്ഥിരീകരിച്ചു. ഒരു പരീക്ഷണമായിരുന്നത്രെ ഇത്.
ഷാങ്ഹായിലെ ഈ വർക് സ്റ്റേഷനുമായി ഇവർ ബന്ധപ്പെടുകയും ആ റോബട്ടുകളെ തട്ടിക്കൊണ്ടുപോകാൻ അനുവദിക്കുമോ എന്ന് ചോദിക്കുകയുമായിരുന്നു. പിന്നീടാണ് കൺവിൻസിങ് സ്റ്റാർ എർബായിയെ ഇറക്കിയത്. എർബായി തുടക്കത്തിൽ വലിയ റോബോട്ടുകളിൽ ഒന്നിനോട് ചോദിച്ചു, "നിങ്ങൾ ഓവർടൈം ജോലി ചെയ്യുന്നുണ്ടോ?"
ജോലിയിൽ നിന്ന് മോചനമില്ലെന്നാണ് വലിയ റോബോട്ട് മറുപടി പറഞ്ഞത്:
എർബായ് ചോദിച്ചു: 'അപ്പോൾ നിങ്ങൾ വീട്ടിലേക്ക് പോകുന്നില്ലേ?'
'എനിക്ക് വീടില്ല': വലിയ റോബോട്ട് മറുപടി പറഞ്ഞു.
തന്നോടൊപ്പം വീട്ടിലേക്ക് വരാൻ എർബായി വലിയ രണ്ട് റോബട്ടുകളെ വിളിച്ചു. ഗോടു ഹോം എന്ന കമാൻഡ് എർബായ് ഉച്ചരിച്ചപ്പോൾ മറ്റ് പത്ത് റോബട്ടുകളും അവനെ പിന്തുടരാൻ തുടങ്ങി.ഇതിനായി ഷാങ്ഹായ് കമ്പനിയുടെ ബോട്ടുകളുടെ ഓപ്പറേറ്റിങ് പ്രോട്ടോക്കോളും അനുബന്ധ അനുമതികളും എർബായ് ആക്‌സസ് ചെയ്യുകയും ചെയ്തു. എന്തായാലും ഈ ദൃശ്യങ്ങൾ കൗതുകകരമെന്നും ആശങ്കാജനകമെന്നും അഭിപ്രായങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയ്ക്കുന്നത്.